ത്രിവേണി നോട്ടുബുക്കുകൾ പുതുമയോടെ ഇറക്കും
Friday, October 21, 2016 12:08 PM IST
കൊച്ചി: കെട്ടിലും മട്ടിലും പുതുമകളോടെ കൺസ്യൂമർ ഫെഡിന്റെ ത്രിവേണി നോട്ടുബുക്കുകൾ ഡിസംബർ രണ്ടാം വാരം വിപണിയിലെത്തും. വലുപ്പത്തിലും ഉള്ളടക്കത്തിലും ഏറെ പരിഷ്കാരങ്ങൾ വരുത്തി പുതിയ ഒമ്പതിനം നോട്ടുബുക്കുകളാണു സ്കൂൾ, കോളജ് കുട്ടികൾക്കായി വിപണിയിലെത്തിക്കുന്നത്. ഇതിന്റെ ഭാഗമായി പുതുതായി നിർമിക്കുന്ന ബുക്കുകൾക്കു കവർ വൈറ്റ് ബോർഡ് ആക്കുന്നതിനൊപ്പം പേപ്പർ പ്ലാറ്റിനമാക്കുമെന്നും കൺസ്യൂമർഫെഡ് എംഡി ഡോ. എം. രാമനുണ്ണി അറിയിച്ചു.

നോട്ടുബുക്കുകൾ പരിഷ്കരിച്ചു വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി നിലവിലെ സ്റ്റോക്ക് വിറ്റഴിക്കാൻ കൺസ്യൂമർഫെഡ് ബൃഹത് പദ്ധതിക്കു രൂപം നൽകി. കുന്നംകുളം നോട്ടുബുക്ക് നിർമാണ യൂണിറ്റിലും ത്രിവേണി സൂപ്പർ മാർക്കറ്റിലും നിർത്തലാക്കിയ നന്മ സ്റ്റോറുകളിലുമായി 4.68 കോടി രൂപയുടെ ബുക്കുകളാണു കെട്ടിക്കിടക്കുന്നത്. ഗുണമേന്മയുടെ അടിസ്‌ഥാനത്തിൽ എ, ബി, സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചു വിലക്കിഴിവോടെയാണു വിറ്റഴിക്കുക. സംസ്‌ഥാനത്തു കെട്ടിക്കിടക്കുന്ന മുഴുവൻ സ്റ്റോക്കും നവംബർ 30നകം വിറ്റു തീർക്കാനാവശ്യമായി നടപടി സ്വീകരിച്ചിട്ടുണ്ടെന്നു ഡോ. എം. രാമനുണ്ണി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.