ഭൂമി വാഗ്ദാനം ചെയ്ത് ടെസ്ലയെ കേന്ദ്രസർക്കാർ ക്ഷണിക്കുന്നു
ഭൂമി വാഗ്ദാനം ചെയ്ത് ടെസ്ലയെ കേന്ദ്രസർക്കാർ ക്ഷണിക്കുന്നു
Saturday, July 16, 2016 11:24 AM IST
ന്യൂഡൽഹി: അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ലയുടെ കലിഫോർണിയയിലുള്ള ഫാക്ടറി അമേരിക്കൻ പര്യടനത്തിനിടെ പ്രധാനമന്ത്രി സന്ദർശിച്ചിട്ട് ഒരു വർഷംപോലുമായില്ല. ഇപ്പോഴിതാ ടെസ്ലയെ കേന്ദ്രസർക്കാർ ഇന്ത്യയിലേക്കു ക്ഷണിക്കുന്നു. അതും പ്ലാന്റ് തുടങ്ങാനുള്ള ഭൂമി വാഗ്ദാനം ചെയ്ത്. വെള്ളിയാഴ്ച കമ്പനിയുടെ സാൻഫ്രാൻസിസ്കോയിലുള്ള പ്ലാന്റ് സന്ദർശിച്ച് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് കയറ്റുമതിസാധ്യതകൾ മുൻനിർത്തി പ്രധാന ഇന്ത്യൻ തുറമുഖങ്ങൾക്കു സമീപം ഭൂമി വാഗ്ദാനം ചെയ്തത്.

ഇലക്ട്രിക് കാറുകളിൽ ആഗോളഭീമനായ ടെസ്ലയുടെയും ഇന്ത്യൻ നിർമാതാക്കളുടെയും സംയുക്‌ത സഹകരണമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ മാലിന്യരഹിത ഗതാഗതം വർധിപ്പിക്കുകയാണു ലക്ഷ്യം. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ചരക്ക്–യാത്രാ വാഹനങ്ങൾ മാത്രമല്ല രാജ്യത്ത് ജൈവ ഇന്ധനം, സിഎൻജി, എഥനോൾ, വൈദ്യുതി എന്നിവയെ ആധാരമാക്കി പ്രവർത്തിക്കുന്ന വാഹനങ്ങൾ വ്യാപിപ്പിക്കുകയും അവയ്ക്ക് സർക്കാർ ഇൻസെന്റീവ് നല്കുകയും ചെയ്യുമെന്നും ഗഡ്കരി പറഞ്ഞു.

ഇന്ത്യൻ സർക്കാരിന്റെ വാഗ്ദാനം ഉചിതമായ സമയത്ത് സ്വീകരിക്കുമെന്ന് ടെസ്ല വാർത്താക്കുറിപ്പിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രിക് ട്രക്കുകൾ, ബസുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ നിർമാണകാര്യങ്ങളാണ് ഹൈവേ മന്ത്രി ആരാഞ്ഞത്. എന്നാൽ, ഇലക്ട്രിക് ട്രക്കുകളും പിക് അപ് വാനുകളും നിർമിക്കാനാണ് ടെസ്ലയുടെ തീരുമാനം. ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ത്യൻ സർക്കാർ സബ്സിഡി നല്കുമെന്നത് ടെസ്ലയെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.


കഴിഞ്ഞ വർഷത്തെ സിലിക്കൺ വാലി സന്ദർശനത്തിനിടെ ടെസ്ലയുടെ കലിഫോർണിയയിലുള്ള ഫാക്ടറി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചിരുന്നു. റോബോട്ടുകളുടെ സഹായത്തോടെ വാഹനങ്ങൾ നിർമിക്കുന്നത് മോദിക്കു ടെസ്ല സിഇഒ എലൻ മസ്ക് വിശദീകരിച്ചു നല്കിയിരുന്നു.

ഇന്ത്യയിലെ സമ്പന്നർക്കു മാത്രമാണ് ടെസ്ലയുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇലക്ട്രിക് കാർ നിർമാണത്തിനുള്ള അടിസ്‌ഥാന സൗകര്യങ്ങൾ ഇന്ത്യയിലില്ല. ടെസ്ലയുമായുള്ള സഖ്യത്തിന് ഇന്ത്യൻ വാഹനിർമാണ കമ്പനികൾ താത്പര്യമറിയിച്ചിട്ടുണ്ട്.

നിരീക്ഷകരുടെ അഭിപ്രായത്തിൽ സോളാർ പാനലുകൾക്കൊപ്പമുള്ള ടെസ്ലയുടെ ലിഥിയം അയോൺ ബാറ്ററിക്ക് ഇന്ത്യയിൽ ഏറെ സാധ്യതകളുണ്ട്. അന്താരാഷ്ട്രതലത്തിൽ ടെസ്ലയുടെ ബാറ്ററിക്ക് വൻ സ്വീകാര്യതയാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.