പ്രവാസികൾ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കണമോ?
പ്രവാസികൾ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കണമോ?
Sunday, June 19, 2016 11:03 AM IST
<ആ>ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)

ഇന്ത്യയിൽ ആദായനികുതി നിശ്ചയിക്കുന്നതിലെ പ്രധാനഘടകം നികുതിദായകന്റെ റെസിഡൻഷ്യൽ സ്റ്റാറ്റസ് ആണ്. നികുതിദായകൻ റസിഡന്റ് സ്റ്റാറ്റസിലുള്ള വ്യക്‌തിയാണെങ്കിൽ ലോകത്തിൽ എവിടെനിന്നു വരുമാനം ലഭിച്ചാലും അത് ഇന്ത്യയിൽ നികുതിക്കു വിധേയമാണ്. എന്നാൽ, നോൺറെസിഡന്റ് സ്റ്റാറ്റസിലുള്ള വ്യക്‌തിക്ക് ഇന്ത്യയിൽനിന്നു ലഭിക്കുന്ന വരുമാനത്തിനു മാത്രം നികുതി നൽകിയാൽ മതി. ഇന്ത്യയിൽനിന്ന് ശമ്പളമായി ലഭിച്ചാലും ഇന്ത്യയിൽ ചെയ്ത സേവനത്തിന്റെ പ്രതിഫലം ലഭിച്ചാലും ഇന്ത്യയിലെ പ്രോപ്പർട്ടികളിൽനിന്ന് വാടക ലഭിച്ചാലും മൂലധനനേട്ടമുണ്ടായാലും അത് ഇന്ത്യയിൽനിന്നുള്ള വരുമാനമായതിനാൽ നികുതിക്കു വിധേയമാണ്.

<ആ>റെസിഡൻഷ്യൽ സ്റ്റാറ്റസ്

തന്നാണ്ടിൽ ഇന്ത്യയിൽ 182 ദിവസത്തിൽ കൂടുതൽ താമസിക്കുകയോ, തൊട്ടുമുമ്പുള്ള നാലു വർഷങ്ങളിൽ മൊത്തം 365 ദിവസങ്ങളിൽ കൂടുതൽ ഇൻഡ്യയിൽ താമസിക്കുകയും തന്നാണ്ടിൽ 60 ദിവസങ്ങളിൽ കൂടുതൽ ഇന്ത്യയിലുണ്ടാവുകയും ചെയ്താലാണ് റെസിഡന്റ് സ്റ്റാറ്റസ് ഉണ്ടാവുന്നത്. മുകളിൽ പറഞ്ഞ വ്യവസ്‌ഥ പാലിച്ചില്ലെങ്കിൽ നോൺ റെസിഡന്റ് പദവിക്കർഹനാണ്. എന്നാൽ, വിദേശത്ത് ജോലിക്കു പോകുന്നവർക്കും കപ്പലിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കും 60 ദിവസമെന്നത് 182 ദിവസമായി കണക്കാക്കാവുന്നതാണ്.

<ആ>പ്രവാസികൾ ആദായനികുതി റിട്ടേൺ നൽകണമോ?

2015–16 സാമ്പത്തികവർഷം 2.50 ലക്ഷം രൂപയിൽ കൂടുതൽ മൊത്തവരുമാനം ഇന്ത്യയിൽനിന്നു ലഭിച്ചാൽ തീർച്ചയായും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യണം. കൂടാതെ ചില നിക്ഷേപ പദ്ധതികളിൽനിന്നോ സ്വത്തുക്കളിൽനിന്നോ മൂലധനനേട്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്മേൽ പ്രവാസികൾ നികുതി അടയ്ക്കേണ്ടതായിട്ടുണ്ട്. എന്നാൽ, മുകളിൽ പറഞ്ഞ മൂലധനനേട്ടത്തിനും മറ്റും സ്രോതസിൽനിന്നു നികുതി പിടിച്ചിട്ടുണ്ടെങ്കിലും മറ്റ് വരുമാനങ്ങൾ ഒന്നും ഇന്ത്യയിൽനിന്ന് ഇല്ലെങ്കിലും നികുതി റിട്ടേൺ ഫയൽചെയ്യണമെന്ന് നിർബന്ധമില്ല. എന്നാൽ, നികുതി ദായകൻ ആദായനികുതി റീഫണ്ടിന് അർഹനാണെങ്കിൽ റിട്ടേൺഫയൽചെയ്താൽ മാത്രമെ, റീഫണ്ട് ലഭിക്കൂ.

<ആ>പ്രവാസികൾ മുൻകൂർ നികുതി അടയ്ക്കണമോ?

പ്രവാസികൾക്കായി മാത്രം മുൻകൂർ നികുതിയിൽ പ്രത്യേക പരിഗണന ഇല്ല. സാധാരണഗതിയിൽ 10000/–രൂപയിൽ കൂടുതൽ നികുതി ബാധ്യതയുണ്ടെങ്കിൽ മുൻകൂർനികുതി അടയ്ക്കാൻ ബാധ്യതയുണ്ട്. ഇത് പ്രവാസികൾക്കും ബാധകമാണ്.

<ആ>ആദായനികുതി റിട്ടേൺ സമർപ്പണത്തിനുള്ള തീയതി

2015–16 സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പണത്തിനുള്ള അവസാന തീയതി 31/07/2016 ആണ്.

<ആ>പ്രവാസികൾക്ക് നികുതി ഒഴിവുള്ള വരുമാനങ്ങൾ

എൻആർഇ അക്കൗണ്ടിൽനിന്നും എഫ്സിഎൻആർ അക്കൗണ്ടുകളിൽനിന്നും ലഭിക്കുന്ന പലിശകൾ, ഷെയറുകൾ വിൽക്കുമ്പോൾ ഉണ്ടാവുന്ന ദീർഘകാല മൂലധന നേട്ടങ്ങൾ (സ്റ്റോക്ക്എക്സ്ചേഞ്ച് വഴി നടത്തിയ വ്യാപാരങ്ങൾക്ക് എസ്ടിടി അടച്ചിട്ടുണ്ടെങ്കിൽ മാത്രം) മ്യൂച്വൽ ഫണ്ടുകളിൽനിന്നും ഷെയറുകളിൽനിന്നും ലഭിക്കുന്ന ഡിവിഡൻഡുകൾ എന്നിവ പൂർണമായും നികുതിയിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. കൂടാതെ കെട്ടിടവാടക ലഭിക്കുന്നുണ്ടെങ്കിൽ അതിൽനിന്നു പ്രോപ്പർട്ടിടാക്സും 30 ശതമാനം കിഴിവും സാധാരണ എല്ലാവർക്കും ലഭിക്കുന്നതുപോലെതന്നെ പ്രവാസികൾക്കും ലഭിക്കും. കെട്ടിടത്തിൻമേൽ ധനകാര്യസ്‌ഥാപനങ്ങളിൽ കടം ഉണ്ടെങ്കിൽ, പലിശയ്ക്കും ഒഴിവുലഭിക്കും.

കൂടാതെ ഇൻഷ്വറൻസിൽ അടയ്ക്കുന്ന നിക്ഷേപങ്ങൾ, കുട്ടികളുടെ ട്യൂഷൻഫീസുകൾ, ഹൗസിംഗ് ലോണിലേക്കുള്ള തിരിച്ചടവ് മുതലായവയ്ക്ക് 1,50,000/– രൂപ വരെയുള്ള കിഴിവ് ലഭിക്കുന്നതാണ്. മെഡിക്ലെയിമിലേക്ക് കുടുംബാംഗങ്ങൾക്കും മാതാപിതാക്കൾക്കുവേണ്ടിയും അടയ്ക്കുന്ന തുകയ്ക്കും പരമാവധി 55,000/– രൂപയുടെ വരെ കിഴിവുകൾക്ക് പ്രവാസികളും അർഹരാണ്. എന്നാൽ, മുതിർന്ന പൗരന്മാർക്ക് കൂടുതലായി ലഭിക്കുന്ന ഇളവുകൾ പ്രവാസികൾക്കു ലഭിക്കില്ല. കൂടാതെ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ, പബ്ലിക് പ്രോവിഡന്റ് ഫണ്ട് എന്നിവയിലുള്ള നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യം ലഭിക്കില്ല.


പ്രവാസികൾക്ക് വിദേശപണം ഉപയോഗിച്ച് കൃഷിഭൂമിയോ, തോട്ടങ്ങളോ വാങ്ങാൻ സാധിക്കുമോ?

പ്രവാസികൾക്ക് വിദേശപണം ഉപയോഗിച്ച് കൃഷിഭൂമിയോ, ഫാംഹൗസോ വാങ്ങാനോ റിയൽഎസ്റ്റേറ്റ്ബിസിനസ് നടത്താനോ അവകാശമില്ല.

<ആ>പ്രവാസികളുടെ സ്വത്തുക്കളുടെ വില്പന

മൂന്നു വർഷത്തിൽ കൂടുതൽ കൈവശം വച്ച സ്വത്തുക്കൾ വില്ക്കുമ്പോൾ ലഭിക്കുന്ന മൂലധനനേട്ടത്തിന് 20 ശതമാനം മൂലധന നികുതി അടയ്ക്കേണ്ടതുണ്ട്. എന്നാൽ നികുതി ഒഴിവാക്കാനുള്ള നിക്ഷേപപദ്ധതികൾ പ്രവാസികൾക്കും തെരഞ്ഞെടുക്കാവുന്നതാണ്.

<ആ>സ്വത്തുക്കൾ വിൽക്കുമ്പോൾ ലഭിക്കുന്ന പണം വിദേശത്തേക്ക് കൊണ്ടുപോകുന്നതിന്

സ്വത്തുക്കൾ വിൽക്കുമ്പോൾ ലഭിക്കുന്നപണം എൻആർഒ അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിക്കുക. പിന്നീട് നികുതി അടച്ച് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സർട്ടിഫിക്കേറ്റോടുകൂടി എൻആർഇ അക്കൗണ്ടിലേക്കു മാറ്റാവുന്നതാണ്. വില്പനയുടെ സമയത്ത് 20 ശതമാനം നിരക്കിൽ സ്രോതസിൽനിന്നു നികുതി പിടിക്കേണ്ടതായി വരുന്ന സാഹചര്യം ഒഴിവാക്കുവാൻ അർഹിക്കുന്ന അവസരങ്ങളിൽ, ആദായനികുതി ഓഫീസറുടെ പക്കൽനിന്നു സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാവും.

<ആ>പ്രവാസി വാങ്ങിയ സ്വത്തുക്കൾ വിൽക്കുമ്പോൾ ലഭിക്കുന്ന പണം വിദേശത്തേക്കു കൊണ്ടുപോകാമോ?

സ്വത്തുക്കൾ വാങ്ങുന്ന സമയത്ത് അംഗീകൃത ബാങ്കിംഗ്ചാനലിലൂടെ മുടക്കിയ തുകയും അതിനു ബാങ്കിൽനിന്നു പണം കടം എടുത്തിട്ടുണ്ടെങ്കിൽ ഫോറിൻ എക്സ്ചേഞ്ച് ഉപയോഗിച്ച് വീട്ടിയ കടവും ഉൾപ്പെടെയുള്ള തുക വിദേശത്തേക്ക് കൊണ്ടുപോകുന്നതിനു നിയമതടസം ഇല്ല. എന്നാൽ താമസത്തിനുവേണ്ടി നിർമിച്ചവീടുകളാണ് വിൽക്കുന്നതെങ്കിൽ രണ്ടു വീടുകൾക്ക് ലഭിച്ച പണം മാത്രമേ വിദേശത്തേക്കു കൊണ്ടുപോകാൻ നിയമം അനുവദിക്കുന്നുള്ളു.

വിദേശ ഇന്ത്യൻ പൗരന് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കൾ വിറ്റുകിട്ടുന്നപണം വിദേശത്തേക്കു കൊണ്ടുപോകുന്നതിനു മുമ്പ് ആദായനികുതി ഉദ്യോഗസ്‌ഥന്റെ പക്കൽനിന്നു നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റും ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സർട്ടിഫിക്കറ്റും ആവശ്യമാണ്. മാത്രവുമല്ല ഒരു വർഷത്തിൽ (ഏപ്രിൽ മുതൽ മാർച്ച്വരെയുള്ള കാലഘട്ടം) കൊണ്ടുപോകാൻ സാധിക്കുന്ന തുക 10 ലക്ഷം ഡോളർ ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കൂടുതൽ തുക കൊണ്ടുപോകണമെങ്കിൽ റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമാണ്.

വിദേശത്തു താമസിക്കുന്നതും ഇന്ത്യയിൽ ജനിച്ചതല്ലാത്തതുമായ ഒരു വിദേശിക്ക് ഇന്ത്യയിൽ ഭൂസ്വത്ത് സ്വന്തമാക്കണമെങ്കിൽ പാരമ്പര്യമായി ലഭിച്ചാൽ മാത്രമേ സാധിക്കുകയുള്ളു. എന്നാൽ, ഇന്ത്യയിൽ താമസിക്കുന്ന ഒരു വിദേശപൗരന് (ഒഴിവാക്കപ്പെട്ട രാജ്യങ്ങളിൽനിന്നുള്ളവർ ഒഴികെ) റിസർവ് ബാങ്കിന്റെ അനുവാദത്തോടെ (ഇന്ത്യയിൽ ദീർഘകാലം താമസിക്കുന്നതിനുള്ള ഉദ്ദേശത്തോടെ ആണെങ്കിൽ) ഭൂമി സ്വന്തമാക്കാവുന്നതാണ്.

ഫെമാനിയമം അനുസരിച്ച് പ്രവാസിയുടെ സ്വത്തുക്കൾ വിറ്റുകിട്ടുന്ന ലാഭം വിദേശത്തേക്കു നേരിട്ട് കൊണ്ടുപോകാൻ സാധിക്കില്ല. അത് പ്രവാസിയുടെ എൻആർഒ അക്കൗണ്ടിൽ അടച്ച് നികുതിക്ക് ശേഷം നിയമപ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതിനുശേഷം കൊണ്ടുപോകാവുന്നതാണ്.

വിദേശത്ത് പൗരത്വം സ്വീകരിച്ച ഇന്ത്യക്കാർക്കും ഇന്ത്യയിൽ സ്വത്തുക്കൾ സമ്പാദിക്കുന്നതിനു തടസമില്ല. എന്നാൽ, അംഗീകൃത ബാങ്കിംഗ് ചാനലിലൂടെ മാത്രമേ ഇടപാടുകൾ നടത്തുന്നതിനു സാധ്യമാവുകയുള്ളു. കൃഷിഭൂമിയുടെയും പ്ലാന്റേഷന്റെയും കാര്യത്തിൽ ഇവർക്കും ഒഴിവ് ഒന്നുമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.