രാജ്യത്തെ ഏറ്റവും ലാഭമുള്ള റീട്ടെയിൽ സ്‌ഥാപനം, ആർമി കാന്റീൻ
രാജ്യത്തെ ഏറ്റവും ലാഭമുള്ള റീട്ടെയിൽ സ്‌ഥാപനം, ആർമി കാന്റീൻ
Thursday, August 18, 2016 11:42 AM IST
ന്യൂഡൽഹി: റിലയൻസ്, ഫ്യൂച്ചർ തുടങ്ങിയ വൻകിട സ്‌ഥാപനങ്ങൾ ഉൾപ്പെടുന്ന ചില്ലറവില്പന ശാലകളുടെ ലാഭക്കണക്ക് നോക്കിയാൽ ഏറ്റവു മുമ്പിലുള്ളത് കാന്റീൻ സ്റ്റോഴ്സ് ഡിപ്പാർട്ട്മെന്റ് (സിഎസ്ഡി). ലാഭത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംരംഭമല്ലെങ്കിലും 2014–15 ധനകാര്യവർഷം സിഎസ്ഡി നേടയത് 236 കോടി രൂപയുടെ അറ്റാദായം. വിവരാവകാശപ്രകാരമുള്ള അന്വേഷണത്തിൽനിന്നാണ് പുതിയ വിവരം. ഡി മാർട്ട് 211 കോടി, ഫ്യൂച്ചർ റീട്ടെയിൽ 153 കോടി, റിലയൻസ് റീട്ടെയിൽ 159 കോടി എന്നിങ്ങനെ ലാഭം നേടിയപ്പോഴാണ് സിഎസ്ഡിയുടെ മുന്നേറ്റം.

13,709 കോടി രൂപയാണ് സിഎസ്ഡിയുടെ മൊത്തവരുമാനം. 1.2 കോടി ഉപഭോക്‌താക്കൾക്കായി അയ്യായിരത്തിലധികം ഉത്പന്നങ്ങളാണ് സിഎസ്ഡി ലഭ്യമാക്കുന്നത്. ആർമി/നേവി/വ്യോമയാന ഉദ്യോഗസ്‌ഥർ, വിമുക്‌ത ഭടന്മാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരാണ് സിഎസ്ഡിയുടെ ഉപഭോക്‌താക്കൾ. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ 1948ൽ സ്‌ഥാപിതമായ സിഎസ്ഡിക്ക് 3,901 കാന്റീനുകളും 34 സംഭരണശാലകളുമുണ്ട്.


പ്രാദേശിക വിതരണകേന്ദ്രങ്ങൾക്ക് നല്കുന്നതിലും താഴ്ന്ന വിലയ്ക്കാണ് കമ്പനികൾ സിഎസ്ഡിക്ക് ഉത്പന്നങ്ങൾ നല്കുന്നത്. മാത്രമല്ല, സർക്കാരിൽനിന്ന് നികുതിയിളവുമുണ്ട്. അതിനാൽ ഉപഭോക്‌താക്കൾക്ക് വിലക്കുറവിന്റെ ആനുകൂല്യവും ലഭിക്കുന്നു. ഒരു ശതമാനം മാർജിനിലാണ് സിഎസ്ഡി പ്രവർത്തിക്കുന്നത്. ലോകത്തെമ്പാടുമുള്ള ചില്ലറവില്പനശാലകളിൽ ഇത്തരത്തിലൊരു മാർജിൻ കാണാൻ കഴിയില്ല. ഹിന്ദുസ്‌ഥാൻ യൂണിലിവറിന്റെയും യുണൈറ്റഡ് സ്പിരിറ്റിന്റെയും പ്രധാന ഉപഭോക്‌താക്കളാണ് സിഎസ്ഡി.

സിഎസ്ഡി വഴി വിൽക്കുന്നവയിൽ 26 ശതമാനം മദ്യവും 23 ശതമാനം സൗന്ദര്യവർധക വസ്തുക്കളുമാണ്. വാഹനം, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ 20 ശതമാനവും വരും. രാജ്യത്തെ ഏറ്റവും വലിയ ചില്ലറവ്യാപാര സ്‌ഥാപനം എന്നതിനാൽ വിവിധ കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാനായി സിഎസ്ഡിയുമായി ചർച്ച നടത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.