ഇന്ത്യയെ പുകഴ്ത്തി ലോകബാങ്ക് മേധാവി
ഇന്ത്യയെ പുകഴ്ത്തി ലോകബാങ്ക് മേധാവി
Thursday, June 30, 2016 12:38 PM IST
ന്യൂഡൽഹി: രാജ്യത്തെ സൗരോർജപ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിന് ഇന്ത്യക്ക് ലോകബാങ്കിന്റെ ധനസഹായം. ഇതിനായി നൂറു കോടി ഡോളർ (6,600 കോടി രൂപ) ലോക ബാങ്ക് അനുവദിച്ചു. ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ജിം യോംഗ് കിം ആണ് ഇക്കാര്യം അറിയിച്ചത്. പാരമ്പര്യേതര ഊർജരംഗത്ത് ഇന്ത്യയുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. അന്താരാഷ്ട്ര സൗരോർജ സഖ്യ (ഐഎസ്എ) കരാറിൽ ഇന്ത്യയും ലോകബാങ്കും ഇന്നലെ ഒപ്പുവച്ചു. ഇതോടെ അന്താരാഷ്ട്ര തലത്തിൽ സൗരോർജ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്ന സംഘടനയിൽ ഇന്ത്യയും അംഗമായി. 2030നുള്ളിൽ 10,000 കോടി ഡോളറിന്റെ പ്രവർത്തനലക്ഷ്യമാണ് സംഘടനയ്ക്കുള്ളത്.

ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ സാന്നിധ്യത്തിലായിരുന്നു കരാറിൽ ഒപ്പുവച്ചത്. ഐഎസ്എയുടെ ഫിനാൻഷൽ പാർട്ണറാണ് ലോകബാങ്ക്. റൂഫ് ടോപ് സോളാർ പദ്ധതികൾ, സോളാർ പാർക്ക്, സോളാർ–ഹൈബ്രിഡ് ടെക്നോളജികൾ വികസിപ്പിച്ച് മാർക്കറ്റിൽ എത്തിക്കുക, സൗരോർജ കൈമാറ്റം എന്നിവയ്ക്കാണ് ഇന്ത്യക്ക് ധനസഹായം അനുവദിച്ചിരിക്കുന്നത്. ലോകബാങ്ക് സൗരോർജ പദ്ധതികൾക്കായി രാജ്യങ്ങൾക്ക് അനുവദിച്ചിട്ടുള്ള തുകകളിൽ ഏറ്റവും വലുതാണിത്.


പ്രധാനമന്ത്രിക്ക് പാരമ്പര്യേതര ഊർജമേഖലയിലുള്ള താത്പര്യമാണ് ഇത്തരത്തിൽ വലിയ ധനസഹായത്തിനു പിന്നിൽ. ഐഎസ്എയുമായുള്ള കരാറിൽ ഒപ്പുവച്ചതോടെ കാലാവസ്‌ഥാ സൗഹൃദ പദ്ധതികളിൽ ആഗോള പങ്കാളിത്തം ത്വരിതപ്പെടുത്തും.

നേരത്തേ ലോകബാങ്കിന്റെ സ്വകാര്യ ബാങ്കിംഗ് സ്‌ഥാപനമായ ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷൻ (ഐഎഫ്സി) കാറ്റ്–സൗരോർജ വൈദ്യുതി പദ്ധതികൾക്കായി ഇന്ത്യക്കു പണം നല്കിയിരുന്നു. രാജ്യത്തെ ആദ്യ സൗരോർജ ഗ്രിഡിനും പണം നല്കിയത് ഐഎഫ്സിയാണ്. മധ്യപ്രദേശ് സർക്കാരിന്റെ 750 മെഗാ വാട്ട് റീവ അൾട്രാ–മെഗാ സോളാർ പവർ പ്രോജക്ടിൽ ഐഎഫ്എസിന്റെ പിന്തുണയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.