വി ഗാർഡിന് 39 കോടിയുടെ അറ്റാദായം
വി ഗാർഡിന് 39 കോടിയുടെ അറ്റാദായം
Saturday, October 22, 2016 11:36 AM IST
കൊച്ചി: സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ വി ഗാർഡ് ഇൻഡസ്ട്രീസിന് 39.19 കോടി രൂപയുടെ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 23 കോടി രൂപയായിരുന്ന അറ്റാദായമാണ് 69.94 ശതമാനത്തിന്റെ വളർച്ച കൈവരിച്ചത്.

വിറ്റുവരവ് 14.40 ശതമാനത്തിന്റെ വർധനയോടെ 493.2 കോടി രൂപയായും ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ 431.10 കോടിയായിരുന്നു വിറ്റുവരവ്.

ഇലക്ട്രിക് വാട്ടർ ഹീറ്റർ, പമ്പ്, ഫാൻ, ഡിജിറ്റൽ യുപിഎസ് വിപണിയിൽ കമ്പനിക്കു മികച്ച നേട്ടം ഉണ്ടാക്കാനായതായി വി ഗാർഡ് എംഡി മിഥുൻ കെ. ചിറ്റിലപ്പിള്ളി പത്രക്കുറിപ്പിൽ അറിയിച്ചു. ഓണം ഉത്സവസീസണിലെ വില്പനയും മികച്ചതായിരുന്നു. അസംസ്കൃത വസ്തുക്കളുടെ വില കുറഞ്ഞതും ചെലവുചുരുക്കലും ഉത്പന്നവില കുറയാൻ വഴിയൊരുക്കിയതായും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യൻ വിപണിയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിനൊപ്പം കൂടുതൽ ഗൃഹോപകരണങ്ങൾ വിപണിയിലെത്തിക്കാൻ കമ്പനിക്കു പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.