ഹാബിറ്റാറ്റുമായി ചേർന്ന് 2,000 വീടുകൾ നിർമിക്കാൻ കല്യാൺ ജ്വല്ലേഴ്സ്
ഹാബിറ്റാറ്റുമായി ചേർന്ന് 2,000 വീടുകൾ നിർമിക്കാൻ കല്യാൺ ജ്വല്ലേഴ്സ്
Friday, July 22, 2016 10:26 AM IST
തൃശൂർ: ഒഡീഷ, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്‌ഥാനങ്ങളിലെ നിർധന കുടുംബങ്ങൾക്കായി 2,000 വീടുകൾ നിർമിച്ചു നൽകാനായി കല്യാൺ ജ്വല്ലേഴ്സ് ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്ത്യയുമായി കരാറിൽ ഒപ്പുവച്ചു. പദ്ധതിക്കായി 20 കോടി രൂപ കല്യാൺ ജ്വല്ലേഴ്സ് നൽകും.

പാവപ്പെട്ട കുടുംബങ്ങൾക്കു പാർപ്പിടം നല്കുന്നതിനു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി. ഇന്ത്യയിലെ 100 ജില്ലകളിൽ “ഇംപാക്ട് 50–50’ എന്ന പേരിൽ ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്ത്യ നടപ്പാക്കുന്ന പുതിയ പദ്ധതിക്കു പിന്തുണ നൽകുന്ന രാജ്യത്തെ ആദ്യ കമ്പനിയാണ് കല്യാൺ ജ്വല്ലേഴ്സ്.

ഹാബിറ്റാറ്റുമായി ചേർന്ന് ആദ്യഘട്ടത്തിൽ കല്യാൺ 750 വീടുകളും രണ്ടാംഘട്ടത്തിൽ 1,250 വീടുകളും നിർമിച്ചുനൽകും. പാർപ്പിട സൗകര്യം നിർമിക്കാനും തുറന്ന സ്‌ഥലത്തു മലവിസർജനം തടയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട “എല്ലാവർക്കും വീട്,’ “സ്വച്ഛ് ഭാരത് അഭിയാൻ’ എന്നീ കേന്ദ്രസർക്കാർ പദ്ധതികളുടെ ഭാഗമായാണ് ഈ ഉദ്യമം.


അടുത്ത രണ്ടുവർഷത്തിനുള്ളിൽ രണ്ടായിരം വീടുകളും പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്നു കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. സർക്കാരിന്റെ വികസന പദ്ധതികൾക്ക് അനുസൃതമായി വീടുകളും ശുചിത്വ സൗകര്യങ്ങളും നിർമിച്ചുനൽകാനായി തുടർന്നും പ്രതിബദ്ധതയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.