റിഫൈനറി വികസനത്തെ പിന്തുണയ്ക്കും: മുഖ്യമന്ത്രി പിണറായി വിജയൻ
റിഫൈനറി വികസനത്തെ പിന്തുണയ്ക്കും: മുഖ്യമന്ത്രി പിണറായി വിജയൻ
Saturday, July 23, 2016 11:09 AM IST
കിഴക്കമ്പലം: ഭാരത് പെട്രോളിയം കോർപറേഷന്റെ കൊച്ചി എണ്ണശുദ്ധീകരണശാലയുടെ വികസന പ്രവർത്തനങ്ങൾക്ക് സംസ്‌ഥാന സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നടക്കുന്ന വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ കൊച്ചി റിഫൈനറി രാജ്യത്തെ ഏറ്റവും മുൻനിര റിഫൈനറിയായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമ്പലമുകളിലെ റിഫൈനറി സന്ദർശിച്ച ശേഷം അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് ഏറ്റവും ശ്രദ്ധേയമായ പൊതുമേഖലാ സ്‌ഥാപനങ്ങളിലൊന്നാണു ബിപിസിഎൽ കൊച്ചി റിഫൈനറി. സ്തുത്യർഹമായ രീതിയിൽ പ്രവർത്തിക്കുന്ന റിഫൈനറിക്കു നല്ല പിന്തുണ നാടും ജനങ്ങളും നൽകുന്നുണ്ട്. ഇവിടത്തെ തൊഴിലാളി– മാനേജ്മെന്റ് ബന്ധവും ഊഷ്മളമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റിഫൈനറിയിലെ പുതിയ ഫയർ സ്റ്റേഷന്റെ ഉദ്ഘാടനവും സംസ്‌ഥാന പോലീസിനു കൈമാറിയ ആംബുലൻസുകളുടെ ഫ്ളാഗ് ഓഫും മുഖ്യമന്ത്രി നിർവഹിച്ചു. സംയോജിത റിഫൈനറി വികസന പദ്ധതി പ്രദേശം സന്ദർശിച്ച അദ്ദേഹം വൃക്ഷത്തൈ നട്ടു. കരാർ തൊഴിലാളികളുമായും കൂടിക്കാഴ്ച നടത്തി.


അവലോകന യോഗത്തിൽ വി.പി. സജീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ പി.ടി. തോമസ്, ഹൈബി ഈഡൻ, എം. സ്വരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. വേലായുധൻ (വടവുകോട് പുത്തൻകുരിശ്), കെ.സി. പൗലോസ് (തിരുവാണിയൂർ), വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ, ഐ.ജി. എസ്. ശ്രീജിത്ത്, ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം, ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ്, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, കെ. ചന്ദ്രൻപിള്ള, ബിപിസിഎൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രസാദ് കെ. പണിക്കർ, ജനറൽ മാനേജർമാരായ എം.വി. പ്രഭാകരൻ, പി.എസ്. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.