ഇന്റർനെറ്റ് നെയിമിംഗ് ഇനി ഐകാൻ തീരുമാനിക്കും
ഇന്റർനെറ്റ് നെയിമിംഗ് ഇനി ഐകാൻ തീരുമാനിക്കും
Thursday, August 18, 2016 11:42 AM IST
ലോസ് ആഞ്ചലസ്: ഇന്റർനെറ്റിന്റെ ഡൊമെയ്ൻ നെയിമിംഗ് സിസ്റ്റം (ഡിഎൻഎസ്) ഐകാന് (ഇന്റർനെറ്റ് കോർപറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സ്) ഏറ്റെടുക്കും. ഇപ്പോൾ അമേരിക്കയുടെ ഉടമസ്‌ഥതയിലുള്ള നെയിമിംഗ് സിസ്റ്റം ഒക്ടോബർ ഒന്നിനാണ് നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ ഐകാനു കൈമാറുക. 20 വർഷത്തെ ഇന്റർനെറ്റ് ഭരണ നേതൃത്വത്തിൽനിന്ന് പ്രധാന ഭാഗമാണ് ഐകാന് അമേരിക്ക കൈമാറുന്നത്.

ഇന്റർനെറ്റിന്റെയും ഇമെയിൽ സംവിധാനങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായ ഡൊമെയിൻ നെയിം പ്രവർത്തിക്കുന്നത് ഡൊമെയ്ൻ നെയിമിംഗ് സിസ്റ്റം (ഡിഎൻഎസ്) ആധാരമാക്കിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വിവരസ്രോതസുകളെ എളുപ്പത്തിൽ കണ്ടെത്താനുള്ള മേൽവിലാസങ്ങളാണ് ഡൊമെയ്ൻ നെയിമുകൾ. ഉപയോക്‌താക്കൾക്ക് ഓർത്തിരിക്കാനുതകുന്ന വിധത്തിൽ വൈബ് വിലാസം തയാറാക്കുന്നത് ഡിഎൻഎസിലൂടെയാണ്. ഡിഎൻഎസ് ഇല്ലെങ്കിൽ വൈബ്സൈറ്റ് ഉപയോഗിക്കണമെങ്കിൽ പിന്നെ ഐപി അഡ്രസ് ഉപയോഗിക്കുക മാത്രമാണ് പോംവഴി. പത്തിലേറെ അക്കങ്ങളുള്ള സീരിയൽ നമ്പറുകളാണ് ഐപി അഡ്രസ്. ഇത് സാധാരണ ഉപയോക്‌താക്കൾക്ക് ഓർത്തിരിക്കാനോ ഉപയോഗിക്കാനോ സാധിക്കില്ല.

ഡിഎൻഎസ് സംവിധാനത്തിന്റെ മുഴുവൻ നിയന്ത്രണമാണ് അമേരിക്ക ലോസ് ആഞ്ചലസ് ആസ്‌ഥാനമായുള്ള ഐകാന് കൈമാറുക. 2014ൽ ഇതിനെക്കുറിച്ച് ചർച്ചകളാരംഭിച്ചെങ്കിലും ഇപ്പോഴാണ് ഡിഎൻഎസ് ഏറ്റെടുക്കാൻ ഐകാനു കഴിയുമെന്ന് അമേരിക്കയ്ക്കു ബോധ്യമായത്.


കൈമാറ്റം നടക്കുമെങ്കിലും ഉപയോക്‌താക്കൾക്ക് യാതൊരു വിധത്തിലുമുള്ള തടസമോ വ്യത്യാസമോ അനുഭവപ്പെടില്ല. കാരണം വർഷങ്ങളായി ഡിഎൻഎസ് കൈകാര്യം ചെയ്യുന്നത് ഐകാൻ തന്നെയാണ്.

ഈ കൈമാറ്റം വഴി ചൈനയ്ക്കും റഷ്യക്കും ഡിഎൻഎസിൽ കൈകടത്താൻ അവസരം നല്കുമെന്ന ആരോപണവുമായി നിരവധി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വിദേശ സർക്കാരുകൾക്ക് ഇന്റർനെറ്റിൽ ഇടപെടാനുള്ള കരുത്ത് വർധിപ്പിക്കാൻ ഈ കൈമാറ്റത്തിനു കഴിയുമെന്നും വിമർശനവുണ്ട്. റിപ്പബ്ലിക്കൻ സെനറ്റർമാർ കൈമാറ്റത്തിനെതിരേ കത്തു നല്കി.

വെബ് അഡ്രെസ് തീരുമാനിക്കുന്ന വിഭാഗം കൈകാര്യം ചെയ്യുന്നതിനായി 1998ലാണ് ഐകാൻ രൂപീകരിച്ചത്. അതിനുമുമ്പ് അമേരിക്കൻ സർക്കാരിന്റെ ഉടമസ്‌ഥതയിലുള്ള അയാന (ഇന്റർനെറ്റ് അസൈൻഡ് നമ്പേഴ്സ് അഥോറിറ്റി) ആയിരുന്നു ഈ വിഭാഗം കൈകാര്യം ചെയ്തിരുന്നത്.

ഒക്ടോബറിൽ ഡിഎൻഎസിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ രാജ്യങ്ങൾ, ബിസിനസ് ഗ്രൂപ്പുകൾ തുടങ്ങിയവരുൾപ്പെട്ട ഇന്റർനെറ്റിന്റെ ഓഹരിയുടമകൾക്കുള്ള എല്ലാവിധ മറുപടിയും നല്കേണ്ടത് ഐകാനായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.