കേരളത്തിന്റെ സ്റ്റാർട്ടപ്പിന് യുഎസിന്റെ ഫുൾ കോൺടാക്ട്’
കേരളത്തിന്റെ സ്റ്റാർട്ടപ്പിന് യുഎസിന്റെ ഫുൾ കോൺടാക്ട്’
Tuesday, August 23, 2016 11:10 AM IST
കൊച്ചി: പ്രഫഷണലുകൾക്കും സ്‌ഥാപനങ്ങൾക്കും കോൺടാക്ട് മാനേജ്മെന്റ് പ്ലാറ്റ്ഫോം ഒരുക്കുന്ന അമേരിക്ക ആസ്‌ഥാനമായ ഫുൾ കോൺടാക്ട് കൊച്ചി സ്റ്റാർട്ടപ് വില്ലേജിലെ പ്രൊഫൗണ്ടിസ് കമ്പനിയെ ഏറ്റെടുത്തു. കേരളം ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ടെക്നോളജി എനേബിൾഡ് ഹ്യുമൻ വെരിഫൈഡ് ഡാറ്റ റിസർച്ച് പ്ലാറ്റ്ഫോമാണ് പ്രൊഫൗണ്ടിസ്. കേരളത്തിലെ സ്റ്റാർട്ടപ് രംഗത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ഏറ്റെടുക്കലാണിത്. യുഎസിലെ ഡെൻവർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഡാറ്റ അനലിസ്റ്റ് കമ്പനിയാണു ഫുൾ കോൺടാക്ട്.

ചെങ്ങന്നൂരിലെ കോളജ് ഓഫ് എൻജിനിയറിംഗിൽ പഠനം പൂർത്തിയാക്കിയ അർജുൻ ആർ. പിള്ള, ജോഫിൻ ജോസഫ്, അനൂപ് തോമസ് മാത്യു, നിതിൻ സാം മാത്യു എന്നിവർ ചേർന്നാണു 2012 ജൂണിൽ പ്രൊഫൗണ്ടിസ് കമ്പനി സ്റ്റാർട്ടപ്പിൽ തുടങ്ങിയത്. മൈക്രോസോഫ്റ്റ് വെഞ്ച്വേഴ്സ് ആക്സിലറേറ്റർ പ്രോഗ്രാമിലേക്ക് കേരളത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കമ്പനിയാണിത്. ചിലി സർക്കാർ 2013ൽ സംഘടിപ്പിച്ച സ്റ്റാർട്ടപ് ചിലി പരിപാടിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട മൂന്നു കമ്പനികളിലും പ്രൊഫൗണ്ടിസ് ഉൾപ്പെട്ടിരുന്നു. 2014 ഫെബ്രുവരിയിൽ പുറത്തിറക്കിയ വൈബ് എന്ന ഉത്പന്നം കമ്പനിയുടെ വളർച്ചയിൽ നിർണായകമായിരുന്നു. ആദ്യം തയാറാക്കിയ മൂന്ന് ഉത്പന്നങ്ങളും പരാജയപ്പെട്ടതിനെത്തുടർന്നായിരുന്നു വൈബിന്റെ വരവ്. പ്രൊഫൗണ്ടിസിന്റെ 72 ജീവനക്കാരെയും ഉപഭോക്‌താക്കളെയും ഉൾപ്പടെയാണു ഫുൾ കോൺടാക്ട് ഏറ്റെടുത്തിട്ടുള്ളത്.


കേരളത്തിലെ സ്റ്റാർട്ടപ് സംരംഭങ്ങളുടെ മേഖലയിൽ നാഴികക്കല്ലാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളതെന്നു ഫുൾ കോൺടാക്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബാർട്ട് ലോറാംഗും പ്രൊഫൗണ്ടിസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന അർജുൻ ആർ. പിള്ളയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.