ഇന്ത്യ ഇന്റർനാഷണൽ സീ ഫുഡ് ഷോ സെപ്റ്റംബറിൽ
ഇന്ത്യ ഇന്റർനാഷണൽ സീ ഫുഡ് ഷോ സെപ്റ്റംബറിൽ
Friday, July 29, 2016 11:55 AM IST
കൊച്ചി: ഇരുപതാമത് ഇന്ത്യ ഇന്റർനാഷണൽ സീ ഫുഡ് ഷോ സെപ്റ്റംബർ 23 മുതൽ 25 വരെ വിശാഖപട്ടണത്തു നടക്കുമെന്നു കേന്ദ്ര സമുദ്ര മത്സ്യോത്പന്ന കയറ്റുമതി വികസന അഥോറിറ്റി (എംപിഇഡിഎ) ചെയർമാൻ ഡോ.എ. ജയതിലക് പത്രസമ്മേളനത്തിൽ അറിയിച്ചു. എംപിഡിഎയും സമുദ്രോത്പന്ന കയറ്റുമതിക്കാരുടെ അഖിലേന്ത്യാ സംഘടനയായ സീ ഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (എസ്ഇഎഐ) സംയുക്‌തമായി വിശാഖപട്ടണം പോർട്ട് ട്രസ്റ്റിന്റെ ഡയമണ്ട് ജൂബിലി സ്റ്റേഡിയത്തിലാണു സീ ഫുഡ് ഷോ നടത്തുന്നത്. രാജ്യത്തെ കമ്പനികളും വ്യവസായ സ്‌ഥാപനങ്ങളും കൂടാതെ അമേരിക്ക, ജർമനി, ബ്രിട്ടൻ, നെതർലൻഡ്സ്, സ്പെയിൻ, സ്വീഡൻ, വിയറ്റ്നാം, തായ്ലൻഡ്, ജപ്പാൻ, ചൈന, ബെൽജിയം, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള നിർമാതാക്കളും ഫുഡ് ഷോയിൽ പങ്കെടുക്കും. 300 സ്റ്റാളുകളിൽ 70 ശതമാനവും ഇതിനോടകംതന്നെ ബുക്ക് ചെയ്തു കഴിഞ്ഞു. ഇതിൽ 27 ശതമാനം ബുക്കിംഗും വിദേശ രാജ്യങ്ങളിൽനിന്നാണ്.


നടപ്പു സാമ്പത്തികവർഷം രാജ്യം 560 കോടി ഡോളറിന്റെ സമുദ്രോത്പന്ന കയറ്റുമതി ലക്ഷ്യമിടുന്നതായും ഡോ. എ. ജയതിലക് പറഞ്ഞു. 2015–16 സാമ്പത്തിക വർഷം രാജ്യം കയറ്റുമതി ചെയ്തത് 46,879.4 കോടി ഡോളർ വിലമതിക്കുന്ന 9,45,892 മെട്രിക് ടൺ സമുദ്രോത്പന്നങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറോയുടെയും യെന്നിന്റെയും വിലയിടിവ്, ചൈനയിലെ സാമ്പത്തികമാന്ദ്യം, മത്സ്യത്തിന്റെ ലഭ്യതക്കുറവ് എന്നിവ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു. വനാമി, കാര തുടങ്ങിയവയുടെ ഉത്പാദനം വർധിപ്പിച്ചും ജലകൃഷിയിലെ വൈവിധ്യവത്കരണം മെച്ചപ്പെടുത്തിയും ഈ വർഷത്തെ കയറ്റുമതി ലക്ഷ്യം നേടാൻ സാധിക്കും– അദ്ദേഹം പറഞ്ഞു.

പത്രസമ്മേളനത്തിൽ എംപിഇഡിഎ സെക്രട്ടറി ബി. ശ്രീകുമാർ, എസ്ഇഎഐ പ്രസിഡന്റ് വി. പത്മനാഭം, നോർബർട്ട് കാരിക്കശേരി എന്നിവരും സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.