27 ബാങ്കുകൾക്കു പകരം ഇനി ആറു ബാങ്കുകൾ
27 ബാങ്കുകൾക്കു പകരം ഇനി ആറു ബാങ്കുകൾ
Wednesday, May 25, 2016 11:54 AM IST
ന്യൂഡൽഹി: രാജ്യത്തെ 27 പൊതുമേഖലാ ബാങ്കുകളെ പരസ്പരം ലയിപ്പിച്ച് ആറോ ഏഴോ വലിയ ബാങ്കുകൾ ആക്കാൻ ആലോചന. കിട്ടാക്കട പ്രശ്നത്തിൽ നട്ടം തിരിയുന്ന ബാങ്കുകൾക്കു പുനരുജ്ജീവനം നല്കാൻ അതേ മാർഗമുള്ളൂ എന്നാണ് ഗവൺമെന്റ് കരുതുന്നത്. ജൂൺ ആറിനു ധനമന്ത്രി അരുൺ ജയ്റ്റ്ലി പൊതുമേഖലാ ബാങ്കുകളുടെ തലവന്മാരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ലയനകാര്യവും ചർച്ചയാകും.

അഞ്ചു പ്രമുഖ പൊതുമേഖലാ ബാങ്കുകൾ വലിയ നഷ്ടം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. അഞ്ചു ബാങ്കുകൾ, മാർച്ചിലവസാനിച്ച മൂന്നുമാസം 16,000 കോടിയിൽപരം രൂപയുടെ നഷ്ടമാണു വരുത്തിയത്. കിട്ടാക്കടങ്ങൾക്കും കിട്ടാക്കടങ്ങളാകാൻ സാധ്യതയുള്ള വായ്പകൾക്കും വേണ്ടി തുക വകയിരുത്തിയതാണു നഷ്ടകാരണം. വരുന്ന ത്രൈമാസങ്ങളിലും ഇങ്ങനെ വകയിരുത്തൽ വേണ്ടിവരും. അടുത്ത വർഷം മാർച്ചോടെ ബാങ്കുകളുടെ കിട്ടാക്കടഭാരം ഇല്ലാതാക്കണമെന്നാണു റിസർവ് ബാങ്കിന്റെ നിർദേശം.

സ്റ്റേറ്റ് ബാങ്കിന്റെ അഞ്ച് അസോസ്യേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കാൻ നടപടി തുടങ്ങിക്കഴിഞ്ഞു. ബാങ്കുകൾ ഇ തിനായി ഡയറക്ടർ ബോർഡ്യോ ഗങ്ങളിൽ പ്രമേയം പാസാക്കി ഗവൺമെന്റിന്റെ അനുമതിക്കയച്ചു.

മറ്റു പൊതുമേഖലാ ബാങ്കുകളിലെ ലയന നടപടി കുറേക്കുടി വ്യത്യസ്തമായിരിക്കും. 27 പൊതുമേഖലാ ബാങ്കുകളാണു സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിനു പുറമേ ഉള്ളത്. അവയെല്ലാം കൂടി 74 ലക്ഷം കോടി രൂപയുടെ ആസ്തി ഉണ്ട്. ശരാശരി 12 ലക്ഷം കോടി രൂപ ആസ്തിയുള്ള ആറു ബാങ്കുകളായി ഇവയെ പുനഃസംവിധാനം ചെയ്യാനാണ് നീക്കം.


രാജ്യത്തെ ബാങ്കുകളിൽ കിട്ടാക്കടവും പ്രശ്നകടവും ആയി ഏഴരലക്ഷം കോടി രൂപ ഉണ്ടെന്നു കണക്കാക്കുന്നു.

വൈദ്യുതി, ഖനനം, സൗരോർജം, കൽക്കരി, സ്റ്റീൽ, ടെലികോം തുടങ്ങിയ മേഖലകളിൽ നൽകിയ വായ്പകളാണു കിട്ടാൻ പറ്റാത്ത നിലയിലായത്. സർക്കാർ നയം മുതൽ ആഗോള ബിസിനസ് മാന്ദ്യം വരെ പല കാരണങ്ങളാലാണു കിട്ടാക്കടമായത്.

<ആ>നഷ്ട ബാങ്കിംഗ്

മാർച്ച് 31ന് അവസാനിച്ച മൂന്നുമാസം പ്രധാന പൊതുമേഖലാ ബാങ്കുകൾ വരുത്തിയ നഷ്ടം കിട്ടാക്കടങ്ങൾക്കു കൂടുതൽ തുക വകയിരുത്തിയതു മൂലമാണ് നഷ്ടം. 2017 മാർച്ചിനകം കിട്ടാക്കടങ്ങൾ തുടച്ചു മാറ്റണമെന്ന റിസർവ് ബാങ്ക് നിർദേശത്തെ തുടർന്നാണ് കൂടുതൽ വകയിരുത്തൽ നടത്തിയത്.

(നഷ്ടം കോടി രൂപയിൽ)

പഞ്ചാബ് നാഷണൽ ബാങ്ക് 5367.14

ബാങ്ക് ഓഫ് ഇന്ത്യ 3587.00

ബാങ്ക് ഓഫ് ബറോഡ 3230.10

സിൻഡിക്കറ്റ് ബാങ്ക് 2158.17

യൂക്കോ ബാങ്ക് 1715.16
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.