ബഹുരാഷ്ട്ര കമ്പനികൾക്കു ഭീഷണിയുയർത്തി രാംദേവ്
ബഹുരാഷ്ട്ര കമ്പനികൾക്കു ഭീഷണിയുയർത്തി രാംദേവ്
Saturday, September 17, 2016 11:37 AM IST
ന്യൂഡൽഹി: ബഹുരാഷ്ട്ര കമ്പനികളോടുള്ള ബാബാ രാംദേവിന്റെ കലിപ്പ് തീരുന്നില്ല. വിദേശകമ്പനികളുടമേൽ അധിക നികുതി ചുമത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധന, ആരോഗ്യ മന്ത്രാലയങ്ങളിൽ ബാബാ രാംദേവ് സമ്മർദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആർഎസ്എസും ഇതിനു പിന്തുണ നല്കുന്നുണ്ടെന്നാണു വിവരം. പെപ്സികോ, കൊക്ക കോള എന്നീ കമ്പനികളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കെതിരായാണ് സ്വദേശിവത്കരണ വാദമുയർത്തി രാംദേവിന്റെ പടയൊരുക്കം.

അടുത്ത വർഷം ജനുവരിയിലെ ബജറ്റിൽ നികുതി ഉയർത്തണമെന്ന് മുഖ്യസാമ്പത്തിക ഉപദേഷ്‌ടാവായ അരവിന്ദ് സുബ്രഹ്മണ്യനുമേൽ സമ്മർദം ചെലുത്തുന്നുണ്ട്. ആഡംബര കാറുകൾ, പുകയില ഉത്പന്നങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയുടെ നികുതി 40 ശതമാനമാക്കാനാണ് ശ്രമം. ജിഎസ്ടി അടിസ്‌ഥാന നികുതി 17–18 ശതമാനം ആണെന്നിരിക്കെയാണ് ഈ നീക്കം.


ഇത് ആദ്യമായല്ല വിദേശ കമ്പനികൾക്കെതിരേ ബാബാ രാംദേവ് രംഗത്തെത്തുന്നത്. പതഞ്ജലി വൈകാതെ കോൾഗേറ്റ്, യൂണിലിവർ, നെസ്ലെ തുടങ്ങിയ കമ്പനിളെ മറികടക്കുമെന്ന് ഈ വർഷം ഏപ്രിലിൽ ബാബാ രാംദേവ് പ്രഖ്യാപിച്ചിരുന്നു. ഈ ധനകാര്യവർഷം 10,000 കോടിയുടെ ടേൺ ഓവർ നേടുമെന്നാണ് പതഞ്ജലിയുടെ പ്രഖ്യാപനം. അടുത്തകാലത്തെ കമ്പനിയുടെ വളർച്ച ഇതിനു ശക്‌തമായ പിന്തുണ നല്കുന്നുണ്ട്. കയറ്റുമതിയും ഇ–കൊമേഴ്സ് സംരംഭവും തുടങ്ങാനാണ് പതഞ്ജലിയുടെ ശ്രമം. ഈ വർഷംതന്നെ ഇതുണ്ടായേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.