ലുലു ഹൈപ്പർമാർക്കറ്റ് ഇനി ജിദ്ദയിലും
ലുലു ഹൈപ്പർമാർക്കറ്റ് ഇനി ജിദ്ദയിലും
Monday, May 30, 2016 11:32 AM IST
അമീർ ഫവാസ് (ജിദ്ദ): ലുലുഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു. ജിദ്ദ–മക്ക എക്സ്പ്രസ് പാതയിൽ അമീർ ഫവാസ് പ്രദേശത്തെ ഇവെന്റ് മാളിൽ രണ്ടുലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ലുലുവിന്റെ ജിദ്ദയിലെ ആദ്യശാഖ തുറന്നത്. ഞായറാഴ്ച മുൻ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മകൻ സഊദ് ബിൻ അബ്ദുല്ല രാജകുമാരനും ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ഉപാധ്യക്ഷൻ മാസെൻ മൊഹമ്മദ് ബാട്ടർജിയും ചേർന്ന് ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു.

ജിദ്ദയിലെ യുഎഇ കോൺസൽ ജനറൽ ആരിഫ് അലി അൽ ടബൂർ അൽ നുഐമി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുൾപ്പെടെ ഒട്ടേറെ പ്രമുഖർ സംബന്ധിച്ചു. ലുലു ഗ്രൂപ്പിന്റെ 125–ാമത്തെയും സൗദിയിലെ ഏഴാമത്തെയും ശാഖയാണിത്.

രണ്ടുവർഷത്തിനകം 18 കോടി റിയാൽ (324 കോടി രൂപ) ആണ് സൗദിയിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതെന്ന ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഇതോടെ സൗദിയിലെ ലുലുവിന്റെ നിക്ഷേപം 180 കോടി റിയാലായി വർധിക്കും. നിലവിൽ റിയാദിൽ മൂന്നും അൽകോബാർ, ജുബൈൽ, ദമാം എന്നിവിടങ്ങളിൽ ഒന്നുവീതവും ഹൈപ്പർമാർക്കറ്റുകളാണ് ലുലുവിന് സൗദിയിലുള്ളത്. ഈ വർഷംതന്നെ ജിദ്ദയിലെ ബുറൈമാനിലും ഹായിൽ, ഹഫൂഫ് എന്നിവിടങ്ങളിലും ലുലു പുതിയശാഖകൾ തുടങ്ങും. 2018നകം മക്ക, മദീന എന്നിവിടങ്ങളിലുൾപ്പെടെ എട്ട് പുതിയ ഹൈപ്പർമാർക്കറ്റുകൾകൂടി തുടങ്ങാനും പരിപാടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


ലുലുഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫലി, സി.ഇ.ഒ. സെയ്ഫീ രൂപാവാല, സി.ഒ.ഒ. വി.ഐ. സലിം, ഡയറക്ടർ മൊഹമ്മദ് അൽത്താഫ്, റീജണൽ ഡയറക്ടർ മൊഹമ്മദ് മുസ്തഫ എന്നിവരും സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.