നന്മയും റേഷൻകടകളും ഹിറ്റ് ലിസ്റ്റിൽ; ഓണത്തിനും കാലി!
നന്മയും റേഷൻകടകളും ഹിറ്റ് ലിസ്റ്റിൽ; ഓണത്തിനും കാലി!
Friday, August 26, 2016 11:41 AM IST
<ആ>സ്വന്തം ലേഖകൻ

കോഴിക്കോട്: കൺസ്യൂമർ ഫെഡിനു കീഴിലുള്ള നന്മ സ്റ്റോറുകളെയും റേഷൻകടകളെയും തഴഞ്ഞ് ഓണം ആഘോഷിക്കാൻ സർക്കാർ. അഴിമതിയുടെ നിഴലിൽനിൽക്കുന്ന കൺസ്യൂമർ ഫെഡിനു പ്രത്യേകം ഫണ്ടൊന്നും നൽകേണ്ടെന്നു സർക്കാർ നേരത്തേ തീരുമാനമെടുത്തിരുന്നു. കൺസ്യൂമർ ഫെഡ് സഹകരണ ബാങ്കുകളിൽനിന്നു വായ്പയെടുത്താണ് ഇത്തവണ ഓണച്ചന്ത നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

മുൻകാലങ്ങളിൽ നന്മ സ്റ്റോറുകൾ വഴി സബ്സിഡി നിരക്കിൽ സാധനങ്ങൾ വിറ്റഴിച്ചിരുന്നുവെങ്കിലും ഇത്തവണ നന്മ സ്റ്റോറുകളിൽ അവശ്യസാധനങ്ങൾ എത്തിക്കില്ല. ലാഭകരമല്ലാത്ത നന്മ സ്റ്റോറുകൾ പൂട്ടാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. ഇതോടെ ഓണക്കാലത്ത് ഇവ നോക്കുകുത്തിയാകുമെന്ന് ഉറപ്പായി. ഓണത്തിനു ശേഷം ഇവയ്ക്കു മരണമണി മുഴങ്ങുകയും ചെയ്യും.

ഇതേ അവസ്‌ഥ തന്നെയാണു റേഷൻകടകളുടേതും. ഓണം അടുത്തെത്തിയിരിക്കെ റേഷൻകടകളിൽ സ്പെഷൽ അരിയോ ഗോതമ്പോ പഞ്ചസാരയോ ഇല്ല. കഴിഞ്ഞ വർഷം ഓണക്കാലത്തു റേഷൻ കടകളിലൂടെ ഒരു കിലോഗ്രാം പഞ്ചസാര വിതരണം നടത്തിയിരുന്നു. എന്നാൽ, ഇത്തവണ ഓണം അടുത്തെത്തിയിട്ടും റേഷൻ വിതരണത്തിൽ സർക്കാർ നിലപാട് എടുത്തിട്ടില്ല. സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണംചെയ്ത വകയിൽ ഓരോ റേഷൻ വ്യാപാരിക്കും അമ്പതിനായിരം രൂപ വീതം കമ്മീഷൻ നൽകാനുണ്ട്. ഒരു ക്വിന്റൽ അരി വിറ്റാൽ 92 രൂപയാണ് വ്യാപാരിയുടെ കമ്മീഷൻ. അഞ്ചു മാസമായി ഈ കമ്മീഷൻ നൽകുന്നില്ലെന്നാണു വ്യാപാരികൾ പറയുന്നത്.


സർക്കാർ പ്രഖ്യാപിച്ച കമ്മീഷൻ ഉൾപ്പെടെയുള്ള ആനുകൂല്യം യഥാസമയം ലഭ്യമാക്കാത്തതിനാൽ റേഷൻ വ്യാപാരികളും പ്രതിഷേധത്തിലാണ്. എന്നാൽ, കുടിശികയുള്ള കമ്മീഷൻ സർക്കാർ നൽകുമെന്നു ധനമന്ത്രി അറിയിച്ചതായി കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. പഞ്ചസാര വിതരണവുമായി ബന്ധപ്പെട്ടു യാതൊരു നടപടിയും സർക്കാർ തലത്തിൽ ഉണ്ടായിട്ടില്ല. അതേസമയം, പൂഴ്ത്തിവയ്പ് തടയുക എന്ന നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നതെന്നാണു സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. സപ്ലൈകോ, ഹോർട്ടികോർപ് എന്നിവ വഴി സാധനങ്ങൾ വിറ്റഴിക്കുക എന്ന നയമാണു നിലവിൽ സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

ഉത്സവകാലത്ത് അരിയും മറ്റു സാധനങ്ങളും പൂഴ്ത്തിവച്ചു കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതിനെതിരേ സംസ്‌ഥാനത്തുടനീളം റേഷൻകടകളിലും പൊതു മാർക്കറ്റുകളിലുമടക്കം ഇന്നലെ മുതൽ സിവിൽ സപ്ലൈസ് ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പരിശോധന ആരംഭിച്ചി ട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.