ജപ്പാനെ ഉറ്റുനോക്കി ഏഷ്യൻ മാർക്കറ്റുകൾ; ഇന്ത്യൻ മാർക്കറ്റിനു തളർച്ചയുടെ വാരം
ജപ്പാനെ ഉറ്റുനോക്കി ഏഷ്യൻ മാർക്കറ്റുകൾ; ഇന്ത്യൻ മാർക്കറ്റിനു തളർച്ചയുടെ വാരം
Sunday, September 18, 2016 11:30 AM IST
<ആ>ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: രണ്ടാഴ്ചകളിൽ കാഴ്ചവച്ച ബുൾ തരംഗത്തിനുശേഷം ഇന്ത്യൻ മാർക്കറ്റ് തളർന്നു. സൂചികയുടെ സാങ്കേതിക വശങ്ങൾ വിപണിയെ ദുർബലമാക്കുമെന്ന കാര്യം മുൻവാരം ഇതേ കോളത്തിൽ വ്യക്‌തമാക്കിയിരുന്നു. ബോംബെ സെൻസെക്സ് 198 പോയിന്റും നിഫ്റ്റി 86 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.

ഏഷ്യൻ മാർക്കറ്റുകൾ പലതും നാളെ നടക്കുന്ന ബാങ്ക് ഓഫ് ജപ്പാന്റെ വായ്പാ അവലോകന റിപ്പോർട്ടിനായി കാത്തിരിക്കുന്നു. യൂറോപ്യൻ വിപണികൾ മൂന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന റേഞ്ചിലേക്കു നീങ്ങിയപ്പോൾ അമേരിക്കയിൽ ഡൗ ജോൺസ്, നാസ്ഡാക്, എസ് ആൻഡ് പി ഇൻഡക്സുകളും ചാഞ്ചാടി.

വാരമധ്യം യുഎസ് ഫെഡ് റിസർവ് യോഗം ചേരും. പലിശനിരക്കുകൾ സംബന്ധിച്ച് പുതിയ പ്രഖ്യാപനങ്ങൾ പുറത്തുവന്ന ശേഷം അടുത്ത ചുവടുവയ്ക്കാമെന്ന നിലപാടിലാണ് പല ഫണ്ടുകളും. കഴിഞ്ഞ വാരം ബ്രിട്ടീഷ് കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് യോഗം ചേർന്നെങ്കിലും പലിശനിരക്ക് മാറ്റിയില്ല. ബ്രിട്ടനിൽ പലിശനിരക്ക് കാൽ ശതമാനമാണ്. ആവശ്യമെങ്കിൽ വൈകാതെ പലിശയിൽ ഭേദഗതികൾ വരുത്തുന്ന കാര്യവും പരിഗണിക്കുമെന്ന സൂചനയാണ് ബിഒഇ പുറത്തുവിട്ടത്.

യൂറോപ്യൻ യൂണിയനിൽനിന്നു പിന്മാറിയ ബ്രിട്ടന്റെ നീക്കങ്ങൾ യൂറോപ്യൻ രാജ്യങ്ങളിൽ സമ്മർദമുളവാക്കുന്നുണ്ട്. ജർമൻ സമ്പദ്ഘടന കൂടുതൽ പ്രതിസന്ധിയിലേക്കു നീങ്ങുന്നു. നടപ്പുവർഷത്തിന്റെ ആദ്യപകുതിയിൽ പ്രതീക്ഷയ്ക്കൊത്ത് ഉത്പാദനം ഉയരാഞ്ഞതും കയറ്റുമതികൾക്കു നേരിട്ട തളർച്ചയും അവരെ പ്രതിസന്ധിയിലാക്കാം. ജർമൻ സമ്പദ്ഘടന വർഷത്തിന്റെ രണ്ടാം പകുതിയിൽ കൂടുതൽ പരിമുറുക്കങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണു ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

ഇതിനിടെ ഇറ്റലിയുടെ സാമ്പത്തികവളർച്ച അവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരില്ലെന്നാണു വിലയിരുത്തുന്നത്. ഇറ്റലി നികുതി നിരക്കുകൾ വെട്ടിക്കുറയ്ക്കാനുള്ള ആലോചയിലാണെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി. യൂറോപ്യൻ യൂണിയന്റെ അംഗരാജ്യങ്ങൾ അഭിമുഖീകരിക്കാൻ പോകുന്ന പുതിയ പ്രതിസന്ധികൾ ധനകാര്യസ്‌ഥാപനങ്ങളെ ഏഷ്യൻ വിപണികളിലേക്കു തിരിക്കാം.

നിക്ഷേപങ്ങൾക്കു കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാൻ അവർ ഇന്ത്യൻ മാർക്കറ്റിനു തന്നെയാവും മുൻതൂക്കം നല്കുക. ഫോറെക്സ് മാർക്കറ്റിൽ ഏതാനും മാസങ്ങളായി രൂപ സ്റ്റെഡിയായി നീങ്ങുന്നത് പ്രതീക്ഷയ്ക്കു തിളക്കം പകരാം. ഡോളറിനു മുന്നിൽ രൂപയുടെ വിനിമയ മൂല്യം 67.10ലാണ്.


ഒക്ടോബർ ആദ്യം ആർബിഐ വായ്പാ അവലോകനം നടത്തും. ഊർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണറായ ശേഷമുള്ള ആദ്യ വായ്പാ അവലോകനം നാലാം തീയതിയാണ്. മൊത്തവില സൂചിക താഴ്ന്ന റേഞ്ചിലേക്കു നീങ്ങുന്നത് പലിശ കുറയ്ക്കാൻ കേന്ദ്രബാങ്കിനെ പ്രേരിപ്പിക്കാം.

നിഫ്റ്റി സൂചിക 8,847 വരെ ഉയർന്ന അവസരത്തിലെ വില്പനതരംഗത്തിൽ സൂചിക 8,688ലേക്ക് ഇടിഞ്ഞു. കഴിഞ്ഞ വാരം സൂചിപ്പിച്ച 8,657ലെ സപ്പോർട്ട് സൂചിക നിലനിർത്തി. ഈ വാരം 8,695ൽ ആദ്യ താങ്ങുണ്ട്. ഇതു നഷ്ടപ്പെട്ടാൽ 8,612–8,536 റേഞ്ചിലേക്കു വിപണി തിരിയാം. അതേസമയം അനുകൂല വാർത്തകളുടെ മികവിൽ മുന്നേറിയാൽ 8,854–8,930ൽ പ്രതിരോധം നിലവിലുണ്ട്. നിഫ്റ്റിയുടെ മറ്റു സാങ്കേതിക നീക്കങ്ങൾ കണക്കിലെടുത്താൽ പാരാബോളിക് എസ്എആർ, എംഎസിഡി, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ സെല്ലർമാർക്ക് അനുകൂലമാണ്. അതേസമയം ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് ഓവർ സോൾഡ് മേഖലയിലാണ്. ആർഎസ്ഐ –14 ന്യൂട്ടറൽ റേഞ്ചിലാണ്.

ബോംബെ സെൻസെക്സ് 28,251 വരെ താഴ്ന്ന ശേഷം 28,778 പോയിന്റിലേക്കു മുന്നേറി. എന്നാൽ, വ്യാപാരാന്ത്യം സൂചിക 28,599ലാണ്. ഈ വാരം 28,307ലെ താങ്ങ് നിലനിർത്തിയാൽ 28,834–29,069ലേക്ക് ചുവടുവയ്ക്കാൻ കരുത്തു ലഭ്യമാവും. അതേസമയം ആദ്യ സപ്പോർട്ട് നഷ്ടമായാൽ സെൻസെക്സ് 28,015–27,780നെ ലക്ഷ്യമാക്കി നീങ്ങാം.

ടെക്നോളജി, എഫ്എംസിജി വിഭാഗങ്ങളിൽ നിക്ഷേപതാത്പര്യം ദൃശ്യമായി. അതേസമയം സ്റ്റീൽ, റിയാലിറ്റി, പവർ, കാപ്പിറ്റൽ ഗുഡ്സ് എന്നിവയ്ക്കു തളർച്ച.

വിദേശ ഫണ്ടുകൾ കഴിഞ്ഞവാരം മൊത്തം 1055.42 കോടി രൂപയുടെ വില്പന നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ജനുവരി–സെപ്റ്റംബറിൽ 11,608 കോടി രൂപ നിക്ഷേപിച്ചു.

ലോകവിപണിയിലേക്കു ലിബിയയും നൈജീരിയയും വൻതോതിൽ ക്രൂഡ് ഓയിൽ വില്പന നടത്തിയത് ലണ്ടൻ, ന്യൂയോർക്ക് എക്സ്ചേഞ്ചുകളിൽ എണ്ണവിലയെ ബാധിച്ചു. ന്യൂയോർക്കിൽ ക്രൂഡ് വില ബാരലിന് രണ്ടു ശതമാനം ഇടിഞ്ഞ് 43 ഡോളറായി. ഇറാൻ എണ്ണ കയറ്റുമതി വർധിപ്പിച്ചതും ഓഹരിവിപണികളിലെ തളർച്ചയും ക്രൂഡ് വിലയെ ബാധിച്ചു. ഒപ്പം യുഎസ് ഡോളറിന്റെ മികവും തിരിച്ചടിയായി.

മൂന്നാഴ്ചയ്ക്കിടയിൽ ആദ്യമായി സ്വർണത്തിനു തളർച്ച. സ്വർണവില ഔൺസിന് 1,305 ഡോളർ വരെ ഇടിഞ്ഞശേഷം വാരാന്ത്യം 1,310ലാണ്. ഓപ്പണിംഗ് വേളയിൽ 1,328 ഡോളറിലായിരുന്നു. ഈ വാരം 1,290 ഡോളറിൽ സ്വർണത്തിനു താങ്ങുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.