കമ്പോളങ്ങൾ പ്രതിവാര നേട്ടത്തിൽ; തുർക്കിയിലെ വെടിയൊച്ച നിക്ഷേപകരെ ഭയപ്പെടുത്തി
കമ്പോളങ്ങൾ പ്രതിവാര നേട്ടത്തിൽ; തുർക്കിയിലെ വെടിയൊച്ച നിക്ഷേപകരെ ഭയപ്പെടുത്തി
Sunday, July 17, 2016 11:02 AM IST
<ആ>ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: നിക്ഷേപകരെ കോരിത്തരിപ്പിച്ച് സെൻസെക്സും നിഫ്റ്റിയും കുതിച്ചു. അമേരിക്കയിൽ ഡൗ ജോൺസ് സൂചികയിൽ അലയടിച്ച ബുൾ തരംഗം ഏഷ്യൻ–യൂറോപ്യൻ മാർക്കറ്റുകൾക്കു നേട്ടമായെങ്കിലും വാരാന്ത്യം തുർക്കിയിൽനിന്ന് ഉയർന്ന വെടിയൊച്ച ഓപ്പറേറ്റർമാരെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു. ബോംബെ സെൻസെക്സ് 709 പോയിന്റും നിഫ്റ്റി 218 പോയിന്റും മുന്നേറി.

മുൻവാരം സൂചിപ്പിച്ചപോലെ കുതിപ്പോടെയാണു തിങ്കളാഴ്ച ഇടപാടുകൾക്കു തുടക്കംകുറിച്ചത്. യുഎസ് തൊഴിൽമേഖലയിലെ ഉണർവ് ചവിട്ടുപടിയാക്കി ബിഎസ്ഇ, എൻഎസ്ഇ സൂചികകൾ ഉയരങ്ങളിലേക്കു നീങ്ങി. ഇടപാടുകൾ നടന്ന അഞ്ചിൽ നാലു ദിവസവും തിളങ്ങുന്ന പ്രകടനം കാഴ്ചവച്ചു. വാരാവസാനത്തിലെ ലാഭമെടുപ്പിൽ അല്പം തളർന്നെങ്കിലും പ്രമുഖ ഇൻഡക്സുകൾ രണ്ടു ശതമാനം പ്രതിവാര നേട്ടം സ്വന്തമാക്കി. നിഫ്റ്റിയിൽ ആറു പ്രമുഖ ഓഹരികൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി.

രാജ്യത്ത് മൺസൂൺ സജീവമായതും കോർപ്പറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ റിപ്പോർട്ടുകൾക്ക് തിളക്കമേറിയതും ഓഹരി നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. സൂചികയുടെ മുന്നേറ്റത്തിനു ശക്‌തമായി പിന്തുണയുമായി ആഭ്യന്തര – വിദേശ ഫണ്ടുകൾ അണിനിരന്നത് സെൻസെക്സിനെ 28,800ലേക്കും നിഫ്റ്റിയെ 8,500ലേക്കും ഉയർത്തി. വിദേശ ഫണ്ടുകൾ കഴിഞ്ഞവാരം 3235.16 കോടി രൂപ നിക്ഷേപിച്ചു. ഫോറെക്സ് മാർക്കറ്റിൽ ഡോളറിനുമുന്നിൽ രൂപയുടെ മൂല്യം 40 പൈസ മെച്ചപ്പെട്ട് 67.45ൽനിന്ന് 67.05ലേക്കു കയറി.

സെൻസെക്സ് ഓപ്പണിംഗ് വേളയിലെ 27,358ൽനിന്ന് 28,048 വരെ കയറി. സാഹചര്യങ്ങൾ അനുകൂലമായതിനാൽ സൂചിക 28,000ലേക്ക് ഉയരുമെന്ന കാര്യം മുൻവാരം ഇതേ കോളത്തിൽ വ്യക്‌തമാക്കിയിരുന്നു. വാരാന്ത്യം 27,856ൽ നിലകൊള്ളുന്ന സെൻസെക്സിന് ഈ വാരം ആദ്യ തടസം 28,136ലാണ്. വിപണിയുടെ സാങ്കേതിക വശങ്ങൾ കണക്കിലെടുത്താൽ ആദ്യ പ്രതിരോധം മറികടന്നാൽ 28,437–28,826ലേക്കുയരാം. തളർച്ചയിലേക്കു നീങ്ങിയാൽ 27,446–27,057ൽ താങ്ങുണ്ട്. വിപണിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ പാരാബൊളിക് എസ്എആർ, എംഎസിഡി, ആർഎസ്ഐ –14 എന്നിവ ബുള്ളിഷാണ്. സ്ലോ സ്റ്റോക്കാസ്റ്റിക്കിനൊപ്പം ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്കും ഓവർ ബോട്ട് പൊസിഷനിലാണ്. ഇതു നൽകുന്ന സൂചനകൾ കണക്കിലെടുത്താൽ വാരത്തിന്റെ രണ്ടാം പകുതിയിൽ പുൾബാക്ക് റാലിക്കു സാധ്യതയുണ്ട്.


നിഫ്റ്റി ഓപ്പണിംഗ് വേളയിലെ 8,413ൽനിന്ന് 8,407ലേക്കു താഴ്ന്നശേഷമുള്ള കുതിച്ചു ചാട്ടത്തിൽ 8,595 വരെ ഉയർന്നു. മാർക്കറ്റ് ക്ലോസിംഗ് നടക്കുമ്പോൾ എൻഎസ്ഇ 8,541ലാണ്. ജൂലൈ നാലിന് ഇതേ കോളത്തിൽ വ്യക്‌തമാക്കിതാണ് 8,141ലെ സപ്പോർട്ട് കാത്ത് സൂക്ഷിക്കാനായാൽ നിഫ്റ്റിക്ക് 8,541ലേക്ക് ഉയരാനാവശ്യമായ കരുത്തു സ്വരൂപിക്കാനാവുമെന്ന കാര്യം. ഈ വാരം സൂചികയ്ക്ക് 8,621ലും 8,791ലും പ്രതിരോധം നേരിടാം. ഇതു മറികടക്കാനുള്ള ഊർജം സ്വരൂപിക്കാനായാൽ സെറ്റിൽമെൻറ്റിന് മുമ്പായിത്തന്നെ 8,808 വരെ ഉയരാം. എന്നാൽ, ആ റേഞ്ചിലേക്കു സൂചികയെ കടത്തിവിടും മുമ്പായി ശക്‌തമായ പ്രോഫിറ്റ് ബുക്കിംഗിന് ഇടയുണ്ട്. തിരുത്തലിന് അവസരം ലഭിച്ചാൽ 8,434–8,327ലേക്ക് പരീക്ഷണം നടത്താം. ഈ റേഞ്ചിൽ പിടിച്ചുനിൽക്കാനായില്ലെങ്കിൽ നിഫ്റ്റി 8,247 വരെ തളരാം.

ചൈനയിൽ ജിഡിപി വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെട്ടത് എമർജിംഗ് വിപണികൾക്ക് ആവേശമായി. രണ്ടാം ക്വാർട്ടറിൽ 6.7 ശതമാനം വളർച്ച ചൈന കൈവരിച്ചത് ഏഷ്യൻ മേഖലയിലെ നിക്ഷേപ താത്പര്യം വർധിപ്പിച്ചു. ബ്ലൂ ചിപ്പ് ഓഹരികൾ പലതും ഒരു വർഷത്തെ ഉയർന്ന റേഞ്ചിലാണ്. എംഎസ്സിഐ എമർജിംഗ് മാർക്കറ്റ് ഇൻഡക്സ് 400 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിലവാരമായ 867ലേക്കു കയറി. ഈ വർഷം സൂചിക 9.3 ശതമാനം വർധിച്ചു.

യൂറോപ്യൻ മാർക്കറ്റുകൾ വാരാന്ത്യം അല്പം തളർച്ചയിലാണ്. യുഎസ് മാർക്കറ്റിൽ പ്രമുഖ ഇൻഡക്സുകൾ നേട്ടത്തിലാണ്. ഡൗ ജോൺസ് സൂചിക 18,516ലും എസ് ആൻഡ് പി 2,061ലും നാസ്ഡാക് സൂചിക 5,029ലും ക്ലോസിംഗ് നടന്നു. തുർക്കിയിലെ സൈനിക നീക്കങ്ങൾ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽവില ബാരലിന് 46.28 ഡോളറിലേക്കുയർത്തി. സ്വർണം ട്രോയ് ഔൺസിന് 1,337 ഡോളർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.