മുഖം മിനുക്കി ഡസ്റ്റർ
മുഖം മിനുക്കി ഡസ്റ്റർ
Saturday, July 23, 2016 11:09 AM IST
<ആ>അജിത് ടോം

ചുരുങ്ങിയ നാളുകൊണ്ട് കൂടുതൽ ജനപ്രീതി നേടിയ കാർ എന്നതാകും റെനോ എന്ന കമ്പനിക്കു നല്കാവുന്ന ഏറ്റവും ഉത്തമമായ വിശേഷണം. ഡസ്റ്റർ മുതൽ ക്വിഡ് വരെ റെനോയിൽനിന്നു പുറത്തിറങ്ങിയ കാറുകൾ എല്ലാം തന്നെ മികവു പുലർത്തിയതാണ് ഒരു ഫ്രഞ്ച് കമ്പനിയായിരുന്നിട്ടു പോലും ചുരുങ്ങിയ നാളുകൾക്കുള്ളിൽ റെനോയ്ക്ക് ഇന്ത്യയിൽ ശക്‌തമായ വേരോട്ടമുണ്ടാക്കാൻ സാധിച്ചത്.

റെനോ എന്നു കേൾക്കുമ്പോൾ വാഹനപ്രേമികളുടെ മനസിലേക്ക് ആദ്യം എത്തുന്നത് തലയെടുപ്പോടെ നിരത്തുകളിൽ പായുന്ന ഡസ്റ്ററിന്റെ രൂപമായിരിക്കും. സൗന്ദര്യംകൊണ്ടും തലയെടുപ്പുകൊണ്ടും ആളുകളുടെ മനം കീഴടക്കിയ ഡസ്റ്റർ ഓട്ടോമാറ്റിക് രൂപത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ്.

<ആ>മാറ്റം പേരിനു മാത്രം

ബോഡിയിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെങ്കിലും വളരെ പ്രധാനമായ ഒരു പുതുമ വീലുകളിൽ വരുത്തിയിട്ടുണ്ട്. അഞ്ച് സ്പോർക്കുകളിലായി ബ്ലാക്കിൽ സ്റ്റീൽ ഫിനീഷിംഗുള്ള 16 ഇഞ്ച് അലോയ് വീലുകളാണ് സൈഡിൽനിന്നു കാണുമ്പോഴുള്ള മാറ്റം. എന്നാൽ, വീൽ ആർച്ചുകൾ പഴയതുപോലെതന്നെ നിലനിർത്തിയിട്ടുണ്ട്. ഇത് മറ്റ് കോംപാക്ട് എസ്യുവികളിൽനിന്നു വ്യത്യസ്തമായി ഡസ്റ്ററിന് ഒരു എസ്യുവി പരിവേഷം പകരുന്നു.

<ആ>അടിമുടി മാറിയ പിൻവശം

പിൻഭാഗത്ത് കാതലായ മാറ്റമുണ്ട്. വെള്ളച്ചാട്ടത്തിന്റെ രൂപസാദൃശ്യത്തിൽ ബ്ലാക്കിഷ് എൽഇഡി ടെയ്ൽ ലാമ്പാണു പിൻഭാഗത്ത് ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത്. ഇതിനു പുറമേ റിയർ ബംപറിലും സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻഭാഗത്തെ ബംപറിൽ നല്കിയിരിക്കുന്നതു പോലെ വലിയ അലുമിനിയം നിറത്തിലുള്ള പ്ലേറ്റുകളും നല്കിയിരിക്കുന്നതിനാൽ പഴയ ഡസ്റ്ററിനോട് വിദൂര സാമ്യം പോലും ഇത് പുലർത്തുന്നില്ല. ഇവയ്ക്കെല്ലാം പുറമെ നമ്പർ പ്ലേറ്റിനു മുകളിലെ സ്റ്റീൽ ക്രോമിൽ ബ്ലാക്ക് ലെറ്ററിൽ പേരും നല്കിയിരിക്കുന്നു. പുതുമകൾ ഏറെ നല്കിയിട്ടുണ്ടെങ്കിലും ഡസ്റ്ററിന്റെ വലുപ്പത്തിൽ മാറ്റം വരുത്തിയിട്ടില്ല. 4315 എംഎം നീളവും 1822 എംഎം വീതി, 1695 എംഎം ഉയരം എന്നിവയ്ക്കൊപ്പം 2673 എംഎം വീൽബേസും മറ്റ് കോംപാക്ട് എസ്യുവികളേക്കാൾ അധികമായി 205 എംഎം ഗ്രൗണ്ട് ക്ലിയറൻസും നല്കിയിരിക്കുന്നു.

<ആ>അഴകാർന്ന ഉൾവശം

പുതിയ ഡസ്റ്ററിന്റെ മാറ്റം ഉൾവശത്തും പ്രതിഫലിക്കുന്നുണ്ട്. മറ്റു മോഡലുകളിൽനിന്നു വ്യത്യസ്തമായി ക്രീം, ബ്ലാക്ക് കോമ്പിനേഷനിലാണ് ഡാഷ്ബോർഡിന്റെ നിർമാണം. സെന്റർ കൺസോൾ ഒഴിച്ച് ബാക്കി മുഴുവൻ ഭാഗത്തും ഈ മൾട്ടി കളർ കോമ്പിനേഷൻ നല്കിയിട്ടുണ്ട്. കൂടാതെ ഡോറുകളുടെ ഉൾഭാഗത്തെ ഹാൻഡ് റെസ്റ്റിനു സമീപം ഫാബ്രിക് ഫിനീഷിംഗ് നല്കിയിരിക്കുന്നതും ഉൾവശത്തെ ഡോർ ഹാൻഡിൽ ക്രോം ഫിനീഷിംഗിൽ തീർത്തതും രൂപകല്പനയിലെ മികവ് തെളിയിക്കുന്നു.

സ്റ്റീയറിംഗ് വീൽ സ്പോക്കുകളിൽ സിൽവർ ഫിനീഷിംഗ് നല്കിയതൊഴിച്ചാൽ പ്രകടമായ മാറ്റം ഇവിടെ നല്കിയിട്ടില്ല. എന്നാൽ, മീറ്റർ കൺസോളിൽ അടിമുടി അഴിച്ചുപണി നടത്തിയിട്ടുണ്ട്. ക്രോം ഫിനീഷിംഗിൽ ട്രിപ്പിൾ ബാരൽ മീറ്ററാണ് നിർമിച്ചിരിക്കുന്നത്. മറ്റു കാറുകളിൽനിന്നു വ്യത്യസ്തമായി വലതുവശത്താണ് ഡിജിറ്റൽ മീറ്റർ നല്കിയിരിക്കുന്നത്. ഇത് സ്റ്റിയറിംഗിന്റെ മറയില്ലാതെ മീറ്റർ കാണാൻ സഹായിക്കുന്നു. ഇതിൽ ഗിയർ ഷിഫ്റ്റ്, ദൂരം ഇന്ധനക്ഷമത എന്നിവ കാണിക്കുന്നു.


പിയാനോ ബ്ലാക്ക് ഫിനീഷിംഗിൽ വെർട്ടിക്കിൾ ആകൃതിയിലാണ് സെന്റർ കൺസോൾ തീർത്തിരിക്കുന്നത്. ഇതിലെ എസി വെന്റുകൾക്ക് സിൽവർ ക്രോം ഫിനീഷിംഗ് നല്കിയിട്ടുണ്ട്. കൂടാതെ സ്മൂത്ത് ടച്ച് ക്ലോസിംഗും പുതുമയാണ്.
പഴയ ഡസ്റ്ററിലെ മ്യൂസിക് സിസ്റ്റം തന്നെയാണ് നല്കിയിരിക്കുന്നതെങ്കിലും കൂടുതൽ സൗകര്യങ്ങളുണ്ട്. നാവിഗേഷൻ, ഫോൺ, റോഡ് മാപ്പ് തുടങ്ങിയവയാണ് ഇതിൽ പ്രധാനം. എന്നാൽ, സിഡി ഇടാനുള്ള സൗകര്യം നല്കുന്നില്ല.
മ്യൂസിക് സിസ്റ്റത്തിനു താഴെയായാണ് എസി കൺട്രോൾ യൂണിറ്റ്. ഓട്ടോ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം എന്ന ഏറ്റവും സ്വാഗതാർഹമായ മാറ്റത്തോടെയാണ് പുതിയ ഡസ്റ്ററിന്റെ എസി യൂണിറ്റ് നിർമിച്ചിരിക്കുന്നത്.

വളരെ വിശാലമായ ഗ്ലൗ ബോക്സിനു മുകളിലായാണ് പാസഞ്ചർ എയർബാഗ്. കൂടാതെ ഡാഷ്ബോർഡിൽ ഡസ്റ്റർ എന്ന് ആലേഖനം ചെയ്തിരിക്കുന്നത് പുതുമ പകരുന്നു.

വിശാലമായി ബൂട്ട് സ്പേസ് നല്കിയിരിക്കുന്നതിനൊപ്പം 475 ലിറ്റർ കപ്പാസിറ്റിയിൽ റിയർ സീറ്റ് മടക്കി വലുതാക്കാവുന്ന ഡിക്കി സ്പേസുമുണ്ട്.

<ആ>മൂർച്ച കൂട്ടിയ സൗന്ദര്യം

വലിയ മാറ്റങ്ങളൊന്നും വരുത്താതെ മുൻവശത്തിന്റെ സൗന്ദര്യം അല്പം വർധിപ്പിച്ചിട്ടുണ്ട്. ഗ്രില്ലിലും ഹെഡ് ലാമ്പുകളിലുമാണ് മാറ്റം. മുൻ മോഡലുകളിൽനിന്നു വിപരീതമായി ക്രോം ഷിനീഷിംഗിലുള്ള രണ്ട് ഗ്രില്ലുകളും അതിനു മധ്യഭാഗത്തായി ബോണറ്റ് വരെയെത്തുന്ന വലിയ ലോഗോയുമാണ് പുതിയ ഡസ്റ്റന്റെ മുൻഭാഗത്ത് നല്കിയിരിക്കുന്നത്. പഴയ ഡസ്റ്ററിൽ റൗണ്ട് ആകൃതിയിലുണ്ടായിരുന്ന രണ്ടു ലൈറ്റുകൾക്കു പകരം ചതുരാകൃതിയിലുള്ള മൂന്നു ഹാലജൻ ലൈറ്റുകളാണ് നല്കിയിരിക്കുന്നത്. ഇത് ഒറ്റ നോട്ടത്തിൽ പ്രധാന എതിരാളിയായ ടെറാനോയുടെ ലൈറ്റുമായി നേരിയ സാമ്യം തോന്നിപ്പിക്കും. ബംപറിനെ ആവരണം ചെയ്തിരിക്കുന്ന സിൽവർ പ്ലെയ്റ്റ് മുൻവശത്തെ സ്പോട്ടി ലുക്കിന് മുതൽക്കൂട്ടാവുന്നു. കൂടാതെ ബംപറിന്റെ താഴെ ഭാഗത്തായി അല്പം ഉൾഭാഗത്ത് കറുത്ത പ്രതലത്തിൽ ഫോഗ് ലാമ്പും നല്കിയാണ് മുൻവശത്തിന്റെ മാറ്റം പൂർണമാക്കിയിരിക്കുന്നത്.

<ആ>മികച്ച ഇന്ധനക്ഷമത

1.6 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിനുകളാണ് ഡസ്റ്റർ ഇറങ്ങിയിരിക്കുന്നത്. അഞ്ച് സ്പീഡ് മാന്വൽ ഗിയർബോക്സ് പെട്രോൾ എൻജിനു കരുത്ത് പകരുമ്പോൾ ഡീസലിന് ആറ് സ്പീഡ് മാന്വൽ ഗിയർ ബോക്സാണ് നല്കിയിട്ടുള്ളത്. മാത്രമല്ല, ഡീസലിൽ മാത്രമേ ഓട്ടോമാറ്റിക് ഗിയർ നല്കുന്നുള്ളൂ. പെട്രോളിനു 13 കിലോമീറ്ററും ഡീസലിന് 19.87 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. ആറു നിറങ്ങളിലായി 12 വേരിയന്റുകളിലാണ് ഡസ്റ്റർ ഇറങ്ങുന്നത്. ഓൺ റോഡ് വില 9.91 മുതൽ 15.92 ലക്ഷം രൂപ വരെ.

<ആ>ടെസ്റ്റ് ഡ്രൈവ്: റെനോ കോട്ടയം– 9995554367
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.