സിയാലിനു റിക്കാർഡ് നേട്ടം; വരുമാനം 525 കോടി, ലാഭം 175 കോടി രൂപ
സിയാലിനു റിക്കാർഡ് നേട്ടം; വരുമാനം 525 കോടി, ലാഭം 175 കോടി രൂപ
Thursday, June 23, 2016 10:57 AM IST
തിരുവനന്തപുരം: കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡി (സിയാൽ)ന് റിക്കാർഡ് നേട്ടം. 2015–16 സാമ്പത്തിക വർഷത്തിൽ കമ്പനി 524.54 കോടി രൂപയുടെ വിറ്റുവരവും 175.22 കോടി രൂപയുടെ ലാഭവും നേടി. നികുതി കിഴിച്ചുള്ള ലാഭമാണിത്. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം നിക്ഷേപകർക്ക് 25 ശതമാനം ലാഭവിഹിതം വിതരണം ചെയ്യാൻ ശിപാർശ ചെയ്തു.

പൊതുജന പങ്കാളിത്തത്തോടെ രാജ്യത്തെ ആദ്യത്തെ വിമാനത്താവളം പണികഴിപ്പിച്ചിട്ടുള്ള സിയാൽ ലോകത്തെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം കൂടിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വിറ്റു വരവിൽ 26.71 ശതമാനവും ലാഭത്തിൽ 21.19 ശതമാനവും വളർച്ചയുണ്ട്. 36 രാജ്യങ്ങളിലായി 18,200 നിക്ഷേപകരുള്ള സിയാൽ 2003–04 സാമ്പത്തിക വർഷം മുതൽ കമ്പനി തുടർച്ചയായി ലാഭവിഹിതം നൽകിവരുന്നു. 2014–15 സാമ്പത്തിക വർഷത്തോടെ മൊത്തം 153 ശതമാനം ലാഭവിഹിതം നിക്ഷേപകർക്കു നൽകി. ഇതുവരെ മൂന്നുതവണ അവകാശ ഓഹരികൾ വിതരണം ചെയ്തു.


യോഗത്തിൽ സിയാൽ ബോർഡ് അംഗങ്ങളും മന്ത്രിമാരുമായ തോമസ് ഐസക്, മാത്യു ടി. തോമസ്, വി.എസ്. സുനിൽകുമാർ, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ഡയറക്ടർമാരായ എം.എ. യൂസഫലി, എൻ.വി. ജോർജ്, കെ. റോയ് പോൾ, എ.കെ. രമണി, സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവരും ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുത്തു.

മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ ഏഴാമതും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്‌ഥാനവുമാണ് സിയാലിനുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 77 ലക്ഷത്തിലധികം പേർ കൊച്ചിയിലൂടെ യാത്രചെയ്തു. 2023 ഓടെ 3,000 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടന്നുവരുന്നു. 2015 ഓഗസ്റ്റ് മുതൽ സമ്പൂർണമായും സൗരോർജത്താലാണ് സിയാൽ പ്രവർത്തിക്കുന്നത്. 15.5 മെഗാവാട്ടാണ് സൗരോർജ പ്ലാന്റിന്റെ നിലവിലെ സ്‌ഥാപിത ശേഷി. ഈ വർഷം അവസാനത്തോടെ ഇത് ഇരട്ടിയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.