സിമന്റിനു ബിഐഎസ് മുദ്ര: ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു
സിമന്റിനു ബിഐഎസ് മുദ്ര: ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു
Thursday, June 23, 2016 10:57 AM IST
കൊച്ചി: മലബാർ സിമന്റ്സിന്റെ ചേർത്തല പ്ലാന്റിൽ ഉത്പാദിക്കുന്ന സിമന്റിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) മുദ്ര ലഭ്യമാക്കാൻ മാനദണ്ഡങ്ങൾ പാലിച്ച് നിർമാണം തുടങ്ങണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇതുറപ്പാക്കാൻ അഡ്വ. ജേക്കബ് സെബാസ്റ്റ്യനെ സിംഗിൾ ബെഞ്ച് അഭിഭാഷക കമ്മീഷനായി നിയമിച്ചു.

ചേർത്തല പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന സിമന്റിന് ബിഐഎസ് മുദ്ര നിഷേധിച്ചതിനെതിരേ മലബാർ സിമന്റ്സ് അധികൃതർ നൽകിയ ഹർജി ജസ്റ്റീസ് പി.ബി. സുരേഷ്കുമാറാണ് പരിഗണിച്ചത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ പോർട്ട്ലാൻഡ് പൊസൊലാന സിമന്റ് നിർമിക്കാൻ സാധാരണ സിമന്റ് സാമഗ്രികൾ ഉപയോഗിക്കരുതെന്നും ബിഐഎസ് അധികൃതർ നിഷ്കർഷിക്കുന്ന വ്യവസ്‌ഥകളോടെ പൊസൊലാന സിമന്റ് ഉത്പാദിപ്പിച്ച് അംഗീകാരം നേടാൻ നടപടി വേണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.

മറൈൻ മേഖലയിലെ കെട്ടിട നിർമാണത്തിനും വൻതോതിൽ കോൺക്രീറ്റിംഗ് ആവശ്യമായി വരുന്ന നിർമാണ പ്രവർത്തനങ്ങൾക്കുമൊക്കെ ഉപയോഗിക്കുന്ന പോർട്ട്ലാൻഡ് പൊസൊലാന സിമന്റാണ് ചേർത്തലയിലെ പ്ലാന്റിൽ ഉണ്ടാക്കുന്നത്. എന്നാൽ സാധാരണ കോൺക്രീറ്റിംഗിന് ഉപയോഗിക്കുന്ന ഓൾഡ് പോർട്ട്ലാൻഡ് സിമന്റ് ഇതിന്റെ നിർമാണത്തിനായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തി ബിഐഎസ് അധികൃതർ അംഗീകാരം നിഷേധിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ബിഐഎസ് മുദ്രയില്ലാത്ത സിമന്റ് വിൽക്കാനാവാത്തതിനാൽ ചേർത്തലയിലെ പ്ലാന്റിന്റെ പ്രവർത്തനം തടസപ്പെട്ടിരുന്നു. 49.94 ടൺ പൊസൊലാന സിമന്റും ഇതുണ്ടാക്കാനായി സിമന്റ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്നു വാങ്ങിയ 527.17 ടൺ ഓൾഡ് പോർട്ട്ലാൻഡ് സിമന്റും പ്ലാന്റിലെ സംഭരണികളിൽ ശേഖരിച്ചിട്ടുണ്ടെന്നും പൊസൊലാന സിമന്റ് നിർമിക്കാൻ സാധാരണ സിമന്റ് ഉപയോഗിക്കാമെന്നും കമ്പനി അധികൃതർ വാദിച്ചു.


എന്നാൽ ഈ വാദം തള്ളിയ സിംഗിൾ ബെഞ്ച് ബിഐഎസിന്റെ വ്യവസ്‌ഥ പാലിക്കാതെ നിർമിച്ച പൊസൊലാന സിമന്റും ഇതിനായി വാങ്ങിയ ഓൾഡ് പോർട്ട്ലാൻഡ് സിമന്റും മാറ്റിവച്ച് മാനദണ്ഡങ്ങൾ പാലിച്ച് സിമന്റ് ഉത്പാദിപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. നിലവിലെ സംഭരണികൾ മുദ്രവച്ചെന്ന് ഉറപ്പാക്കി അഭിഭാഷക കമ്മീഷൻ റിപ്പോർട്ട് നൽകണമെന്നും കോടതി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.