അന്ധർക്കായി ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ പ്രത്യേക സ്മാർട്ട് ഫോണുകൾ
അന്ധർക്കായി ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ പ്രത്യേക സ്മാർട്ട് ഫോണുകൾ
Thursday, August 25, 2016 11:43 AM IST
തൃശൂർ: അന്ധത അനുഭവിക്കുന്നവർക്കു ജോയ്ആലുക്കാസ് ഫൗണ്ടേഷൻ പ്രത്യേക ആപ്ലിക്കേഷനോടു കൂടിയ 100 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്നേഹിതൻ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണു വിതരണം. പ്രഥമ വിതരണം 30നു രാവിലെ പത്തിനു കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ ഹാളിൽ നടക്കും. ജോളി സിൽക്സ് എംഡി ജോളി ജോയ് ആലുക്കാസ് വിതരണോദ്ഘാടനം നിർവഹിക്കും. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സുരേഷ് കുറുപ്പ് എന്നിവർ മുഖ്യാതിഥികളാകും. മുൻസിപ്പൽ ചെയർപേഴ്സൺ ഡോ. പി.ആർ. സോന അധ്യക്ഷത വഹിക്കും. സെപ്റ്റംബർ രണ്ടാംവാരത്തിൽ തൃശൂരിൽ 50 പേർക്കുകൂടി ഫോണുകൾ സമ്മാനിക്കുമെന്നു ഫൗണ്ടേഷൻ കോ–ഓർഡിനേറ്റർ പി.പി. ജോസ് പറഞ്ഞു.

ആരോഗ്യരംഗത്ത് ഒട്ടേറ സേവനപ്രവർത്തനങ്ങൾ നടത്തുന്ന ജോയ്ആലുക്കാസ് ഫൗണ്ടേഷൻ പ്രകൃതിസംരക്ഷണത്തിനും അധഃസ്‌ഥിതരുടെ ഉന്നമനത്തിനുമായി നല്ലൊരു തുക ചെലവഴിക്കുന്നുണ്ട്. നാലു ജില്ലകളിൽ മാസം തോറും നടത്തിവരുന്ന മെഗാ മെഡിക്കൽ ക്യാമ്പുകൾ, ഗർഭിണികളായ ദരിദ്രസ്ത്രീകൾക്കായി നടത്തുന്ന മദർ കെയർ പദ്ധതി തുടങ്ങിയവ നിരവധി പേർക്കാണ് ആശ്വാസം പകരുന്നത്. മെഗാ ക്യാമ്പുകളിലൂടെ മാസംതോറും 400 പേർക്കു കണ്ണടകൾ സൗജന്യമായി നൽകുന്നുമുണ്ട്. സ്ത്രീ ശാക്‌തീകരണം ലക്ഷ്യമാക്കി 80 പേർക്കു ബ്യൂട്ടീഷൻ കോഴ്സിൽ പരിശീലനം നൽകുന്ന നൈപുണ്യവർധന പദ്ധതിയും ആവിഷ്കരിക്കുന്നുണ്ട്. വിവിധ ജില്ലകളിലായി 750 കിഡ്നി രോഗികൾക്കു മാസംതോറും ഡയാലിസിസ് കിറ്റുകളും ഫൗണ്ടേഷൻ നൽകുന്നുണ്ട്.


സ്നേഹിതർ കൂട്ടായ്മ അംഗം ഗിരീഷ് കീർത്തി, രക്ഷാധികാരി ഫാ. സോളമൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.