മികച്ച പ്രതിവാരനേട്ടവുമായി ഓഹരിവിപണി
മികച്ച പ്രതിവാരനേട്ടവുമായി ഓഹരിവിപണി
Sunday, May 29, 2016 11:20 AM IST
<ആ>ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: പുതിയ ദിശയിലേക്കു തിരിഞ്ഞ ഇന്ത്യൻ ഓഹരി സൂചിക നിക്ഷേപകരെ ആവേശം കൊള്ളിച്ച് ഈ വർഷത്തെ ഏറ്റവും ഉയർന്ന റേഞ്ചിൽ. പ്രതിരോധങ്ങളുടെ പൂട്ടു തകർത്ത് വിപണി പുതിയ ദിശകത്തെത്തിയ കാര്യം മുൻവാരത്തിൽത്തന്നെ വ്യക്‌തമാക്കിയിരുന്നു. ബോംബെ സെൻസെക്സ് 1,351 പോയിന്റും നിഫ്റ്റി 406 പോയിന്റും കുതിച്ചു. പ്രമുഖ ഇൻഡക്സുകൾ അഞ്ചു ശതമാനം ഉയർന്നു ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലാണ്.

കാലവർഷം അല്പം വൈകിയാണെങ്കിലും സജീവമായിരിക്കുമെന്ന കാലാവസ്‌ഥാ വിലയിരുത്തലുകൾ ഇന്ത്യൻ മാർക്കറ്റിൽ വൻ ആവേശം സൃഷ്ടിച്ചു. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നെടുംതൂണാണ് കൃഷി.

ആഗോള നിക്ഷേപ ബാങ്കായ മോർഗൺ സ്റ്റാൻലി ഇന്ത്യൻ മാർക്കറ്റിനെ ‘‘തുല്യ ഭാരമെന്ന’ നിലയിൽനിന്ന് ‘അമിത ഭാരമെന്ന’ നിലവാരത്തിലേക്ക് ഉയർത്തി. മോർഗൺ സ്റ്റാൻലിയുടെ വിലയിരുത്തൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ഡെറിവേറ്റീവ് മാർക്കറ്റിൽ മേയ് സീരീസ് സെറ്റിൽമെന്റിനു മുന്നോടിയായി ഓപ്പറേറ്റർമാർ പൊസിഷനുകൾ ജൂണിലേക്ക് റോൾ ഓവറിന് ഉത്സാഹിച്ചത് വിപണിയുടെ അടിയൊഴുക്കു ശക്‌തമാക്കി.

ആഭ്യന്തര വിദേശ ധനകാര്യസ്‌ഥാപനങ്ങൾ പിന്നിട്ടവാരം ബ്ലൂ ചിപ്പ് ഓഹരികളിൽ മത്സരിച്ചു. ഐടി, എഫ്എംസിജി, റിയാലിറ്റി, ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോ, സ്റ്റീൽ ഓഹരികൾ തിളങ്ങി. വിദേശ ഫണ്ടുകൾ കഴിഞ്ഞവാരം 675.13 കോടി രൂപയുടെയും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 1914.11 കോടി രൂപയും നിക്ഷേപിച്ചു. പിന്നിട്ടവാരം ബിഎസ്ഇയിൽ 13,316 കോടി രൂപയുടെയും എൻഎസ്ഇയിൽ 90,933.20 കോടി രൂപയുടെയും ഇടപാടുകൾ നടന്നു. തൊട്ട് മുൻവാരം ഇത് 15,237.67 കോടിയും 79,727.92 കോടിയുമായിരുന്നു.

ഏഷ്യൻ മാർക്കറ്റുകൾ പലതും മികവിലായിരുന്നു. നാണയപ്പെരുപ്പത്തിലുണ്ടായ ഇടിവ് ബാങ്ക് ഓഫ് ജപ്പാനെ പലിശയിൽ മാറ്റത്തിനു പ്രേരിപ്പിക്കാം. ഹോങ്കോംഗ്, ചൈന, കൊറിയൻ വിപണികൾ മികവിലാണ്. അതേസമയം യൂറോപ്യൻ മാർക്കറ്റുകൾ വാരാന്ത്യം അല്പം തളർന്നു. വരും മാസങ്ങളിലെ വായ്പാ അവലോകന യോഗങ്ങളിൽ പലിശ നിരക്കിൽ ഭേദഗതികൾക്ക് യുഎസ് ഫെഡ് റിസർവ് നീക്കം നടത്തുമെന്ന സൂചനകൾ അമേരിക്കൻ മാർക്കറ്റിനു നേട്ടമായി. ഡൗ ജോൺസ് 17,873ലും എസ് ആൻഡ് പി 2,099ലും നാസ്ഡാക് 4,933ലുമാണ്.


അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ ഏഴു മാസത്തിനിടയിലെ ഉയർന്ന നിലവാരമായ 50 ഡോളറിൽ എത്തിയത് ഓപ്പറേറ്റർമാരെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു. വാരാന്ത്യം എണ്ണ ബാരലിന് 49.55 ഡോളറിലാണ്. അമേരിക്ക പലിശ നിരക്കിൽ മാറ്റം വരുത്തുമെന്ന സൂചനകൾ സ്വർണത്തെ മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന റേഞ്ചിൽ എത്തിച്ചു. മാസാരംഭത്തിൽ ട്രോയ് ഔൺസിന് 1,300 ഡോളറിനു മുകളിൽ ഇടപാടുകൾ നടന്ന മഞ്ഞലോഹം ഇതിനകം 1,206 ഡോളർ വരെ ഇടിഞ്ഞു. പിന്നിട്ടവാരം മൂന്നര ശതമാനം വിലത്തകർച്ച സ്വർണത്തിനു നേരിട്ടു.

വെനിൻസുല അവരുടെ കരുതൽ ശേഖരത്തിലെ സ്വർണം വില്പനയ്ക്കിറക്കിയത് പല കേന്ദ്ര ബാങ്കുകളെയും ആശ്ചര്യപ്പെടുത്തി. സ്വർണം വീണ്ടും 1,000 ഡോളറിലേക്ക് അടുത്താൽ ഇന്ത്യ അടക്കം പല രാജ്യങ്ങളും നിക്ഷേപത്തിനു രംഗത്തിറങ്ങാം. നേരത്തെ ആയിരം ഡോളർ റേഞ്ചിലാണ് ആർബിഐ കരുതൽ ശേഖരം ഉയർത്തിയത്.

ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം മെച്ചപ്പെട്ടു. വാരത്തിന്റെ തുടക്കത്തിൽ 67.70ൽ നിലകൊണ്ട രൂപ പിന്നീട് 67.03ലേക്ക് ശക്‌തിപ്രാപിച്ചു. രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 66.60ലേക്ക് കയറാം.

ബോംബെ സെൻസെക്സ് 25,181ൽനിന്ന് 26,672 വരെ ഉയർന്നശേഷം ക്ലോസിംഗ് വേളയിൽ 26,653ലാണ്. ഈ വാരം 27,156ൽ ആദ്യ പ്രതിരോധമുണ്ട്. സൂചിക ഇതു മറികടന്നാൽ ലക്ഷ്യം 27,659– 28,647ലേക്കു തിരിയും. വിപണിയുടെ താങ്ങ് 25,665–24,677ലാണ്. സൂചികയുടെ മറ്റു സാങ്കേതികവശങ്ങൾ കണക്കിലെടുത്താൽ പാരാബോളിക് എസ്എആർ, എംഎസിഡി, ആർഎസ്ഐ –14, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ബുള്ളിഷാണ്. അതേസമയം, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് ഓവർ ബോട്ടും.

നിഫ്റ്റി 7,715–8,164 റേഞ്ചിൽ സഞ്ചരിച്ചു. വാരാന്ത്യം നിഫ്റ്റി 8,156ലാണ്. ഈ വാരം 8,308–8,460 ൽ പ്രതിരോധവും 7,859–7,562ൽ താങ്ങുമുണ്ട്.

വിപണിയുടെ തകർപ്പൻ പ്രകടനത്തിനിടെ മുൻനിരയിലെ പത്തു കമ്പനികളുടെ വിപണിമൂല്യത്തിൽ 98,598 കോടി രൂപയുടെ വർധന. ഐടിസി, ആർഐഎൽ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്യുഎൽ, ഇൻഫോസിസ്, സൺ ഫാർമ, ടിസിഎസ് തുടങ്ങിയവ നേട്ടത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.