ജിഎസ്ടി: ഭക്ഷ്യവസ്തുക്കൾ നികുതിവിമുക്‌ത പട്ടികയിൽ
ജിഎസ്ടി: ഭക്ഷ്യവസ്തുക്കൾ നികുതിവിമുക്‌ത പട്ടികയിൽ
Friday, October 21, 2016 12:08 PM IST
ന്യൂഡൽഹി: ചരക്കു–സേവനനികുതി (ജിഎസ്ടി) നടപ്പാക്കുമ്പോൾ ഭക്ഷ്യപദാർഥങ്ങൾ നികുതിമുക്‌തമായിരിക്കും. ഇപ്പോൾ മൂല്യവർധിത നികുതി(വാറ്റ്)യിൽനിന്ന് ഒഴിവുള്ള ഈ ഇനങ്ങൾ ജിഎസ്ടിയിലും നികുതി മുക്‌തമായിരിക്കും.

ഉപ്പ്, ബ്രെഡ്, പഴങ്ങൾ, പച്ചക്കറികൾ, മുട്ട, പാൽ, തൈര്, അമ്പലങ്ങളിലെ പ്രസാദം, കുങ്കുമം, സിന്ദൂരം, കുപ്പിവളകൾ, ദേശീയപതാക തുടങ്ങിയവ ജിഎസ്ടിയിൽ നികുതിയില്ലാത്ത ഇനങ്ങളാകും. രക്‌ത വും (രക്‌തബാങ്കുകളിൽനിന്നു നല്കുന്നത്) നികുതിയിൽനിന്ന് ഒഴിവായിരിക്കും.

ജിഎസ്ടി നികുതിഘടന തീരുമാനിച്ച ശേഷമേ നികുതി വിമുക്‌തമായവയുടെ പട്ടിക തയാറാക്കൂ. സേവനങ്ങളുടെ കാര്യത്തിലും അത്യാവശ്യം, അല്ലാത്തത് എന്ന വിഭജനം ഉണ്ടാകും. അത്യാവശ്യസേവനങ്ങൾക്കു കുറഞ്ഞ നിരക്കും അല്ലാത്തവയ്ക്ക് കൂടിയ നിരക്കും കൊണ്ടുവരാനാണ് ആലോചന. ഇപ്പോൾ രണ്ടു സെസുകൾ അടക്കം 15 ശതമാനമാണു സേവനനികുതി. അതു 12ഉം 18ഉം ശതമാനമാക്കും. അപ്പോൾ കുറേ സേവനങ്ങൾക്കു നികുതി കുറവാകും. കുറഞ്ഞ നിരക്ക് ആറു ശതമാനം എന്നതു കൂടുതലാണെന്നു കേരളമടക്കം ചില സംസ്‌ഥാനങ്ങൾ പറഞ്ഞിട്ടുണ്ട്. ഇതു കുറയ്ക്കാനും ആലോചനയുണ്ട്.


ഇപ്പോൾ ആറു ശതമാനം, 12 ശതമാനം, 18 ശതമാനം, 26 ശതമാനം എന്നിങ്ങനെ നാലു സ്ലാബാണു നിർദേശിച്ചിട്ടുള്ളത്. ഉയർന്ന സ്ലാബിൽ വരുന്ന കാറുകൾ, സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾ, കോളാ പാനീയങ്ങൾ, പുകയില ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേക സെസ് ഏർപ്പെടുത്തുമെന്നാണു കേന്ദ്ര നിലപാട്. സംസ്‌ഥാനങ്ങൾ ഇതിനെതിരാണ്. സെസിനു പകരം 40 ശതമാനം എന്ന ഉയർന്ന നികുതി ചുമത്തണം എന്ന് അവർ നിർദേശിക്കുന്നു.

ഉയർന്ന 26 ശതമാനം സ്ലാബിലാണു ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ, സോപ്പ്, ഷാംപൂ, സ്പ്രേകൾ, സൗന്ദര്യ സംവർധകങ്ങൾ തുടങ്ങിയവ വരിക. ഇവയുടെ എക്സൈസ് ഡ്യൂട്ടി നിരക്കിനേക്കാൾ ഈ നിരക്ക് കുറവാണെന്നതുകൊണ്ട് ഇവയ്ക്കു വില കുറയും എന്ന ധാരണയുണ്ട്. ഉയർന്നനിരക്ക് കൂട്ടണമെന്ന സംസ്‌ഥാനങ്ങളുടെ സമ്മർദം ഫലിച്ചാൽ ആ വിലക്കുറവ് ഉണ്ടാകില്ല.
ഭൂരിപക്ഷം സാധനങ്ങൾക്കും സേവനങ്ങൾക്കും 18 ശതമാനമാകും നികുതി. ഇത് ഇപ്പോഴുള്ള നിരക്കുതന്നെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.