നിർബന്ധിത ഓഡിറ്റും നികുതി റിട്ടേണും
നിർബന്ധിത ഓഡിറ്റും നികുതി റിട്ടേണും
Sunday, September 18, 2016 11:30 AM IST
<ആ>നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)

ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളും 25 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള പ്രൊഫഷണലുകളും ആദായനികുതിനിയമം 44 എബി വകുപ്പ് അനുസരിച്ച് കണക്കുകൾ ചാർട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ട് നിർബന്ധമായും ഓഡിറ്റ് ചെയ്യിക്കേണ്ടതാണ്. പ്രസ്തുത കണക്കുകൾ ഓഡിറ്റ് ചെയ്ത റിപ്പോർട്ടും ആദായനികുതി റിട്ടേണുകളും ഫയൽ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബർ 30ൽനിന്ന് ഒക്ടോബർ 17 വരെ സിബിഡിടി ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. ആദായനികുതി നിയമം 44 എബി അനുസരിച്ചുള്ള ഓഡിറ്റിൽ നിയമത്തിലെ എല്ലാ വ്യവസ്‌ഥകളും പാലിച്ചിട്ടുണ്ടോ എന്ന വിവരം ചാർട്ടേഡ് അക്കൗണ്ടന്റ് പരിശോധിക്കേണ്ടതുണ്ട്. ഓഡിറ്റ് പൂർത്തിയായതിനു ശേഷം ചാർട്ടേഡ് അക്കൗണ്ട് ഓഡിറ്റ് റിപ്പോർട്ട് ഫോം നമ്പർ 3 സിബിയിലും 3 സിഡിയിലും നൽകണം.

വിവിധങ്ങളായ നിയമങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നുള്ള പരിശോധനയോടൊപ്പം സൂക്ഷിച്ചിരിക്കുന്ന കണക്കുബുക്കുകളുടെ വിശ്വാസ്യതയും വരുമാനത്തിന്റെ നിജസ്‌ഥിതിയും ചെലവുകളുടെ യാഥാർഥ്യങ്ങളും ചാർട്ടേഡ് അക്കൗണ്ടന്റ് പരിശോധിക്കേണ്ടതായിട്ടുണ്ട്. പ്രസ്തുത പരിശോധനകൾ ചാർട്ടേഡ് അക്കൗണ്ടന്റ് നടത്തുന്നതിനാൽ നികുതി ഉദ്യോഗസ്‌ഥർക്ക് അവരുടെ സമയം ഫലപ്രദമായ ഇൻവെസ്റ്റിഗേഷൻ നടപടികളുമായി കൂടുതൽ പ്രയോജനകരമായ രീതിയിൽ മുമ്പോട്ടു കൊണ്ടുപോകാൻ സാധിക്കും.


മറ്റു നിയമങ്ങൾ അനുസരിച്ച് കണക്കുബുക്കുകൾ ഓഡിറ്റ് ചെയ്യപ്പെടുന്ന നികുതിദായകർ ആദായനികുതി നിയമം അനുസരിച്ച് വീണ്ടും ഓഡിറ്റ് ചെയ്യണമോ?

കമ്പനികൾ, കോ–ഓപ്പറേറ്റീവ് സൊസൈറ്റികൾ മുതലായവ അവരുടെ നിയമങ്ങൾ അനുസരിച്ച് കണക്കുബുക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. അങ്ങനെയുള്ള നികുതിദായകർ വീണ്ടും ആദായനികുതി നിയമം അനുസരിച്ച് പൂർണമായും ഓഡിറ്റ് ചെയ്യേണ്ടതില്ല. എന്നാൽ വ്യത്യസ്തങ്ങളായ സാമ്പത്തിക വർഷങ്ങളാണ് പ്രസ്തുത നികുതിദായകർ അനുവർത്തിക്കുന്നതെങ്കിൽ ബുക്കുകൾ തീർച്ചയായും ആദായനികുതി നിയമം അനുസരിച്ചും ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഓഡിറ്റർ ഫോം നമ്പർ 3 സിഎയിൽ റിപ്പോർട്ട് നൽകിയാൽ മതി.

<ആ>ടേണോവർ നിശ്ചയിക്കുന്നത്

നികുതിദായകന് വ്യത്യസ്തങ്ങളായ ബിസിനസുകൾ ഉണ്ടെങ്കിൽ അവയുടെ മൊത്തം വിറ്റുവരവാണ് ഓഡിറ്റിനുവേണ്ടിയുള്ള ടേണോവറായി എടുക്കേണ്ടത്. എന്നാൽ ഒരു വ്യക്‌തി ബിസിനസും പ്രൊഫഷനും ഒരേസമയം നടത്തുകയാണെങ്കിൽ മൊത്തം വിറ്റുവരവ് ഒരു കോടി രൂപയിൽ കൂടുതലായാൽ കണക്കുബുക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. എന്നാൽ, മൊത്തം വിറ്റുവരവ് ഒരു കോടി രൂപയിൽ താഴെയും പ്രൊഫഷനിൽനിന്നുള്ള വരുമാനം 25 ലക്ഷം രൂപയിൽ താഴെയുമാണെങ്കിൽ കണക്കുബുക്കുകൾ നിർബന്ധിത ഓഡിറ്റിന്റെ പരിധിയിൽ വരുന്നതല്ല. താഴെപ്പറയുന്ന വസ്തുക്കളുടെ വില്പന മൂലമുണ്ടാകുന്ന വിറ്റുവരവുകൾ ടേണോവറായി കണക്കാക്കേണ്ടതില്ല.

1) സ്‌ഥാവര സ്വത്തുക്കൾ വിൽക്കുമ്പോൾ ലഭിക്കുന്ന പണം.
2) ഇൻവെസ്റ്റ്മെന്റ്സ് ആയി സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കൾ വിൽക്കുമ്പോൾ ലഭിക്കുന്ന പണം.

3) വാടകയിൽനിന്നു ലഭിക്കുന്ന തുക.
4) പലിശയിൽനിന്നുള്ള വരുമാനം.
(പണമിടപാട് സ്‌ഥാപനങ്ങൾ ഒഴികെ).
5) റീ ഇമ്പേഴ്സ്മെന്റ് ചെലവുകൾ.

<ആ>44 എബി അനുസരിച്ച് കണക്കുബുക്കുകൾ ഓഡിറ്റ് ചെയ്തില്ലെങ്കിൽ?

ഒരു കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വ്യാപാരികളും 25 ലക്ഷം രൂപയിൽ കൂടുതൽ പ്രൊഫഷനിൽനിന്നു വരുമാനമുള്ളവരും ആദായനികുതി നിയമം 44 എബി അനുസരിച്ച് കണക്കുകൾ നിർബന്ധമായും ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. അങ്ങനെ ചെയ്യാത്തപക്ഷം പ്രസ്തുത ടേണോവറിന്റെ അര ശതമാനം വരുന്ന തുകയോ 1,50,000 രൂപയോ ഇതിലേതാണോ കുറവ് പ്രസ്തുത തുക പിഴയായി ഈടാക്കേണ്ടതാണ്. എന്നാൽ, വ്യക്‌തമായ കാരണങ്ങൾ മുഖാന്തരമാണ് ഓഡിറ്റിന് താമസം നേരിട്ടതെങ്കിൽ പെനാൽറ്റിചുമത്തപ്പെടുന്നതല്ല. താഴെപ്പറയുന്ന കാരണങ്ങൾ ഓഡിറ്റിനു നേരിടേണ്ടിവന്ന കാലതാമസം ക്ഷമിക്കുന്നതിനുള്ള മതിയായ കാരണങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു.

1) ടാക്സ് ഓഡിറ്റർ രാജിവയ്ക്കുന്ന അവസരങ്ങൾ.
2) അക്കൗണ്ട്സ് കൈകാര്യം ചെയ്തിരുന്ന പാർട്ണറുടെ മരണം.
3) തീപിടിത്തം മൂലമോ മോഷണം മൂലമോ അക്കൗണ്ട്സ് ഡേറ്റ നഷ്ടപ്പെട്ടുപോവുകയാണെങ്കിൽ.
4) നികുതിദായകന്റെ കഴിവിനു വെളിയിലുള്ള കാരണങ്ങൾ കൊണ്ടാണു താമസം ഉണ്ടായതെങ്കിൽ മുതലായവ.

<ആ>ഓഡിറ്റ് റിപ്പോർട്ടുകൾ റിവൈസ് ചെയ്യാൻ സാധിക്കുമോ?

സാധാരണ സാഹചര്യങ്ങളിൽ ഓഡിറ്റ് റിപ്പോർട്ടുകൾ റിവൈസ് ചെയ്യുന്നതിനു സാധ്യമല്ല. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ ഓഡിറ്റ് റിപ്പോർട്ടുകൾ റിവൈസ് ചെയ്ത് സമർപ്പിക്കാവുന്നതാണ്. അവ ഇതാണ്:

1) മുൻകാല പ്രാബല്യത്തോടെ നിയമങ്ങൾ മാറ്റപ്പെടുകയാണെങ്കിൽ.
2) കോടതിവിധി മുഖാന്തരമോ സിബിഡിടിയുടെ സർക്കുലറോ, നോട്ടിഫിക്കേഷനുകളോ അനുസരിച്ച് നിയമ വ്യാഖ്യാനങ്ങളിൽ മാറ്റങ്ങൾ വരികയാണെങ്കിൽ.
<ആ>ബിസിനസിൽനിന്നുള്ള ചില വരവുകൾ

താഴെപ്പറയുന്നവയെ ബിസിനസിൽനിന്നുള്ള ടേണോവറായി കണക്കാക്കാവുന്നതാണ്.

1) അഡ്വർടൈസിംഗ് ഏജന്റ്
2) ക്ലിയറിംഗ്, ഫോർവേഡിംഗ്, ഷിപ്പിംഗ് ഏജന്റുമാർ
3) കൊറിയർ സർവീസ്
4) ഇൻഷ്വറൻസ് ഏജന്റ്
5) നഴ്സിംഗ് ഹോം
6) സ്റ്റോക്ക് ആൻഡ് ഷെയർ ബ്രോക്കർമാരുടെ ബിസിനസ്
7) ട്രാവൽ ഏജന്റ്സ് മുതലായവർ


താഴെപ്പറയുന്ന പ്രൊഫഷണലുകൾ കഴിഞ്ഞ മൂന്നു വർഷങ്ങളിലെ ശരാശരി വരുമാനം 1,50,000 രൂപയിൽ കൂടുതലാണെങ്കിൽ കണക്കുബുക്കുകൾ നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്.

1) ചാർട്ടേഡ് അക്കൗണ്ടന്റ്
2) ആർക്കിടെക്റ്റ്
3) ടാക്സ് പ്രാക്ടീഷണർ
4) കമ്പനി സെക്രട്ടറി
5) എൻജിനിയർമാർ
6) ഫിലിം ആർട്ടിസ്റ്റുകൾ, കാമറാമാൻ, ഫിലിം ഡയറക്ടർ, മ്യൂസിക് ഡയറക്ടർ, ആർട്ട് ഡയറക്ടർ, ഡാൻസ് ഡയറക്ടർ, പിന്നണി ഗായകർ, തിരക്കഥാകൃത്തുകൾ, വസ്ത്ര ഡിസൈനർമാർ മുതലായവർ
7) ഇന്റീരിയർ ഡെക്കറേറ്റർ
8) ലീഗൽ പ്രൊഫഷൻ
9) ഡോക്ടർമാർ
10) ഐടി വിദഗ്ധർ മുതലായവർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.