പ്രവാസി നിക്ഷേപത്തിൽ വലിയ ഇടിവ്
പ്രവാസി നിക്ഷേപത്തിൽ വലിയ ഇടിവ്
Wednesday, September 21, 2016 11:18 AM IST
മുംബൈ: ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം ഇന്ത്യയിലേക്കുള്ള പ്രവാസി നിക്ഷേപത്തിൽ വൻ ഇടിവ് വരുത്തി. ഏപ്രിൽ–ജൂലൈ കാലയളവിൽ ഇന്ത്യയിലെ പ്രവാസി നിക്ഷേപം 60 ശതമാനം കുറഞ്ഞു.

ഈ കാലയളവിൽ 276.5 കോടി ഡോളറാണ് എൻആർഐ നിക്ഷേപത്തിൽ കൂടിയത്. കഴിഞ്ഞ വർഷം ഇതേകാലത്ത് 702.8 കോടി ഡോളർ വർധിച്ചതാണ്. സമീപകാലത്തൊന്നും ഇത്തരമൊരു ഇടിവ് പ്രവാസി നിക്ഷേപത്തിൽ ഉണ്ടായിട്ടില്ല.

എൻആർഇ (ആർഎ) നിക്ഷേപങ്ങളുടെ വർധന 532.8 കോടി ഡോളറിൽനിന്ന് 289.1 കോടി ഡോളറിലേക്കു താണു. എഫ്സിഎൻആർ–ബി നിക്ഷേപങ്ങൾ 140.7 കോടി ഡോളർ വർധിച്ച സ്‌ഥാനത്ത് 36.7 കോടി ഡോളർ കുറയുകയാണു ചെയ്തത്. എൻആർഒ സ്കീമിലെ നിക്ഷേപം 29.3 കോടി ഡോളർ വർധിച്ച സ്‌ഥാനത്തു കൂടിയത് 24.1 കോടി ഡോളർ മാത്രം.

യൂറോപ്പിലും അമേരിക്കയിലും മറ്റുമുള്ള പ്രവാസികളാണ് എഫ്സിഎൻആർ (ഫോറിൻ കറൻസി നോൺ റെസിഡന്റ്) നിക്ഷേപങ്ങൾ കൂടുതൽ ഉപയോഗിക്കുന്നത്. രൂപ ഇനിയും താഴുമെന്ന കണക്കുകൂട്ടലിലാണ് അവർ പണം പിൻവലിച്ചതെന്നു കണക്കാക്കുന്നു.


ഗൾഫിലും മറ്റുള്ളവരാണ് എൻആർഇ (ആർഎ) (നോൺ റെസിഡന്റ് എക്സ്റ്റേണൽ–റുപ്പീ അക്കൗണ്ട്) ഉപയോഗിക്കുന്നതു ഗൾഫ് മേഖലയിലെ തൊഴിൽ നഷ്‌ടങ്ങളും ശമ്പളം വെട്ടിക്കുറയ്ക്കലുമൊക്കെയാണ് ഈയിനം നിക്ഷേപം കുറയാനുള്ള മുഖ്യകാരണം.

അടുത്ത മാസങ്ങളിൽ 2600 കോടി ഡോളറിന്റെ 2013–ലെ എഫ്സിഎൻആർ നിക്ഷേപങ്ങൾ കാലാവധിയാകുന്നുണ്ട്. അവ പിൻവലിക്കുമ്പോൾ ഡോളർ നൽകാൻ റിസർവ് ബാങ്കിനു വിദേശനാണ്യ ശേഖരത്തെ ആശ്രയിക്കേണ്ടിവരും എന്ന സൂചനയാണു പ്രവാസി നിക്ഷേപത്തിലെ ഇടിവ് നൽകുന്നത്. പുതിയ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന് ഇതൊരു വെല്ലുവിളിയാകും. റിസർവ് ബാങ്കിന് 37100 കോടി ഡോളറിന്റെ ശേഖരമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.