നീലപ്പൊന്മാനെപ്പോലെ വിജയ് മല്യ പറന്നുപോയെന്ന് മുംബൈ കോടതി
നീലപ്പൊന്മാനെപ്പോലെ വിജയ് മല്യ പറന്നുപോയെന്ന് മുംബൈ കോടതി
Monday, September 19, 2016 11:09 AM IST
മുംബൈ: നീലപ്പൊന്മാൻ എന്ന പേര് മദ്യവ്യവസായി വിജയ് മല്യ അന്വർഥമാക്കിയെന്ന് മുംബൈ ഹൈക്കോടതി. അതിരുകളെക്കുറിച്ച് ചിന്തിക്കാത്ത പക്ഷികളെപ്പോലാണ് മല്യയെന്നു പറഞ്ഞായിരുന്നു മുംബൈ കോടതിയുടെ പരാമർശം. സേവന നികുതി വകുപ്പിന്റെ ഹർജി പരിഗണിക്കവേയാണ് ജസ്റ്റീസുമാരായ എസ്.സി. ധർമാധികാരി, ബി.പി. കോലബാവാല എന്നിവരടങ്ങിയ ബെഞ്ച് ഇത്തരത്തിലൊരു പരാമർശം നടത്തിയത്.

മല്യ കിംഗ്ഫിഷർ എന്നു പേരു സ്വീകരിക്കാനുള്ള കാരണം എന്താണെന്ന് അറിയാമോയെന്ന് കോടതി ചോദിച്ചു. ചരിത്രത്തിൽ ഇത്തരത്തിലൊരു പേരുമായി ആരും എത്തിയിട്ടുമില്ല. നീലപ്പൊന്മാൻ എന്ന പക്ഷികൾ അകലങ്ങളിലേക്ക് പറക്കും, അതിരുകളില്ലാത്ത വിധത്തിൽ... ഒരു തരത്തിലുമുള്ള അതിരുകൾക്ക് അവയെ തടയാൻ കഴിയില്ല. ഇപ്പോൾ രാജ്യം വിട്ടപ്പോൾ ആർക്കും മല്യയെ തടയാൻ കഴിയാത്തതുപോലെ– ജസ്റ്റീസ് എസ്.സി. ധർമാധികാരി പറഞ്ഞു.


കിംഗ്ഫിഷർ വിമാനങ്ങളുടെ ടിക്കറ്റ് വില്പനവഴി ഏകദേശം 532 കോടി രൂപയാണ് സേവനനികുതിയായി മല്യ നല്കാനുള്ളത്. ഇതാവശ്യപ്പെട്ടായിരുന്നു സേവനനികുതി വകുപ്പിന്റെ ഹർജി. മല്യയുടെ സ്വകാര്യ വിമാനത്തിന്റെ ലേലം ഒരിക്കൽക്കൂടി നടത്തണമെന്നും വകുപ്പ് മറ്റൊരു ഹർജിയിൽ ആവശ്യപ്പെട്ടു. വിമാനത്തിന്റെ മൊത്തവിലയിൽ 80 ശതമാനം വരെ മാത്രമേ ആളുകൾ ടെൻഡറിൽ നല്കിയിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് ലേലം വീണ്ടും വിളിക്കാൻ സേവനനികുതി വകുപ്പ് ശ്രമിക്കുന്നത്. ഹർജി ഈ മാസം 26നു പരിഗണിക്കും.

മല്യയുടെ സ്വകാര്യ വിമാനമായ എയർബസ് 319ന് 25 യാത്രക്കാരെയും ആറ് ജീവനക്കാരെയും വഹിക്കാൻ ശേഷിയുണ്ട്. ഇതിപ്പോൾ സേവനനികുതി വകുപ്പിന്റെ ഉടമസ്‌ഥതയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.