ബ്രിട്ടനിൽ തട്ടിവീണു സാമ്പത്തികരംഗം; കമ്പോളങ്ങളെല്ലാം തകർച്ചയിൽ
ബ്രിട്ടനിൽ തട്ടിവീണു സാമ്പത്തികരംഗം; കമ്പോളങ്ങളെല്ലാം തകർച്ചയിൽ
Sunday, June 26, 2016 11:32 AM IST
<ആ>ഓഹരി അവലോകനം / സോണിയ

മുംബൈ: യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ പിൻമാറ്റം ഓഹരി–നാണയ വിനിമയ വിപണികളെ പ്രകമ്പനം കൊള്ളിച്ചു. ആഗോള സമ്പദ്ഘടന പുതിയ പ്രതിസന്ധികളിലേക്ക് നീങ്ങുമെന്ന ആശങ്കയിൽ ധനകാര്യസ്‌ഥാപനങ്ങൾ ലോകവ്യാപകമായി ഓഹരിവിപണികളിൽ വില്പനയ്ക്കു മത്സരിച്ചത് ഇന്ത്യൻ മാർക്കറ്റിനും തിരിച്ചടിയായി.

ബ്രിട്ടന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത പല യൂറോപ്യൻ രാജ്യങ്ങളും വൈകാതെ ഇതേ പാത പിൻതുടരാനിടയുണ്ട്. തൊഴിലില്ലായ്മയും സാമ്പത്തിക ഞെരുക്കവുമെല്ലാം വിരൽ ചൂണ്ടുന്നത് കുടുതൽ രാജ്യങ്ങൾ യൂറോപ്യൻ യൂണിയിൽനിന്നു വിട്ടുമാറാൻ ശ്രമം നടത്തുമെന്നാണ്. ഇത്തരം ഒരു നീക്കം യൂറോ സോണിന്റെ മാത്രമല്ല യൂറോയുടെ വിനിമയമൂല്യത്തിന്റെയും തകർച്ചയ്ക്കിടയാക്കാം. നെതർലൻഡ്, ഡെൻമാർക്ക്, സ്വീഡൻ, ഫ്രാൻസ് എന്നിവിടങ്ങളിലെ വലതുപക്ഷ കുടിയേറ്റ വിരുദ്ധ പാർട്ടികൾ തങ്ങളുടെ രാജ്യത്തും ഇത്തരത്തിൽ ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തി. അതേസമയം, ബ്രിട്ടനിൽ ഒരിക്കൽകൂടി ഹിതപരിശോധന വേണമെന്ന ആവശ്യവുമായി 30 ലക്ഷം പേർ ഒപ്പിട്ട ഹർജിയും പുറത്തുവന്നു. ഏതായാലും പ്രതിസന്ധികൾ തുടരുമെന്നത് ഫണ്ടുകളെ യൂറോ സോണിൽനിന്ന് ഏഷ്യൻ–അമേരിക്കൻ മാർക്കറ്റിലേയ്ക്കു തിരിയാൻ പ്രേരിപ്പിക്കാം.

ഡോളറിന്റെ മികവു തന്നെയാ വും യുഎസ് മാർക്കറ്റിനു നേട്ടമാവുക. നിക്ഷേപം ആകർഷിക്കാനും സാമ്പത്തിക മേഖല പുഷ്ടിപ്പെടുത്താനും അടുത്ത വായ്പാ അവലോകനത്തിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്താം. യൂറോയെ കൂടുതൽ ദുർബലമാക്കാനുള്ള അവസരമാക്കി യുഎസ് ഇതിനെ മാറ്റാനും ഇടയുണ്ട്.

ബോംബെ സെൻസെക്സും നിഫ്റ്റിയും വാരത്തിന്റെ ആദ്യ പകുതിയിൽ നേരിയ റേഞ്ചിൽ നീങ്ങിയെങ്കിലും വാരാന്ത്യം വിദേശത്തുനിന്നുള്ള പ്രതികൂല വാർത്തകളിൽ ആടി ഉലഞ്ഞു. 1,090 പോയിന്റിന്റെ തകർച്ചയെ സെൻസെക്സ് വെള്ളിയാഴ്ച ഒരു വേള അഭിമുഖീകരിച്ചു. 539.42 കോടി രൂപയുടെ ഓഹരികളാണു വിദേശ ഓപ്പറേറ്റർമാർ കഴിഞ്ഞവാരം വിറ്റുമാറിയത്.

ഡോളർ സ്വന്തമാക്കാൻ ബാങ്കുകളും ഇറക്കുമതിക്കാരും കാണിച്ച ഉത്സാഹം രൂപയുടെ മൂല്യം 68.22 വരെ ഇടിച്ചു. പ്രതിസന്ധി തരണം ചെയ്യാൻ ആർബിഐയുടെ വിപണി ഇടപെടൽ രൂപയെ 67.88ലേക്ക് മെച്ചപ്പെടുത്തിയെങ്കിലും നാലു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന ക്ലോസിംഗാണിത്. ഈ വാരം 66.20ൽ രൂപയ്ക്ക് താങ്ങുണ്ടെങ്കിലും 68.20ലെ പ്രതിരോധം ഭേദിച്ചാൽ ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 68.42 റേഞ്ചിലേക്ക് നീങ്ങാം. അവിടെനിന്ന് 69.40 വരെ തളരാൻ ഇടയുണ്ട്. പിന്നിട്ട വാരം 88 പൈസയും രണ്ടാഴ്ചക്കിടെ ഒരു രൂപ 20 പൈസയുടെ ഇടിവും രൂപയ്ക്കു നേരിട്ടു.

ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ ബ്രിട്ടീഷ് നാണയമായ പൗണ്ട് സെറ്റർലിംഗിന്റെ മൂല്യം വെള്ളിയാഴ്ച 31 വർഷത്തിനിടയിലെ ഏറ്റവും കനത്ത തകർച്ചയെ അഭിമുഖീകരിച്ചു. ബ്രിട്ടീഷ് കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തിയ ഇടപെടൽ കൂടുതൽ തകർച്ചയിൽനിന്നു പൗണ്ടിനെ കരകയറ്റി.


ആഭ്യന്തര ധനകാര്യസ്‌ഥാപനങ്ങൾ കഴിഞ്ഞവാരം 1,068.37 കോടി രൂപയുടെ നിക്ഷേപം നടത്തി. എൻഎസ്ഡിയിൽ വിദേശ ഓപ്പറേറ്റർമാർ 4,776.43 കോടി രൂപയുടെ വില്പന ജൂൺ 20–24 കാലയളവിൽ നടത്തി. വെള്ളിയാഴ്ച ഇന്ത്യൻ മാർക്കറ്റിനു നേരിട്ട തകർച്ചയിൽ മൊത്തനിക്ഷേപ ആസ്തിയിൽ 1.8 ലക്ഷം കോടി രൂപയുടെ ഇടിവ് നേരിട്ടു.

സെൻസെക്സിനു വെയിറ്റേജ് നൽകുന്ന 30 ഒഹരികളിൽ 23 എണ്ണത്തിനും തളർച്ചനേരിട്ടു. ഏഴ് ഓഹരികൾ മാത്രമാണ് പിടിച്ചുനിന്നത്. മുൻനിരയിലെ എട്ട് കമ്പനികളുടെ വിപണിമൂല്യത്തിൽ 27,427 കോടി രൂപയുടെ ഇടിവ്. ആർഐഎൽ, ടിസിഎസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, കോൾ ഇന്ത്യ, ഒഎൻജിസി, എച്ച്യുഎൽ എന്നിവയ്ക്കു തിരിച്ചടി.

വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ വ്യാഴാഴ്ച നടക്കുന്ന ജൂൺ സീരിസ് സെറ്റിൽമെന്റ് വരെ ചാഞ്ചാട്ടം തുടരാം. വിദേശ ഫണ്ടുകൾ ഈ മാസം ഇതിനകം 6,200 കോടി രൂപയുടെ വില്പന നടത്തി. ഈ വർഷത്തെ അവരുടെ മൊത്തം വില്പനയായ 11,500 കോടി രൂപയിൽ പകുതിയോളം പിൻവലിച്ചത് ജൂണിലാണ്.

ബോംബെ സെൻസെക്സ് 27,060ൽനിന്നുള്ള തകർച്ചയിൽ വെള്ളിയാഴ്ച്ച 25,911 വരെ ഇടിഞ്ഞു. മുൻവാരം സൂചിപ്പിച്ച തേഡ് സപ്പോർട്ടായ 25,851ലെ താങ്ങ് നിലനിർത്തി വാരാന്ത്യം 26,398ലാണ്. സൂചികയുടെ പ്രതിവാര നഷ്ടം 288 പോയിന്റ്. ഈ വാരം സൂചികയുടെ ആദ്യ താങ്ങുകൾ 25,906ലും 25,414ലുമാണ്. മുന്നേറാനായാൽ 26,975–27,552ൽ തടസം നേരിടാം. വിപണിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ കണക്കിലെടുത്താൽ പാരാബോളിക്ക് എസ്എആർ, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ബുള്ളിഷാണ്. ആർഎസ്ഐ –14 ന്യൂട്ടറൽ റേഞ്ചിലും എംഎസിഡി സെല്ലിംഗ് മൂഡിലുമാണ്. അതേസമയം ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് ഓവർ ബോട്ടാണ്.

നിഫ്റ്റിക്ക് 82 പോയിന്റ് ഇടിവു നേരിട്ടു. 8,285ൽനിന്നുള്ള തകർച്ചയിൽ എസ്എസ്ഇ 7,940ലെ താങ്ങും തകർത്ത് 7,927 വരെ ഇടിഞ്ഞു. വാരാന്ത്യം 8,088ൽ നിലകൊള്ളുന്ന സൂചികയ്ക്ക് ഈ വാരം 7,915–7,742ൽ സപ്പോർട്ട് പ്രതീക്ഷിക്കാം. സെറ്റിൽമെന്റ് വാരമായതിനാൽ ചാഞ്ചാട്ടത്തിൽ ഇത് നഷ്ടപ്പെട്ടാൽ സൂചിക 7,557 വരെ പരീക്ഷണം നടത്താം. എന്നാൽ, മികവിന് നീക്കം നടത്തിയാൽ 8,273–8,458ൽ പ്രതിരോധമുണ്ട്.

ഏഷ്യൻ മാർക്കറ്റുകളെല്ലാം വൻ തകർച്ചയിലാണ്. ജപ്പാനിൽ നിക്കൈ സൂചിക ഏഴ് ശതമാനം ഇടിഞ്ഞു. ചൈന, കൊറിയ, ഹോങ്കോംഗ് വിപണികൾ വിൽപ്പനക്കാരുടെ വലയിലായിരുന്നു. ബ്രിട്ടന്റെ പിൻമാറ്റം യൂറോപ്യൻ മാർക്കറ്റുകളെ അക്ഷരാർഥത്തിൽ പിടിച്ചുലച്ചു. അമേരിക്കയിൽ ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 600 പോയിന്റ് ഇടിഞ്ഞു. എസ് ആൻഡ് പി 500, നാസ്ഡാക് സൂചികകൾ നാലു ശതമാനം താഴ്ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.