കൈത്തറി, ഖാദി മേഖലയിൽ കൂലി കൂട്ടും: മന്ത്രി ജയരാജൻ
കൈത്തറി, ഖാദി മേഖലയിൽ കൂലി കൂട്ടും: മന്ത്രി ജയരാജൻ
Saturday, May 28, 2016 11:35 AM IST
കണ്ണൂർ: കൈത്തറി, ഖാദി മേഖലകളിലെ പ്രതിസന്ധികളും പ്രശ്നങ്ങളും പരിഹരിച്ചു പുതുജീവൻ പകരാൻ നടപടികൾ സ്വീകരിക്കുമെന്നു വ്യവസായ മന്ത്രി ഇ.പി ജയരാജൻ. ഖാദി മേഖലയിലാണ് ഇന്ന് ഏറ്റവും കുറവ് കൂലി ലഭിക്കുന്ന തൊഴിലാളികളുള്ളത്. ഖാദി, കൈത്തറി തുണിത്തരങ്ങളുടെ ആഭ്യന്തര–വിദേശവിപണികളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനുള്ള പദ്ധതി ആവിഷ്കരിക്കും. കണ്ണൂർ പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സ്വകാര്യ, സഹകരണ മേഖലയിലെ കൈത്തറി ഉത്പാദനത്തിന്റെ സാധ്യതകൾ വിപുലീകരിക്കാൻ പദ്ധതി നടപ്പാക്കും. നിലവിൽ കേരളത്തിലെ പൊതു–സ്വകാര്യ മേഖലകളിലെ വ്യവസായ പുരോഗതിക്കാവശ്യമായ നടപടി സ്വീകരിക്കും. ഒരു കാലത്തു കേരളത്തിന്റെ അഭിമാനമായ കെൽട്രോൺ ഉൾപ്പെടെയുള്ള സ്‌ഥാപനങ്ങൾ ഇന്നു മറ്റു സ്‌ഥാപനങ്ങളുടെ ഉത്പന്നങ്ങൾ വിപണനം നടത്തുന്ന ഏജൻസികളായി മാറി. ദിനേശ് ബീഡി ഉൾപ്പെടെയുള്ള സ്‌ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കും. തൊഴിലാളികൾക്കു തൊഴിൽ ഉറപ്പാക്കിയുള്ള സംരക്ഷണ പദ്ധതികളായിരിക്കും നടപ്പാക്കുക. പുതിയ സംരംഭകർക്ക് അടിസ്‌ഥാന സൗകര്യം കിൻഫ്ര വഴി ഒരുക്കും.


ചുരുങ്ങിയതു 1,000 സ്റ്റാർട്ട്അപ് സംരംഭം തുടങ്ങുകയാണു സർക്കാർ ലക്ഷ്യം. പൊതുമേഖലാ സ്‌ഥാപനങ്ങളെ സ്വകാര്യ പങ്കാളിത്തത്തോടെ പ്രോത്സാഹിപ്പിക്കും. സ്വകാര്യ മേഖലയെ പൂർണമായും ഒഴിവാക്കുന്നതിനോടു സർക്കാരിനു യോജിപ്പില്ല. കേരളത്തിന്റെ വ്യവസായ വികസനത്തിനു കേന്ദ്രസഹായം പൂർണമായി സ്വീകരിക്കും.

പരിസ്‌ഥിതി സന്തുലിതാവസ്‌ഥ അപകടപ്പെടുത്താത്ത വികസനമാണു സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ, അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ കേരളത്തിനു വികസനം നഷ്‌ടപ്പെടാൻ പാടില്ല. കേരളത്തിന്റെ വളർച്ചയ്ക്കു തടസമില്ലാത്ത കുത്തക സംരംഭങ്ങൾക്കു സൗകര്യമൊരുക്കുമെന്നും ഇ.പി ജയരാജൻ വ്യക്‌തമാക്കി.

കേരളത്തെ ഇന്ത്യയുടെ കായികതലസ്‌ഥാനമാക്കി മാറ്റും. പ്രശസ്ത കായികതാരങ്ങൾ ഒരു കാലഘട്ടം കഴിയുമ്പോൾ പിന്നോട്ടുപോവുകയാണ്. ജീവിക്കാൻ മാർഗമില്ലാത്തതു കൊണ്ടാണു മറ്റു മേഖലകളിലേക്ക് അവർ തിരിയുന്നത്. കായികപ്രതിഭകൾക്ക് എല്ലാ മേഖലയിലും പരിഗണന നൽകുമെന്നും ജയരാജൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.