ബ്രെക്സിറ്റ് ഇഫക്ട്: ഇൻഫോസിസിനു തിരിച്ചടി
ബ്രെക്സിറ്റ് ഇഫക്ട്: ഇൻഫോസിസിനു തിരിച്ചടി
Tuesday, August 16, 2016 11:47 AM IST
ബംഗളൂരു: ഇൻഫോസിസ് ടെക്നോളജീസുമായുള്ള പുറംജോലി കരാർ റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡ് (ആർബിഎസ്) പിൻവലിച്ചതിനേത്തുടർന്ന് 3000 ഇൻഫോസിസ് ജീവനക്കാരുടെ ജോലി പ്രതിസന്ധിയിൽ. ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽനിന്നു പിന്മാറുന്നതിനാൽ ആർബിഎസ് വികസനപ്രവർത്തനങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതാണ് കരാർ ഉപേക്ഷിക്കാൻ കാരണം. ആർബിഎസിന്റെ പ്രധാന സോഫ്റ്റ്വെയർ പങ്കാളിയായിരുന്നു ഇൻഫോസിസ്. ആർബിഎസിനു കൺസൾട്ടിംഗ്, ആപ്ലിക്കേഷൻ ഡെലിവറി, ടെസ്റ്റിംഗ് സർവീസ് തുടങ്ങിയവ നല്കിയിരുന്നത് ഇൻഫോസിസാണ്.


കരാർ ഉപേക്ഷിച്ചതോടെ ഈ സേവനങ്ങൾ ചെയ്തിരുന്ന ജീവനക്കാരുടെ ജോലിയാണ് പ്രതിസന്ധിയിലായത്. എന്നാൽ, ജീവനക്കാരുടെ ജോലി നഷ്‌ടമാവില്ലെന്നും ഇവരെ മറ്റു പ്രോജക്ടുകളിലേക്ക് പുനർവിന്യസിക്കുമെന്നും ഇൻഫോസിസ് അറിയിച്ചു.

30 കോടി പൗണ്ടിന്റെ (2520 കോടി രൂപ) കരാറാണ് ഇൻഫോസിസിനു നഷ്‌ടമായത്. ഇതേക്കുറിച്ച് ഇൻഫോസിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇൻഫോസിസിന്റെ ത്രൈമാസ കണക്കിൽ വരുമാനം പ്രതീക്ഷിച്ചതിലും താഴെയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.