പണനയ കമ്മിറ്റിയിലേക്കു മൂന്നുപേർ
Thursday, September 22, 2016 11:07 AM IST
ന്യൂഡൽഹി: രാജ്യത്തെ പണനയ കമ്മിറ്റി(മോണിറ്ററി പോളിസി കമ്മിറ്റി –എംപിസി)യിലേക്കു ഗവൺമെന്റിന്റെ മൂന്നു നോമിനിമാരെ നിയമിച്ചു. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസർ ചേതൻ ഘാട്ടെ, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് ഡയറക്ടർ പാമി ദുവ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്–അഹമ്മദാബാദിലെ പ്രഫസർ രവീന്ദ്ര ധൊലാകിയ എന്നിവരാണു നിയമിതരായത്. നാലു വർഷത്തേക്കാണു നിയമനം.

വായ്പാനിരക്ക് അടക്കമുള്ള പണനയം തീരുമാനിക്കൽ എംപിസിയിലേക്കു മാറ്റിയിട്ട് ആഴ്ചകളേ ആയുള്ളൂ. രണ്ടംഗ കമ്മിറ്റിയിൽ മൂന്നു പേർ റിസർവ് ബാങ്ക് ഗവർണറും ഒരു ഡെപ്യൂട്ടി ഗവർണറും ബാങ്ക് നിയോഗിക്കുന്ന മറ്റൊരാളുമാണ്. ഭൂരിപക്ഷാഭിപ്രായ പ്രകാരമാണു കമ്മിറ്റി തീരുമാനമെടുക്കേണ്ടത്. തുല്യനില വന്നാൽ ഗവർണർക്കു കാസ്റ്റിംഗ് വോട്ട് ചെയ്യാം.


നേരത്തേ റിസർവ് ബാങ്ക് മാത്രം തീരുമാനമെടുത്തിരുന്നപ്പോൾ ഗവർണർക്കു വീറ്റോ അധികാരമുണ്ടായിരുന്നു. ഒക്ടോബർ നാലിനാണ് എംപിസി ആദ്യയോഗം ചേരുക. ഡോ. ഉർജിത് പട്ടേൽ ഗവർണറായശേഷമുള്ള ആദ്യ പണനയ അവലോകനവുമാണ് അന്നത്തേത്. ഡോ. പട്ടേലിന്റെ മൂന്നു വർഷം മുമ്പത്തെ ശിപാർശപ്രകാരമാണ് എംപിസി ഉണ്ടാക്കിയത്. പക്ഷേ, അദ്ദേഹം നിർദേശിച്ചത് അഞ്ചംഗ സമിതിയിലെ ബാഹ്യ അംഗങ്ങളെ റിസർവ് ബാങ്ക് തന്നെ നിയമിക്കണമെന്നായിരുന്നു.

പണപ്പെരുപ്പം നാലുശതമാനത്തിൽ നിർത്തുന്നതാകണം പണനയം എന്നാണ് കമ്മിറ്റിക്കു നല്കിയിരിക്കുന്ന നിർദേശം. അതായത് രണ്ടു ശതമാനം മുതൽ ആറു ശതമാനംവരെയുള്ള പരിധിയിലായിരിക്കണം പണപ്പെരുപ്പം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.