സിയാൽ ഓഹരിയുടമകൾക്ക് 25 ശതമാനം ലാഭവിഹിതം
സിയാൽ ഓഹരിയുടമകൾക്ക് 25 ശതമാനം ലാഭവിഹിതം
Tuesday, September 27, 2016 10:45 AM IST
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവള കമ്പനി(സിയാൽ)യിലെ ഓഹരി ഉടമകൾക്ക് 25 ശതമാനം ലാഭവിഹിതം നൽകും. കഴിഞ്ഞ സാമ്പത്തികവർഷം കമ്പനിയുടെ വരുമാനത്തിൽ 26.71 ശതമാനത്തിന്റെയും അറ്റാദായത്തിൽ 21.19 ശതമാനത്തിന്റെയും വർധനയുണ്ടായെന്നു വാർഷിക പൊതുയോഗത്തിൽ ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

25 ശതമാനം ലാഭവിഹിതം നൽകാനുള്ള ഡയറക്ടർ ബോർഡിന്റെ ശിപാർശ പൊതുയോഗം അംഗീകരിച്ചു. ഇതുകൂടി ചേർത്ത് 2003–2004 സാമ്പത്തികവർഷം മുതൽ ഓഹരിയുടമകൾക്കു ലഭിച്ച ലാഭവിഹിതം 178 ശതമാനമായി. സിയാലിന്റെ കഴിഞ്ഞ വർഷത്തെ മൊത്തവരുമാനം 524.53 കോടി രൂപയും അറ്റാദായം 175.22 കോടി രൂപയുമാണ്.

കഴിഞ്ഞ വർഷം 7.77 ദശലക്ഷം യാത്രക്കാരാണു വിമാനത്താവളത്തിലൂടെ കടന്നുപോയത്. മുൻ വർഷത്തേക്കാൾ 21.20 ശതമാനം കൂടുതലാണിത്. മറ്റു വിമാനത്താവളങ്ങളേക്കാൾ കുറഞ്ഞ ചെലവിലാണു സിയാലിന്റെ പ്രവർത്തനം. വിമാനത്താവളത്തിൽ 13.4 മെഗാവാട്ട് ശേഷിയുള്ള പുതിയ സൗരോർജ പ്ലാന്റ് ഫെബ്രുവരിയിൽ പ്രവർത്തനസജ്‌ജമാകും.

നിലവിൽ 15.4 മെഗാവാട്ട് ശേഷിയുള്ള നിലവിലുള്ള പ്ലാന്റുകളിൽനിന്നു കഴിഞ്ഞ ഓഗസ്റ്റ് 31 വരെ 2.53 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. പ്രതിദിനം 1,15,000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതോടെ നിലവിലുള്ള ഊർജോത്പാദനം ഈ സാമ്പത്തികവർഷത്തിൽതന്നെ 28.8 മെഗാവാട്ടാകും.

പുതിയ രാജ്യാന്തര ടെർമിനൽ രണ്ടു മാസത്തിനകം പ്രവർത്തനസജ്‌ജമാകും. മണിക്കൂറിൽ 4,000 യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയും 112 ചെക്ക് ഇൻ കൗണ്ടറുകളും 19 ഗേറ്റുകളും 10 എയ്റോബ്രിഡ്ജുകളുമാണ് ഇവിടെ ഉണ്ടാകുക. പുതിയ കാർ പാർക്കിംഗ് മേഖലയിൽ ഒരേസമയം 1,500 കാറുകൾ പാർക്ക് ചെയ്യാൻ കഴിയും. 1,931 മീറ്റർ നീളത്തിൽ പുതിയ നാലുവരി പാതയുടെയും മേൽപ്പാലത്തിന്റെയും നിർമാണം അടുത്ത മാസത്തോടെ പൂർത്തീകരിക്കാനാകുമെന്നാണു പ്രതീക്ഷ.


വിമാനത്താവള കമ്പനിയുടെ അധീനതയിലുള്ള സ്‌ഥലം കാര്യക്ഷമമായി ഉപയോഗിക്കുന്നതു സംബന്ധിച്ച പഠനറിപ്പോർട്ട് ലഭിച്ചാലുടൻ കൂടുതൽ പദ്ധതികൾക്കു തുടക്കംകുറിക്കും. നോൺ മെട്രോ എയർപോർട്ടുകളിൽ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പുരസ്കാരം സിയാലിനു ലഭിച്ചു. ജലശുദ്ധീകരണം, കാർബൺ വികിരണം കുറയ്ക്കൽ, പഞ്ചായത്തുകൾക്ക് എൽഇഡി തെരുവു വിളക്കുകൾ നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ കണക്കിലെടുത്തു മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്കാരത്തിനും സിയാൽ അർഹമായി.

കമ്പനിയുടെ ഭാവി പ്രവർത്തനങ്ങൾക്കു മൂലധന സമാഹരണം നടത്താനായി സാധാരണ ഓഹരി ഉടമകൾക്കു 1:4 അനുപാതത്തിൽ 10 രൂപ മുഖവിലയുള്ള 7,65,14,950 ഓഹരികൾ 40 രൂപ അധികമൂല്യത്തിൽ നൽകിയതിനു മികച്ച പ്രതികരണമാണു ലഭിച്ചത്. 382.57 കോടി രൂപയാണ് അവകാശ ഓഹരി വിതരണത്തിലൂടെ സമാഹരിച്ചത്. സിയാലിനെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാനുള്ള ആവശ്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിയും ഡയറക്ടറുമായ വി.എസ്. സുനിൽകുമാർ, മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ, ഡയറക്ടർമാരായ കെ. റോയ് പോൾ, എം.എ. യൂസഫലി, എ.കെ. രമണി, എൻ.വി. ജോർജ്, സി.വി. ജേക്കബ്, ഇ.എം. ബാബു തുടങ്ങിയവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.