ഐപ്ലക്സ് 16 കൊച്ചിയിൽ
Tuesday, August 23, 2016 11:10 AM IST
കൊച്ചി: വിവിധ രാജ്യങ്ങളിലെ പ്രമുഖ മെഷിനറി, അസംസ്കൃതവസ്തു നിർമാതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര പ്ലാസ്റ്റിക് മെഷിനറി എക്സിബിഷൻ ഐപ്ലക്സ് 16 എന്ന പേരിൽ സംഘടിപ്പിക്കുന്നു. എക്സിബിഷൻ കൊച്ചി വിമാനത്താവളത്തിനു സമീപമുള്ള സിയാൽ എക്സിബിഷൻ സെന്ററിൽ 26 മുതൽ 28 വരെയാണ് പ്രദർശനം. വിവിധ വിഭാഗത്തിൽപ്പെട്ട ഉത്പന്നങ്ങൾ നിർമിക്കുന്നതിനാവശ്യമായ വിവിധ കമ്പനികളുടെ മെഷിനറികളും അനുബന്ധ ഉപകരണങ്ങളും പ്രദർശനത്തിനുണ്ടാകും. രണ്ടു ലക്ഷം രൂപ മുതൽ അഞ്ചു കോടി രൂപ വരെ മുതൽമുടക്കി വ്യവസായം തുടങ്ങാനാഗ്രഹിക്കുന്നവർക്ക് പ്രദർശനം ഉപകാരപ്രദമാകുമെന്ന് സംഘാടകർ അറിയിച്ചു.


കൂടാതെ, പ്ലാസ്റ്റിക് മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട പ്രത്യേക ബോധവത്കരണ പവലിയനും തയാറാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ 10.30ന് മന്ത്രി എ.സി. മൊയ്തീൻ ഐപ്ലക്സ് 16 ഉദ്ഘാടനം ചെയ്യും. സിപെറ്റ് ഡയറക്ടർ ജനറൽ ഡോ. എസ്.കെ. നായക് ചടങ്ങിൽ അധ്യക്ഷനും ഇന്ത്യൻ ഓയിൽ കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എ.എൻ. ഝാ മുഖ്യാതിഥിയും ആയിരിക്കും. പ്രത്യേക ബോധവത്കരണ പവലിയന്റെ ഉദ്ഘാടനം വി.കെ.സി. മമ്മദ്കോയ എംഎൽഎ നിർവഹിക്കുമെന്നും ഐപ്ലക്സ് 16 കൺവീനർ പി.ജെ. മാത്യു, പ്രസിഡന്റ് ജോസഫ് സാന്റർ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.