ഇന്ത്യയിലെ സംരംഭകർക്ക് അവസരം നല്കാൻ തയാറെന്നു സത്യ നഡെല്ല
ഇന്ത്യയിലെ സംരംഭകർക്ക് അവസരം നല്കാൻ തയാറെന്നു സത്യ നഡെല്ല
Monday, May 30, 2016 11:32 AM IST
ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള സംരംഭകരും ഡെവലപ്പർമാരുമാണ് പുതുമയുള്ള കണ്ടുപിടുത്തങ്ങളുടെ പിന്നിലെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡെല്ല. ഇന്ത്യയിലും വിദേശങ്ങളിലും ഇത്തരം കണ്ടെത്തലുകൾക്ക് ഇന്ത്യക്കാർ നല്കുന്ന പങ്ക് വലുതാണ്. ഇത്തരത്തിലുള്ളവർക്ക് അവസരം നല്കാൻ കമ്പനി തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഏകദിന ഇന്ത്യൻ സന്ദർശനത്തിനായി എത്തിയതായിരുന്നു നഡെല്ല.

മൈക്രോസോഫ്റ്റ് സംഘടിപ്പിച്ച ടെക് ഫോർ ഗുഡ്, ഐഡിയാസ് ഫോർ ഇന്ത്യ എന്ന പ്രത്യേക പരിപാടിയിൽ വിദ്യാർഥികളുമായി അദ്ദേഹം സംവദിച്ചു. ഇന്ത്യയിലെ സ്റ്റുഡന്റ് ഡെവലപ്പർമാരുടെ എണ്ണം തന്നെ ആശ്ചര്യപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇന്ത്യയുടെ മുഖം മാറ്റുന്നത് ഇ–കൊമേഴ്സ് കമ്പനികൾ, വിദ്യാർഥി സംരംഭകർ, കലാകാരന്മാർ തുടങ്ങിയവരാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വ്യക്‌തിയെയും കമ്പനിയെയും കൂടുതൽ ചെയ്യാൻ കഴിവുറ്റതാക്കുകയാവണം നമ്മുടെ ലക്ഷ്യം. സാങ്കേതികവിദ്യകൾ ആഘോഷമാക്കാനുള്ളതല്ല. സാങ്കേതികവിദ്യയിൽ പാടവമുള്ളവർക്ക് അവസരം നല്കുമെന്നും അദ്ദേഹം പറഞ്ഞു.


മൈക്രോസോഫ്റ്റ് സിഇഒ ആയതിനു ശേഷം നഡെല്ലയുടെ മൂന്നാമത് ഇന്ത്യൻ സന്ദർശനമാണിത്. ഡിസംബറിൽ ഇന്ത്യ സന്ദർശിച്ച അദ്ദേഹം മുംബൈയും ഹൈദരാബാദിലെ ടി–ഹബ്ബും സന്ദർശിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കമ്യൂണിക്കേഷൻ ആൻഡ് ഐടി മന്ത്രി രവി ശങ്കർ പ്രസാദിനെയും നഡെല്ല സന്ദർശിച്ചു. ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽ മൈക്രോസോഫ്റ്റിന് എങ്ങനെ സഹകരിക്കാനാകും എന്ന് ടെലികോം മന്ത്രി രവി ശങ്കർ പ്രസാദുമായി ചർച്ച ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.