ഹില്ലി അക്വ: 300 മില്ലി ലിറ്റർ, രണ്ടു ലിറ്റർ ബോട്ടിലുകൾ വിപണിയിലേക്ക്
ഹില്ലി അക്വ: 300 മില്ലി ലിറ്റർ, രണ്ടു ലിറ്റർ ബോട്ടിലുകൾ വിപണിയിലേക്ക്
Tuesday, July 19, 2016 11:18 AM IST
<ആ>ജോൺസൺ വേങ്ങത്തടം

തൊടുപുഴ: സംസ്‌ഥാനത്ത് പൊതുമേഖലയിലെ ആദ്യ കുപ്പിവെള്ളം ഹില്ലി അക്വ’ പൂർണതോതിൽ വിപണിയിലേക്ക്. ഹില്ലി അക്വാ കുപ്പിവെള്ളം ഒരു ലിറ്ററിനു പിന്നാലെ 300 മില്ലി ലിറ്ററും രണ്ടു ലിറ്ററും ഉടൻ വിപണിയിലെത്തും. വിവാഹപാർട്ടികളും മറ്റും ലക്ഷ്യംവച്ചാണ് 300 മില്ലി ലിറ്റർ കുപ്പിവെള്ളം വിപണിയി ലെത്തിക്കുന്നത്. ഒരു ലിറ്ററിന് 15 രൂപയും രണ്ടു ലിറ്ററിനു 20 രൂപയും 300 മില്ലി ലിറ്ററിനു 10 രൂപയുമാണ് വില. 300 മില്ലി ലിറ്റർ കുപ്പിവെള്ളം കൂടുതൽ എടുക്കുന്നവർക്കു അഞ്ചു മുതൽ ഏഴുരൂപ വരെ വിലയിൽ ലഭിക്കും.

ഒരാഴ്ചയ്ക്കുള്ളിൽ ഔട്ട്ലെറ്റുകളിൽ വിതരണം ആരംഭിക്കുന്ന കുപ്പിവെള്ളം രണ്ടാഴ്ചയ്ക്കുള്ളിൽ മൊത്തവിതരണക്കാരിൽ എത്തുമെന്നു മാനേജിംഗ് ഡയറക്ടർ പി. അനിൽകുമാർ ദീപികയോടു പറഞ്ഞു. നിലവിൽ നിയമസഭയിലും സെക്രട്ടേറിയറ്റിലും കെടിഡിസിയിലും മറ്റു സർക്കാർ സ്‌ഥാപനങ്ങളിലും ഒരു ലിറ്ററിന്റെ ഹില്ലി അക്വ കുപ്പിവെള്ളം സുലഭമാണ്. രണ്ടു ലിറ്ററിന്റെ കുപ്പിവെള്ളം ആശുപത്രി, കെഎസ്ആർടിസി മറ്റു സ്‌ഥാപനങ്ങളിലേക്കും ലക്ഷ്യം വയ്ക്കുന്നു. ഉത്പാദനം വർധിപ്പിക്കുന്നതിനു തൊടുപുഴയിലെ കുപ്പിവെള്ള ഫാക്ടറിയിൽ അഡീഷണൽ ലൈൻ സ്‌ഥാപിച്ചു കഴിഞ്ഞു. ജലവിഭവ വകുപ്പിനു കീഴിൽ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനാണ് (കിഡ്കോ) കുപ്പിവെള്ള ഉൽപാദന യൂണിറ്റിന്റെ ചുമതല.


തൊടുപുഴ–മൂലമറ്റം റോഡിൽ മൂന്നാം മൈലിനു സമീപമാണു ഫാക്ടറി സ്‌ഥിതി ചെയ്യുന്നത്. മലങ്കര ജലാശയത്തിൽനിന്നും പൈപ്പ് വഴി ഫാക്ടറിയിൽ എത്തിക്കുന്ന ജലമാണ് ശുദ്ധീകരിച്ചു ബോട്ടിലുകളിലാക്കി വിപണിയിലെ ത്തുന്നത്.

മണിക്കൂറിൽ 9000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുന്ന പ്ലാന്റാണിത്. കുപ്പികളുടെ നിർമാണം മുതൽ പായ്ക്കിംഗ് വരെ പൂർണമായും യന്ത്രവത്കൃതമാണ്. 9.86 കോടി രൂപ ചെലവഴിച്ചാണ് യൂണിറ്റ് സ്‌ഥാപിച്ചിട്ടുള്ളത്. അത്യാധുനിക നിലവാരമുള്ള പ്ലാന്റിൽനിന്ന് സാൻഡ് ഫിൽട്രേഷൻ, റിവേഴ്സ് ഓസ്മോസിസ്, ഓസോണൈസേഷൻ തുടങ്ങി വിവിധ ഘട്ടങ്ങൾ പിന്നിട്ട് ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെ കരസ്പർശമേൽക്കാതെയാണ് ഹില്ലി അക്വ വിപണിയിലെത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.