കോളജ് വിദ്യാർഥികൾക്കു സൗത്ത് ഇന്ത്യൻ ബാങ്ക് സ്കോളർഷിപ്പ്
കോളജ് വിദ്യാർഥികൾക്കു സൗത്ത് ഇന്ത്യൻ ബാങ്ക് സ്കോളർഷിപ്പ്
Friday, August 26, 2016 11:41 AM IST
തൃശൂർ: കേരളത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുള്ള സമർഥരായ വിദ്യാർഥികൾക്കു ബിരുദപഠനത്തിനു സൗത്ത് ഇന്ത്യൻ ബാങ്ക് “എസ്ഐബി സ്കോളർ’ എന്ന പേരിൽ സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചു.

കേരളത്തിൽ 42 വിദ്യാർഥികൾക്കു സ്കോളർഷിപ്പ് നൽകാനായി ഒരു കോടി രൂപ നീക്കിവയ്ക്കുന്നതായി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വി.ജി. മാത്യു വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ ജില്ലയിൽനിന്നും മൂന്നു വീതം വിദ്യാർഥികളെയാണു സ്കോളർഷിപ്പിനു തെരഞ്ഞെടുക്കുക.

വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയാണെന്നു വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തുന്ന കുടുംബങ്ങളിലെയോ ബിപിഎൽ കുടുംബങ്ങളിലെയോ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്ലസ്ടു പരീക്ഷ 80 ശതമാനം മാർക്കോടെ പാസായിരിക്കണം. സർക്കാർ, എയ്ഡഡ് കോളജുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ചവർക്കു ട്യൂഷൻ ഫീസിനു പുറമേ, നാലായിരം രൂപകൂടി നൽകും. എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിവിഎംഎസ്, ബിഫാം, ബിഎസ്സി നഴ്സിംഗ്, ബിടെക് തുടങ്ങിയ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച കോഴ്സുകളിൽ പ്രവേശനം ലഭിച്ചവർക്കാണു സ്കോളർഷിപ്പ് നൽകുന്നതെന്നു ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തോമസ് ജോസഫ് അറിയിച്ചു.


വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുന്നതിനും ബാങ്കിന്റെ വെബ്സൈറ്റ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.െീൗവേശിറശമിയമിസ.രീാ സന്ദർശിക്കുക.

അപേക്ഷകൾ സെപ്റ്റംബർ 20നു മുമ്പ് സൗത്ത് ഇന്ത്യൻ ബാങ്ക്, എസ്ഐബി ഹൗസ്, പി.ബി. നമ്പർ 28, പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് (സിഎസ്ആർ സെൽ) തൃശൂർ, കേരളം– 680001 എന്ന വിലാസത്തിൽ അയയ്ക്കണം. കവറിനു പുറത്ത് “എസ്ഐബി സ്കോളർ ആപ്ലിക്കേഷൻ’ എന്ന് ഇംഗ്ലീഷിൽ എഴുതണം.

സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ വി.ജി. മാത്യു സ്കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മിടുക്കരായ വിദ്യാർഥികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ബാങ്കിന്റെ സ്കോളർ പദ്ധതി സഹായകമാകുമെന്നു വി.ജി. മാത്യു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.