കുരുമുളകു വിപണി മെച്ചപ്പെട്ടു; റബറിനു നേട്ടമുണ്ടായില്ല
കുരുമുളകു വിപണി മെച്ചപ്പെട്ടു; റബറിനു നേട്ടമുണ്ടായില്ല
Sunday, June 19, 2016 11:03 AM IST
<ആ>വിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: കുരുമുളകുവിപണി സാങ്കേതിക തിരുത്തലുകൾ പൂർത്തിയാക്കി വീണ്ടും മുന്നേറി. എട്ട് ആഴ്ചകൾക്കു ശേഷം ആഗോള റബർവിപണി കരടി വലയത്തിൽനിന്നു രക്ഷനേടി, ഇന്ത്യൻ മാർക്കറ്റ് തളർച്ചയിൽ. തെളിഞ്ഞ കാലാവസ്‌ഥ നാളികേര വിളവെടുപ്പിന് അവസരം നൽകി, തമിഴ്നാടിന്റെ കൊപ്ര സംഭരണം വെളിച്ചെണ്ണയ്ക്കു നേട്ടമായി. അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണത്തിനു തിളക്കം.

<ആ>കുരുമുളക്

കുരുമുളകു വിപണി സാങ്കേതിക തിരുത്തലുകൾ പൂർത്തിയാക്കി മികവിനു നീക്കം തുടങ്ങി. ഹൈറേഞ്ചിൽനിന്ന് ടെർമിനൽ മാർക്കറ്റിലേയ്ക്കുള്ള മുളകു നീക്കം ചുരുങ്ങിയതു കണ്ട് വാങ്ങലുകാർ വില ഉയർത്തി. ഉത്തരേന്ത്യക്കാരും കയറ്റുമതിക്കാരും കുരുമുളകിനോടു കാണിച്ച താത്പര്യം ഉത്പന്നവില ക്വിന്റലിന് 1,400 രൂപ ഉയർത്തി. ഉത്സവകാല ആവശ്യങ്ങൾക്കു വേണ്ട സുഗന്ധവ്യഞ്ജനങ്ങൾ സംഭരിക്കാനുള്ള തയാറെടുപ്പുകൾ ഉത്തരേന്ത്യക്കാർ നടത്തിയത് വിപണിയുടെ അടിയൊഴുക്ക് ശക്‌തമാക്കി. കാർഷികമേഖലകളിൽ കുരുമുളക് സ്റ്റോക്ക് നില ചുരുങ്ങുന്നത് ഓഫ് സീസണിലെ വിലക്കയറ്റത്തിനു വേഗത പകരാം. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളകു വില 69,400 രൂപയിലും ഗാർബിൾഡ് മുളക് 72,400ലുമാണ്.

വിലക്കയറ്റം മൂലം അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളകിന് ആവശ്യക്കാർ കുറഞ്ഞു. കാലാവസ്‌ഥ വ്യതിയാനം മൂലം ഇന്തോനേഷ്യൻ ചരക്ക് വരവിന് കാലതാമസം നേരിട്ടാൽ ഇതര ഉത്പാദന രാജ്യങ്ങൾക്കൊപ്പം ഇന്ത്യൻനിരക്ക് വീണ്ടും ഉയരാം.

<ആ>റബർ

രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ടോക്കോം എക്സ്ചേഞ്ചിൽ റബർ മികവ് കാഴ്ചവച്ചു. വില്പനക്കാരുടെ നിയന്ത്രണത്തിൽ എട്ട് ആഴ്ച നീങ്ങിയ ജാപ്പനീസ് മാർക്കറ്റിൽ ഓപ്പറേറ്റർമാർ ഷോട്ട് കവറിംഗ് നടത്തിയത് റബറിനെ കിലോ 150 യെന്നിനു മുകളിലെത്തിച്ചു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പ്രമുഖ വിപണികളിൽ കഴിഞ്ഞ വാരം റബർ രണ്ടു ശതമാനം മുന്നേറി. ചൈനീസ് വ്യവസായികൾ റബർ ശേഖരിക്കാൻ ഉത്സാഹിച്ചതും രാജ്യാന്തര വിപണിക്ക് നേട്ടമായി.


എന്നാൽ, വിദേശത്തെ ഉണർവ് നമ്മുടെ മാർക്കറ്റിൽ പ്രതിഫലിച്ചില്ല. സംസ്‌ഥാനത്ത് ആർഎസ്എസ് നാലാം ഗ്രേഡ് റബർ 13,200 രൂപയിൽനിന്ന് 13,000 രൂപയായി. രാജ്യത്ത് റബർ ഉത്പാദനം ഏപ്രിലിൽ രണ്ടര ശതമാനം കുറഞ്ഞ് 39,000 ടണ്ണിൽ ഒതുങ്ങി. ടാപ്പിംഗ് സീസണാണെങ്കിലും വിപണിയിലെ മാന്ദ്യം മൂലം വലിയോരു വിഭാഗം ഉത്പാദകർ റബർവെട്ടിന് ഉത്സാഹിച്ചില്ല. അഞ്ചാം ഗ്രേഡ് റബർ 12,800 രൂപയിലും ലാറ്റക്സ് 9,800 രൂപയിലുമാണ്.

<ആ>നാളികേരം

വാരാരംഭത്തിലെ തെളിഞ്ഞ കാലാവസ്‌ഥ കണ്ട് കർഷകർ നാളികേര വിളവെടുപ്പു നടത്തി. ഗ്രാമീണ മേഖലകളിൽനിന്ന് തേങ്ങ വരവ് ഉയർന്നെങ്കിലും മില്ലുകാർ വെളിച്ചെണ്ണ നീക്കം നിയന്ത്രിച്ച് നിരക്കുയർത്തി. റംസാൻ നോമ്പ് കാലമായതിനാൽ പ്രദേശിക വിപണിയിൽ വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരുണ്ട്. കൊച്ചിയിൽ എണ്ണയ്ക്ക് 200 രൂപ ഉയർന്ന് 8,000 ലും കൊപ്ര 5,470 രൂപയിലുമാണ്.

<ആ>ഏലക്ക

കയറ്റുമതിക്കാർക്കൊപ്പം ആഭ്യന്തര വ്യാപാരികളും ഏലക്ക സ്വന്തമാക്കാൻ മത്സരിച്ചു. റംസാൻ ആവശ്യങ്ങൾ മുൻനിർത്തി വിദേശ ബയറർമാരും ഏലക്കയിൽ പിടിമുറുക്കി. വിളവെടുപ്പ് നിലച്ചതിനാൽ ലേല കേന്ദ്രങ്ങളിലേക്കുള്ള ചരക്കുവരവ് ചുരുങ്ങി. മികച്ചയിനങ്ങൾ കിലോ 1,100–1,150 രൂപയിൽ നീങ്ങി.

<ആ>സ്വർണം

കേരളത്തിൽ സ്വർണവില വർധിച്ചു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 21,920 രൂപയിൽനിന്ന് 22,160ലേക്കു കയറി. ഒരു ഗ്രാമിന്റെ വില 2,770 രൂപ. ന്യൂയോർക്കിൽ എക്സ്ചേഞ്ചിൽ ഒരൗൺസ് സ്വർണം 1,278 ഡോളറിൽനിന്ന് ഒരവസരത്തിൽ 1,300 ഡോളറും കടന്ന് 1,314.80 ഡോളർ വരെ കയറിയ ശേഷം വാരാന്ത്യം 1,299 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.