മൊത്തവരുമാനത്തിൽനിന്നു ലഭിക്കുന്ന കിഴിവുകൾ
മൊത്തവരുമാനത്തിൽനിന്നു ലഭിക്കുന്ന കിഴിവുകൾ
Sunday, July 24, 2016 11:33 AM IST
<ആ>നികുതിലോകം / ബേബി ജോസഫ്(ചാർട്ടേഡ് അക്കൗണ്ടന്റ്)

നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള സ്‌ഥാപനങ്ങളും കമ്പനികളും ഒഴികെയുള്ള നികുതിദായകർ 2015–16 സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേണുകൾ 2016 ജൂലൈ 31നു മുമ്പ് സമർപ്പിക്കേണ്ടതാണ്. ശമ്പളം ലഭിക്കുന്നവർ, വാടകവരുമാനം ഉള്ളവർ, നിർബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത പ്രൊപ്രൈറ്ററി ബിസിനസുകാരും പങ്കുവ്യാപാരസ്‌ഥാപനങ്ങളും അവയുടെ പങ്കുകാരും മറ്റു വരുമാനം ഉള്ളവരും ജൂലൈ 31നു മുമ്പാണ് റിട്ടേണുകൾ സമർപ്പിക്കേണ്ടത്. റിട്ടേണുകൾ ഫയൽ ചെയ്യുമ്പോൾ നികുതിദായകന് മൊത്തവരുമാനത്തിൽനിന്നു ലഭിക്കുന്ന കിഴിവുകളെപ്പറ്റിയും അവയുടെ വകുപ്പുകളെപ്പറ്റിയും താഴെ വിവരിക്കുന്നു.

വകുപ്പ് 80 സി അനുസരിച്ച്:

ഈ വകുപ്പ് അനുസരിച്ച് നികുതിദായകന് ലഭിക്കുന്ന പരമാവധി കിഴിവ് 1,50,000 രൂപയാണ്. താഴെപ്പറയുന്ന നിക്ഷേപപദ്ധതികളിൽ പണം നിക്ഷേപിച്ചാലാണ് നികുതിദായകന് ഈ വകുപ്പനുസരിച്ചു കിഴിവ് ലഭിക്കുന്നതാണ്.

1) പ്രൊവിഡന്റ് ഫണ്ട്: ശമ്പളക്കാരായ നികുതിദായകരുടെ കാര്യത്തിൽ ശമ്പളത്തിൽനിന്നു നിശ്ചിത തുക പ്രൊവിഡന്റ് ഫണ്ടിലേക്കു പിടിക്കാറുണ്ട്. നികുതിദായകനും തൊഴിലുടമയും പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിക്കുന്നുണ്ടെങ്കിലും നികുതിദായകന്റെ നിക്ഷേപത്തിനാണ് മൊത്തവരുമാനത്തിൽനിന്നു കിഴിവ് ലഭിക്കുന്നത്. പ്രൊവിഡന്റ് ഫണ്ടിൽനിന്നു നിലവിൽ 8.81 ശതമാനം പലിശ ലഭിക്കുന്നതാണ്. ഈ പലിശയ്ക്കും നികുതിയിൽനിന്ന് ഒഴിവുണ്ട്.

2) പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: ഈ നിക്ഷേപങ്ങൾക്കു നികുതിയിൽനിന്ന് ഒഴിവു ലഭിക്കുന്നു.

3) ലൈഫ് ഇൻഷ്വറൻസ് പ്രീമിയം: ഭാര്യ/ഭർത്താവ്, കുട്ടികൾ എന്നിവരുടെ പേരിൽ അടയ്ക്കുന്ന ഇൻഷ്വറൻസ് പ്രീമിയത്തിനാണ് കിഴിവു ലഭിക്കുന്നത്. മാതാപിതാക്കളുടെ പേരിൽ ഇൻഷ്വറൻസ് പ്രീമിയം അടച്ചാൽ അതിനു കിഴിവ് ലഭിക്കുന്നതല്ല.

4) ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎൽഎസ്എസ്): ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട് ബാങ്കുകളും മറ്റും നടത്തുന്ന മ്യൂച്വൽ ഫണ്ടുകളാണിവ. ഇവയ്ക്ക് ഗ്യാരണ്ടീഡ് ആയിട്ടുള്ള ഡിവിഡന്റ് ലഭിക്കുന്നതല്ല. ഓഹരിവിപണിയുടെ വ്യതിയാനങ്ങളനുസരിച്ച് ലഭിക്കുന്ന ഡിവിഡന്റിനു മാറ്റം വന്നേക്കാം.

5) ഭവനവായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ്: ബാങ്കുകളിൽനിന്നും ധനകാര്യ സ്‌ഥാപനങ്ങളിൽനിന്നും ഹൗസിംഗ് സൊസൈറ്റികളിൽനിന്നും വീടു പണിയുന്നതിനും വാങ്ങുന്നതിനും എടുത്തിട്ടുള്ള വായ്പകൾ തിരിച്ചടയ്ക്കുമ്പോൾ പ്രസ്തുത തുകയ്ക്ക് പരമാവധി 1,50,000 രൂപവരെ 80 സി വകുപ്പനുസരിച്ച് കിഴിവ് ലഭിക്കുന്നതാണ്. കിഴിവ് ലഭിക്കണമെങ്കിൽ ഭവനനിർമാണം പൂർത്തിയാക്കിയിരിക്കണം. കൂടാതെ ഭവനം അഞ്ചു വർഷത്തേക്കു വിൽക്കാനും പാടില്ല. പൂർത്തിയാക്കാത്ത വീടിന്റെ തിരിച്ചടവിന് ആനുകൂല്യം ലഭിക്കുന്നതല്ല.

6) വീട് വാങ്ങുമ്പോൾ ഉണ്ടാകുന്ന സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ചാർജും: വീട് വാങ്ങുമ്പോൾ ചെലവാകുന്ന സ്റ്റാമ്പ് ഡ്യൂട്ടിയും അതിന്റെ രജിസ്ട്രേഷൻ ചാർജും 80 സി വകുപ്പ് അനുസരിച്ച് കിഴിവിനർഹമാണ്.

7) സുകന്യ സമൃദ്ധി അക്കൗണ്ട്: പെൺകുട്ടികൾക്കുവേണ്ടി മോദി സർക്കാർ അനുവദിച്ച നിക്ഷേപ പദ്ധതിയാണിത്. പെൺകുട്ടിയുടെ പേരിൽ (പരമാവധി രണ്ടു പെൺകുട്ടികൾ, ഇരട്ടകളാണെങ്കിൽ മൂന്ന്) ഈ സ്കീമിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് പ്രതിവർഷം 1,50,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്നതാണ്. 14 വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതിയിൽനിന്ന് ഒഴിവു ലഭിക്കും.

8) നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്സി ഢകകക ഇഷ്യു): നിലവിൽ അഞ്ചു വർഷത്തെയും 10 വർഷത്തെയും കാലാവധിയുള്ള നിക്ഷേപങ്ങൾ. പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്ക് ലിമിറ്റ് നിശ്ചയിച്ചിട്ടില്ല. ചുരുങ്ങിയ തുക 100 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് നികുതിദായകൻ മരണപ്പെട്ടാൽ മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ലഭിക്കുന്ന പലിശ നികുതിവിധേയമാണെങ്കിലും റീ ഇൻവെസ്റ്റ് ചെയ്യുന്നതിനാൽ നികുതി ഒഴിവ് ലഭിക്കുന്നതാണ്.

9) അഞ്ചു വർഷത്തേക്കുള്ള ബാങ്ക് ഡെപ്പോസിറ്റുകൾ: അഞ്ചുവർഷ കാലാവധിയിൽ ടാക്സ് സേവിംഗ്സ് ഫിക്സഡ് ഡെപ്പോസിറ്റിൽ നിക്ഷേപിച്ചാൽ നികുതി ആനുകൂല്യം ലഭിക്കുന്നതാണ്.

10) അഞ്ചു വർഷത്തേക്കുള്ള പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ്: സാധാരണഗതിയിൽ പോസ്റ്റ് ഓഫീസ് ഡിപ്പോസിറ്റുകൾ ഒരു വർഷം മുതലുള്ള കാലാവധികളിൽ ലഭ്യമാണെങ്കിലും അഞ്ചു വർഷത്തെ കാലാവധിയിലുള്ള നിക്ഷേപങ്ങൾക്കു മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഈ നിക്ഷേപ പദ്ധതിക്ക് ലഭിക്കുന്ന പലിശക്ക് നികുതിയിളവ് ഉണ്ടാകുന്നതല്ല.


11) സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം 2004: മുതിർന്ന പൗരന്മാർക്കുവേണ്ടിയുള്ള ഈ നിക്ഷേപ പദ്ധതിക്ക് പലിശ ലഭിക്കുന്നതോടൊപ്പം 80 സി വകുപ്പിന്റെ ആനുകൂല്യവും ലഭിക്കുന്നതാണ്. വോളന്ററി റിട്ടയർമെന്റ് സ്കീമിൽ റിട്ടയർ ചെയ്തിരിക്കുന്ന നികുതിദായകർക്കുള്ള പ്രായപരിധി 55 വയസാണ്.

12) നബാർഡ് റൂറൽ ബോണ്ട്സ്: നബാർഡിന്റെ റൂറൽ ബോണ്ടുകൾക്ക് മാത്രം 80 സി അനുസരിച്ചുള്ള ആനുകൂല്യം ലഭിക്കുന്നതാണ്.

13) യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ: ഇവയ്ക്കും 80 സി വകുപ്പ് അനുസരിച്ച് ആനുകൂല്യം ലഭിക്കുന്നതാണ്.

14) കുട്ടികളുടെ ട്യൂഷൻ ഫീസ്: ഈയിനത്തിൽ ചെലവാകുന്ന തുകയ്ക്ക് കിഴിവു ലഭിക്കുന്നതാണ് (പരമാവധി രണ്ടു കുട്ടികൾ).

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ നിക്ഷേപങ്ങൾക്കുംകൂടി പരമാവധി 1,50,000 രൂപയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.

വകുപ്പ് 80 സിസിഡി(1 ബി) അനുസരിച്ച് എൻപിഎസിൽ

എൻപിഎസിലേക്കും അടൽ പെൻഷൻ യോജനയിലേക്കും നിക്ഷേപിക്കുന്ന തുകയ്ക്ക് പരമാവധി 50,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്നതാണ്.

വകുപ്പ് 80 ടിടിഎ അനുസരിച്ച് സേവിംഗ്സ് ബാങ്കിൽനിന്നു ലഭിക്കുന്ന പലിശയ്ക്ക്

സേവിംഗ്സ് ബാങ്കിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് പരമാവധി 10,000 രൂപ വരെ നികുതി ആനുകൂല്യം ലഭിക്കുന്നതാണ്. ഇതു വ്യക്‌തികൾക്കും ഹിന്ദു അവിഭക്‌ത കുടുംബങ്ങൾക്കും ലഭിക്കും. ഫിക്സഡ് ഡെപ്പോസിറ്റുകളിൽനിന്നു ലഭിക്കുന്ന പലിശയ്ക്ക് നികുതി ആനുകൂല്യം ലഭിക്കില്ലെന്നുള്ളത് ശ്രദ്ധേയമാണ്.

വകുപ്പ് 80 ഇ അനുസരിച്ച് വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്ക്

ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി എടുക്കുന്ന വായ്പയുടെ പലിശത്തതുകയ്ക്ക് മൊത്തവരുമാനത്തിൽനിന്നു കിഴിവു ലഭിക്കുന്നതാണ്. തിരിച്ചടവ് കാലാവധി എട്ടു വർഷത്തിൽ കൂടാൻ പാടില്ല. ഉയർന്ന പരിധിയില്ല.

വകുപ്പ് 80 ജിജി അനുസരിച്ച് വീട്ടുവാടകയ്ക്ക് ലഭിക്കുന്ന ആനുകൂല്യം

നികുതിദായകന്റെ പേരിലോ ഭാര്യയുടെ പേരിലോ മൈനർ ആയിട്ടുള്ള കുട്ടികളുടെ പേരിലോ ജോലി ചെയ്യുന്ന സ്‌ഥലത്ത് വീടില്ലെങ്കിൽ നല്കുന്ന വീട്ടുവാടകയ്ക്ക് നിബന്ധനകൾക്കു വിധേയമായി 2000 രൂപ വരെ പ്രതിമാസ ആനുകൂല്യം ലഭിക്കുന്നതാണ്. 2016–17 സാമ്പത്തികവർഷം മുതൽ പ്രസ്തുത തുക 5000 രൂപയിലേക്ക് ഉയർത്തിയിട്ടുണ്ട്.

വകുപ്പ് 80 ഡി അനുസരിച്ച് മെഡിക്ലെയിം പോളിസികൾ

2015–16 സാമ്പത്തികവർഷത്തേക്ക് 25,000 രൂപ വരെയാണ് സാധാരണ മെഡിക്ലെയിം പോളിസി അനുസരിച്ച് ആനുകൂല്യം ലഭിക്കുന്നത്. എന്നാൽ, മുതിർന്ന പൗരന്മാർക്ക് ഇത് 30,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ മാതാപിതാക്കളുടെ പേരിൽ പ്രസ്തുത ഇൻഷ്വറൻസ് എടുക്കുകയാണെങ്കിൽ അധികമായി 25,000 രൂപയുടെയും (മുതിർന്ന പൗരന്മാരാണെങ്കിൽ 30,000 രൂപയുടെയും) നികുതി ആനുകൂല്യം ലഭിക്കുന്നതാണ്.

വകുപ്പ് 80 ഡിഡി അനുസരിച്ച് വൈകല്യമുള്ള ബന്ധുവിനുവേണ്ടിയുള്ള മെഡിക്കൽ ചെലവുകൾ

വൈകല്യം 80 ശതമാനത്തിനു താഴെയും 40 ശതമാനത്തിനു മുകളിലുമുള്ള ബന്ധുവിന്റെ മെഡിക്കൽ ചെലവിലേക്ക് ചെലവാകുന്ന തുകയ്ക്ക് പരമാവധി 75,000 രൂപ വരെ നിബന്ധനകൾക്കു വിധേയമായി ആനുകൂല്യം ലഭിക്കുന്നതാണ്. എന്നാൽ, വൈകല്യം 80 ശതമാനത്തിനു മുകളിലാണെങ്കിൽ പ്രസ്തുത തുക പരമാവധി 1,25,000 രൂപയാണ്.

വകുപ്പ് 80 ഡിഡിബി അനുസരിച്ച് മെഡിക്കൽ ചെലവുകൾക്കുള്ള ആനുകൂല്യം

റസിഡന്റ് ആയിട്ടുള്ള നികുതിദായകനെ ആശ്രയിച്ചു കഴിയുന്ന ബന്ധുവിനും നികുതിദായകനും മെഡിക്കൽ ചെലവുകളിലേക്ക് ചിലവായ തുകയ്ക്ക് പരമാവധി 40,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്നതാണ്. പ്രസ്തുത തുക 60 വയസിനു മുകളിലുള്ള മുതിർന്ന പൗരനു പരമാവധി 60,000 രൂപയായും 80 വയസിന് മുകളിലുള്ളവർക്ക് പരമാവധി തുക 80,000 രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്.



വകുപ്പ് 80 ജി അനുസരിച്ചു സംഭാവനകൾ നൽകുന്നതിനുള്ള ആനുകൂല്യം

ഈ വകുപ്പനുസരിച്ച് സംഭാവനകൾ നൽകുന്ന തുകയ്ക്ക് 50 ശതമാനം/ 100 ശതമാനം വരെ കിഴിവുകൾ ലഭിക്കുന്നതാണ്. എന്നാൽ, ഇത്തരത്തിൽ ആനുകൂല്യം ലഭിക്കണമെങ്കിൽ 10,000 രൂപയ്ക്ക് മുകളിലുള്ള തുക ക്യാഷ് ആയി നല്കാൻ പാടുള്ളതല്ല.

വകുപ്പ് 80 യു അനുസരിച്ച് ശാരീരിക വൈകല്യമുള്ളയാൾക്കു ലഭിക്കുന്ന ആനുകൂല്യം

ഈ വകുപ്പനുസരിച്ച് ഏതെങ്കിലും വിധത്തിൽ വൈകല്യം അനുഭവിക്കുന്നയാൾക്ക് 75,000 രൂപ വരെയും, ഗുരുതരമായ ശാരീരിക വൈകല്യമാണെങ്കിൽ 1,25,000 രൂപവരെയും കിഴിവ് ലഭിക്കുന്നതാണ്. ഇത്തരത്തിൽ 1,25,000 രൂപ വരെ ആനുകൂല്യം ലഭിക്കാൻ ഗവൺമെന്റ് ഡോക്ടറുടെ പക്കൽനിന്നു സർട്ടിഫിക്കറ്റ് ലഭ്യമാക്കേണ്ടതുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.