പരോക്ഷ നികുതി നിയമത്തിലെ നാഴികക്കല്ല്
പരോക്ഷ നികുതി നിയമത്തിലെ നാഴികക്കല്ല്
Sunday, August 21, 2016 11:05 AM IST
<ആ>നികുതിലോകം / ബേബി ജോസഫ്(ചാർട്ടേഡ് അക്കൗണ്ടന്റ്)

ഇന്ത്യൻ ഭരണഘടനയിലെ ഏഴാമത്തെ ഷെഡ്യൂളിൽ ലിസ്റ്റ് ഒന്നിൽ അഥവാ യൂണിയൻ ലിസ്റ്റിലാണ് കേന്ദ്രസർക്കാറിന്റെ അധികാരപരിധിയിലുളള ഇടപാടുകൾ നിക്ഷിപ്തമായിരിക്കുന്നത്. ലിസ്റ്റ് രണ്ടിൽ സംസ്‌ഥാനങ്ങൾക്കായുള്ള ഇടപാടുകളെപ്പറ്റിയാണ് സൂചിപ്പിച്ചിരിക്കുന്നത്. കേന്ദ്രത്തിന് ഉത്പാദനങ്ങളുടെ മേലും സേവനങ്ങളുടെ മേലും നികുതി ചുമത്തുവാൻ അധികാരമുണ്ട്. എന്നാൽ ചരക്കുകളുടെ വിലപ്നയിന്മേൽ നികുതി ചുമത്തുന്നതിനുള്ള അധികാരം സംസ്‌ഥാനങ്ങൾക്കാണ്. അതിനാൽ ചരക്കുസേവനനികുതി നിയമം പ്രാബല്യത്തിൽ വരുന്നതിന് ഈ ഭരണഘടന വ്യവസ്‌ഥയിൽ മാറ്റം വരുത്തണം. ഇതിനുള്ള ബിൽ ലോകസഭയും രാജ്യസഭയും പാസ്സാക്കി കഴിഞ്ഞിരിക്കുന്നു. 15 സംസ്‌ഥാനങ്ങളിലെ നിയമസഭകൾ പ്രസ്തുത ബിൽ പാസ്സാക്കി കഴിഞ്ഞാൽ ഭരണഘടനാ ഭേദഗതി ബില്ലുകൾ പ്രാബല്യത്തിലാകും. തുടർന്ന് ചരക്കു സേവന നികുതി (ജിഎസ്ടി) കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും ചരക്കുകൾക്കും സേവനങ്ങൾക്കും നികുതി ചുമത്തുവാനുള്ള അധികാരം ഇതോടെ ഉണ്ടാവുന്നതാണ്. ജിഎസ്ടി. ഇന്ത്യയിലൊന്നാകെ ഏകീകൃത നിയമമായിട്ടാണ് പ്രാബല്യത്തിലാകുന്നത്.

ഇന്ത്യയിലെ പ്രധാന പരോക്ഷ നികുതികളെല്ലാംതന്നെ ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതോടുകൂടി നിർത്തലാക്കുന്നതാണ്. ജിഎസ്ടി വരുന്നതോടുകൂടി നികുതിക്കുമേൽ നികുതി ഉണ്ടാകാത്തതിനാൽ കുറെ സാധനങ്ങളുടെ വിലയിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്. അതോടൊപ്പം ചില സാധനങ്ങളുടെ വിലയിൽ വർദ്ധനവും ഉണ്ടായേക്കാം. ജി.എസ്.ടി. പ്രാബല്യത്തിൽ വരുന്നതോടുകൂടി താഴെപറയുന്ന സംസ്‌ഥാന നികുതികൾ ഇല്ലാതാകുന്നതാണ്.

എ) വാറ്റ്സെയിൽ ടാക്സ്
ബി) ആഡംബര നികുതി,
സി) ലോട്ടറി, പന്തയം മുതലായവയുടെ നികുതികൾ

ഇതോടൊപ്പം താഴെപ്പറയുന്ന കേന്ദ്രനികുതികളും നിലവിലില്ലാതാകും.

1) സെൻട്രൽ എക്സൈസ് ഡ്യൂട്ടി.
2) എക്സൈസ് അധിക തീരുവകൾ.
3) മെഡിസിനൽ ആൻഡ് ടോയ്ലെറ്റ്റീസീനുള്ള എക്സൈസ് തീരുവകൾ.
4) സേവന നികുതികൾ.
5) കൗണ്ടർ വെയ്ലിംഗ് ഡ്യൂട്ടി (കസ്റ്റംസ്).
6) കസ്റ്റംസ് അധികതീരുവകൾ,
7) സർച്ചാർജുകൾ,
8) സെസ്സുകൾ

എന്നാൽ, താഴെപ്പറയുന്ന നികുതികൾ പിന്നെയും പ്രാബല്യത്തിൽ ഉണ്ടായിരിക്കുന്നതാണ്.

1)സ്റ്റാമ്പ് ഡ്യൂട്ടി.
2) ഇലക്ട്രിസിറ്റി ഡ്യൂട്ടി.
3) പ്രാദേശിക ഭരണകൂടം ചാർജ് ചെയ്യുന്ന വിനോദ നികുതികൾ.
4) അടിസ്‌ഥാന കസ്റ്റംസ് ഡ്യൂട്ടി.
5) പ്രൊഫഷണൽ ടാക്സ് എന്നിവ.

രജിസ്ട്രേഷൻ: സാധനങ്ങളും സേവനങ്ങളും സപ്ലൈ ചെയ്യുന്ന സ്‌ഥലത്തു നിന്നാണ് രജിസ്ട്രേഷൻ എടുക്കേണ്ടത്. 10 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള സ്‌ഥാപനങ്ങൾ രജിസ്ട്രേഷന്റെ പരിധിയിൽ വരുന്നതല്ല. (വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിൽ ഇത് അഞ്ച് ലക്ഷമാണ്). പുതിയ നികുതിദായകർ ടേണോവർ ഒമ്പതു ലക്ഷത്തിൽ എത്തുമ്പോൾ രജിസ്ട്രേഷനുവേണ്ടി അപേക്ഷ സമർപ്പിക്കേണ്ടതാണ്. എന്നാൽ, താഴെ പറയുന്ന സ്‌ഥാപനങ്ങൾ നിർബന്ധിതമായും വിറ്റു വരവിനെ അടിസ്‌ഥാനപ്പെടുത്താതെ തന്നെ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്.

1) സംസ്‌ഥാനാന്തര വ്യാപാരം നടത്തുന്നവർ 2) റിവേഴ്സ് ചാർജ്‌ജ് മെക്കാനിസം മൂലം നികുതി അടയ്ക്കേണ്ടി വരുന്നവർ.

3) നോൺ റെസിഡന്റായ വ്യാപാരികൾ.

4) ഇലക്ട്രോണിക് കൊമേഴ്സ് ഓപ്പറേറ്റർമാരും അവർക്ക് സാധനം സപ്ലൈ ചെയ്യുന്നവരും

5) സ്രോതസ്സിൽ നികുതി പിടിക്കപ്പെടുന്നവർ.

പൊതുവായി 18% നിരക്കിലായിരിക്കും നികുതി ചുമത്തപ്പെടുന്നത് എന്ന് പ്രതീക്ഷിക്കുന്നു. പ്രസ്തുത നിരക്ക് നിശ്ചയിക്കുന്നതിൽ ഏകകണ്ഠമായ തീരുമാനം ആയിട്ടില്ല. സ്വർണം, ഡയമണ്ട്സ് മുതലായവയ്ക്ക് പ്രത്യേക നിരക്കായിരിക്കുമെന്ന് കരുതപ്പെടുന്നു. നിലവിൽ പെട്രോളിയം, പുകയില എന്നിവ ജിഎസ്ടിയുടെ പരിധിയിൽ വരുന്നതല്ല. ഇതോടൊപ്പംതന്നെ നിശ്ചിത തുകയിൽ താഴെ വിറ്റുവരവുള്ളവർക്ക് കോമ്പൗണ്ട് ചെയ്യുന്നതിനുള്ള അവസര വും ഉണ്ടാകുന്നതാണ്. കോമ്പൗണ്ട് ചെയ്യുന്ന വ്യാപാരികൾക്ക് സംസ്‌ഥാനാന്തര വ്യാപാരങ്ങൾ ചെയ്യുന്നതിനും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുന്നതിനും സാധ്യമാകുന്നതല്ല. ഇവർ ഇൻവോയ്സുകളിൽ നികുതി ചാർജ്‌ജ് ചെയ്യുവാൻ പാടുള്ളതല്ല. പെട്രോളിയത്തിന്മേലും പുകയിലയുടെ മേലും കേന്ദ്രഗവൺമെന്റും സംസ്‌ഥാന ഗവൺമെന്റും നികുതി ചുമത്തിയേക്കാം.


ചരക്കുസേവന നികുതി നിയമം പ്രാബല്യത്തിൽ വരുന്നതോടുകൂടി ഒരേ ഇൻവോയ്സിൽതന്നെ കേന്ദ്രത്തിനുള്ള നികുതിയും സംസ്‌ഥാനങ്ങൾക്കുള്ള നികുതിയും രേഖപ്പെടുത്താവുന്നതാണ്. കേന്ദ്രത്തിനുള്ള നികുതിയെ സിജിഎസ്ടി എന്നും സംസ്‌ഥാനത്തിനുള്ള നികുതിയെ എസ്ജിഎസ്ടി എന്നും സംസ്‌ഥാനാന്തര വ്യാപാരങ്ങൾക്കുള്ള നികുതിയെ ഐജിഎസ്ടി എന്ന പേരിലുമാണ് അറിയപ്പെടുന്നത്. കയറ്റുമതി വ്യാപാരങ്ങൾ നടത്തുവർക്ക് നികുതിയുടെ റീഫണ്ട് ലഭിക്കുന്നതായിരിക്കും. ഇറക്കുമതി ചെയ്യപ്പെടുന്ന വസ്തുക്കൾക്ക് അടിസ്‌ഥാന കസ്റ്റംസ് നികുതിയോടൊപ്പം ഐജിഎസ്ടിയും ചാർജ്‌ജ് ചെയ്യുന്നതാണ്. എല്ലാ നികുതിദായകർക്കും പാൻകാർഡിൽ അധിഷ്ഠിതമായ രജിസ്ട്രേഷൻ നമ്പറാണ് ലഭിക്കുന്നത്.

നിലവിലുള്ള നികുതിക്കുമേൽ നികുതി (ഉദാ: എക്സൈസ് തീരുവ ഉൾപ്പെടുത്തിയുള്ള വിലയിന്മേൽ വാറ്റ് ചാർജ്‌ജ് ചെയ്യപ്പെടുന്ന അവസരങ്ങൾ) ഇല്ലാതാകുന്നതോടുകൂടി വിലകളിൽ കുറവുണ്ടായേക്കാം. അതായത് ഉത്പാദന സമയത്ത് എക്സൈസ് തീരുവ ചാർജ്‌ജ് ചെയ്തതിനുശേഷം പ്രസ്തുത വസ്തുവിന്മേൽ സംസ്‌ഥാന നികുതിയായ വാറ്റ് ചാർജ്‌ജ് ചെയ്യുമ്പോൾ നിലവിൽ വിലയുടെ 27% വരെ നികുതിയായി ചുമത്തപ്പെടാവുന്നതാണ്. പുതിയ നികുതി നിയമം പ്രാബല്യത്തിൽ വരുന്നതോടുകൂടെ ഒറ്റ നികുതി നിരക്കായ 18% ചുമത്തുന്നതോടുകൂടി വിലകളിൽ കുറവുണ്ടാകാം. എസ്ജിഎസ്ടിയിൽ ലഭിക്കുന്ന ക്രെഡിറ്റുകൾ എസ്ജിഎസ്ടിയുടെ അടവിനും സിജിഎസ്ടിയിൽ ലഭിക്കുന്ന ക്രെഡിറ്റുകൾ സിജിഎസ്ടിയുടെ അടവിനും മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ. എന്നാൽ, ഐജിഎസ്ടിയുടെ അടവിലേക്ക് സിജിഎസ്ടിയുടെയും എസ്ജിഎസ്ടിയുടെയും ക്രെഡിറ്റുകൾ ഉപയോഗിക്കാവുന്നതാണ്.

ചരക്കുസേവന നികുതിയുടെ നിർവചനത്തിൽ ഇൻടാൻജിബിൾ പ്രോപ്പർട്ടികൾ ഒഴികെയുള്ള എല്ലാ മൂവബിൾ പ്രോപ്പർട്ടികളും ചരക്കിന്റെ നിർവചനത്തിലാണ് വരുന്നത്. സേവനങ്ങളുടെ നിർവചനത്തിൽ ചരക്ക് ഒഴികെയുള്ള എല്ലാ ഇടപാടുകളും ഉൾപ്പെടുന്നു. കൂടാതെ ഇൻടാൻജിബിൾ പ്രോപ്പർട്ടികൾ, സോഫ്റ്റ്വെയറുകൾ, വർക്ക് കോൺട്രാക്റ്റുകൾ മുതലായവയും സേവനങ്ങളുടെ ലിസ്റ്റിൽപ്പെടുന്നുണ്ട്. ചരക്കുസേവന നികുതിയുടെ റിട്ടേണുകൾ ജിഎസ്ടിഎൻ (ഗുഡ്സ് ആൻഡ് സർവ്വീസ് ടാക്സ് നെറ്റ്വർക്ക്) എന്ന സ്‌ഥാപനമായിരിക്കും പ്രോസ്സസ് ചെയ്യുക. പ്രസ്തുത സ്‌ഥാപനം നിലവിൽ വന്നിട്ടുണ്ട്. ഇൻഫർമേഷൻ ടെക്നോളജിയുടെ ഉപയോഗങ്ങളും സേവനങ്ങളും കേന്ദ്ര – സംസ്‌ഥാന സർക്കാറുകൾക്കും നികുതിയുമായി ബന്ധപ്പെട്ട എല്ലാവർക്കും നൽകുന്നത് പ്രസ്തുത സ്‌ഥാപനമായിരിക്കും. ചരക്ക് സേവനനികുതി നിയമം 01–04–2017 ഓടു കൂടി പ്രാബല്യത്തിലാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.