13 പൊതുമേഖലാ ബാങ്കുകൾക്കുകേന്ദ്രത്തിന്റെ മൂലധനസഹായം
13 പൊതുമേഖലാ ബാങ്കുകൾക്കുകേന്ദ്രത്തിന്റെ മൂലധനസഹായം
Tuesday, July 19, 2016 11:18 AM IST
ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്ര സർക്കാരിന്റെ കൈത്താങ്ങ്. പ്രതിസന്ധി നികത്തുന്നതിനായി പൊതുമേഖലാ ബാങ്കുകൾക്ക് 22,915 കോടി രൂപയുടെ സഹായം കേന്ദ്രസർക്കാർ അനുവദിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് തുടങ്ങിയവയുൾപ്പെടെ 13 പൊതുമേഖലാ ധനകാര്യസ്‌ഥാപനങ്ങൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. രണ്ടു പതിറ്റാണ്ടിനിടയിലുള്ള വായ്പാ വളർച്ച ബലപ്പെടുത്താനാണ് പുതിയ നീക്കം.

ഇതിന്റെ ആദ്യ ഗഡു ഈ വർഷംതന്നെ നല്കാനാണ് തീരുമാനം. കൂടുതൽ വേണ്ടിവന്നാൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനമികവ് അനുസരിച്ചു നല്കുമെന്നും ധനമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

സഹായം നല്കുന്നതിലൂടെ പൊതുമേഖലാ ബാങ്കുകളിലുള്ള സർക്കാരിന്റെ ഓഹരി പങ്കാളിത്തം വർധിക്കും. പൊതുമേഖലാ ബാങ്കുകളുടെ മൂലധന പര്യാപ്തത 11.6 ആണ്. മൊത്തം ബാങ്കിംഗ് മേഖലയിൽ ഇത് 13.2 ശതമാനമുള്ളപ്പോളാണ് ഈ കുറവ്.

കിട്ടാക്കടം വർധിച്ചതും ആദായം കുറഞ്ഞതുമാണ് ബാങ്കുകളെ പ്രതിസന്ധിയിലാക്കിയത്. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 14.5 ശതമാനം വർധിച്ചപ്പോൾ സ്വകാര്യമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 4.5 ശതമാനം മാത്രമാണ് വർധിച്ചത്.


മൂലധനപര്യാപ്തത മെച്ചപ്പെടുത്താൻ ബാങ്കുകൾക്ക് 6.03 ലക്ഷം കോടി രൂപ വേണ്ടിവരുമെന്നാണ് റേറ്റിംഗ് ഏജൻസിയായ ഫിച്ചിന്റെ വിലയിരുത്തൽ. ഇതിൽ 80 ശതമാനം പൊതുമേഖലാ ബാങ്കുകൾക്കാണ് വേണ്ടിവരുക.

<ആ>അനുവദിച്ച തുക (കോടിയിൽ)

എസ്ബിഐ 7,575

ഇന്ത്യൻ ഓവർസീസ് ബാങ്ക് 3,101

പഞ്ചാബ് നാഷണൽ ബാങ്ക് 2,816

ബാങ്ക് ഓഫ് ഇന്ത്യ 1,784

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 1,729

സിൻഡിക്കറ്റ് ബാങ്ക് 1,034

യുസിഒ ബാങ്ക് 1,033

കാനറാ ബാങ്ക് 997

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ 810

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 721

കോർപറേഷൻ ബാങ്ക് 677

ദെനാ ബാങ്ക് 594

അലഹബാദ് ബാങ്ക് 44
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.