കെടിഎമ്മിൽ ഒരു ലക്ഷത്തോളം ബിസിനസ് കൂടിക്കാഴ്ചകൾ
കെടിഎമ്മിൽ ഒരു ലക്ഷത്തോളം ബിസിനസ് കൂടിക്കാഴ്ചകൾ
Friday, September 30, 2016 11:38 AM IST
കൊച്ചി: കേരള ട്രാവൽ മാർട്ട്(കെടിഎം) സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൊച്ചിയിൽ നടന്ന കേരള ട്രാവൽ മാർട്ടിൽ ഒരു ലക്ഷത്തോളം ബിസിനസ് കൂടിക്കാഴ്ചകൾ നടന്നതായി സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ജോർജ് പറഞ്ഞു. മുൻ നിശ്ചയപ്രകാരമുള്ളതും അല്ലാത്തതുമായാണ് ഇത്രത്തോളം കൂടിക്കാഴ്ചകൾ ട്രാവൽ മാർട്ടിൽ നടന്നതെന്നും സമാപനത്തോടനുബന്ധിച്ചു സാമുദ്രിക കൺവൻഷൻ സെന്ററിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദ്യ രണ്ടു ദിവസങ്ങളിൽ 60,000 ബിസിനസ് സമ്മേളനങ്ങൾ നടന്നു. അവസാന ദിവസം പൊതുജനങ്ങൾക്കു കൂടി പ്രവേശനം അനുവദിച്ചിരുന്നതിനാൽ മുൻകൂട്ടി നിശ്ചയിച്ചതല്ലാത്ത ബിസിനസ് കൂടിക്കാഴ്ചകൾക്കും അവസരമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത രണ്ടു വർഷങ്ങൾകൊണ്ടു ടൂറിസം വഴി സംസ്‌ഥാനത്തിനു 5,000 കോടിയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തിക വർഷം 25,000 കോടിയുടെ വരുമാനമാണ് ലഭിച്ചത്. സാമ്പത്തിക മാന്ദ്യം ടൂറിസം രംഗത്തെ ബാധിക്കില്ല. സഞ്ചാരികൾ ഇവിടേക്ക് എത്താൻ താത്പര്യം കാണിക്കുന്നുണ്ട്.


കേന്ദ്ര സർക്കാർ 150 രാജ്യങ്ങൾക്കു വിസാ ഓൺ അറൈവൽ സൗകര്യം നൽകിയിട്ടുണ്ട്. ഇതു വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കും. വിസാ ചാർജ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ അധികമാണെന്നു പരാതിയുണ്ട്. ഇത് ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനു നിവേദനം സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

1,380 വിദേശ–തദ്ദേശ പ്രതിനിധികളാണു കെടിഎം 2016ൽ റജിസ്റ്റർ ചെയ്തിരുന്നത്. പത്ര സമ്മേളനത്തിൽ കെടിഎം സെക്രട്ടറി ജോസ് മാത്യു, ട്രഷറർ ജോസ് പ്രദീപ്, കെടിഎം മുൻ പ്രസിഡന്റ് ജോസ് ഡൊമിനിക്, റിയാസ് അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.