എന്റെ ലക്ഷ്യം ഹൈക്ക് മാത്രം: കവിൻ മിത്തൽ
എന്റെ ലക്ഷ്യം ഹൈക്ക് മാത്രം: കവിൻ മിത്തൽ
Friday, August 19, 2016 11:38 AM IST
ബംഗളൂരു: ഭാരതി എയർടെലിൽ പ്രവേശിക്കാൻ തനിക്കു താത്പര്യമില്ലെന്ന് കവിൻ മിത്തൽ. രാജ്യത്തെ ഏറ്റവും വലിയ ടെലികോം ശൃംഖലയായ ഭാരതി എയർടെലിന്റെ ഉടമ സുനിൽ ഭാരതി മിത്തലിന്റെ മകനാണ് കവിൻ. തദ്ദേശീയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ ഹൈക്ക് മെസെഞ്ചറിനെ വളർത്തുകയാണു തന്റെ ലക്ഷ്യമെന്ന് കവിൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഹൈക്ക് മെസഞ്ചറിന്റെ സ്‌ഥാപകനും സിഇഒയുമാണ് കവിൻ. തന്റെ മാർഗം താൻ തെരെഞ്ഞെടുത്തു, ടെലികോം ബിസിനസ് മേഖലയിൽ പ്രവേശിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിസിനസിനോടായിരുന്നു താത്പര്യമെങ്കിൽ തനിക്ക് വർഷങ്ങൾക്കു മുമ്പേ ആ മാർഗത്തിലേക്ക് പ്രവേശിക്കാമായിരുന്നു. അതിനുള്ള സാഹചര്യവുമുണ്ടായിരുന്നു. എന്നാൽ തന്റെ മാർഗം അതല്ലെന്നും കവിൻ പറഞ്ഞു.


പിതാവിന്റെ ഭാരതി എന്റർപ്രൈസസിന്റെ ലേബലില്ലാതെ 2012 ഡിസംബറിലാണ് കവിൻ ഹൈക്ക് മെസഞ്ചർ സ്‌ഥാപിക്കുന്നത്. 2013–14ൽ ഭാരതി സോഫ്റ്റ് ബാങ്ക് 2.1 കോടി ഡോളറിന്റെ ഫണ്ടിംഗ് ഹൈക്കിൽ നടത്തി. 2014 ഓഗസ്റ്റിൽ ടൈഗർ ഗ്ലോബൽ എന്ന ആഗോള ഭീമൻ 6.5 കോടി ഡോളറിന്റെ നിക്ഷേപം ഹൈക്ക് മെസഞ്ചറിൽ നടത്തി. പിന്നീട് 17.5 കോടി ഡോളറിന്റെ നിക്ഷേപം നേടാനും ഹൈക്കിനായി. ഇന്ന് 140 കോടി ഡോളർ മൂല്യമുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് ഹൈക്ക് മെസെഞ്ചർ. 10 കോടി ഉപയോക്‌താക്കളുള്ള ഹൈക്കിലൂടെ പ്രതിമാസം 4000 കോടി സന്ദേശങ്ങളാണ് കൈമാറപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.