കുതിച്ചുപായാൻ കുഞ്ഞൻ ബ്രിയോ
കുതിച്ചുപായാൻ കുഞ്ഞൻ ബ്രിയോ
Saturday, October 22, 2016 11:36 AM IST
പോരായ്മകൾ തിരിച്ചറിഞ്ഞ് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിന് എന്നും തയാറായിട്ടുള്ള കമ്പനിയാണ് ഹോണ്ട. ഇതു സാധൂകരിക്കുന്ന നിരവധി തെളിവുകൾ നമുക്കു മുന്നിലുണ്ട്. ഇത്തരത്തിൽ അപാകതകൾ പരിഹരിച്ച് ഹോണ്ടയിൽനിന്നു പുതിയ ബ്രിയോ പുറത്തിറങ്ങി. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ കടുത്ത മത്സരമാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ കുറഞ്ഞ ചെലവിൽ കൂടുതൽ സൗകര്യം ലഭ്യമാക്കുന്നതിന് കമ്പനികൾ മത്സരിക്കുന്നു. 2010 അവസാനത്തോടെയാണ് ഈ സെഗ്മെന്റിൽ കൂടുതൽ കാറുകൾ പുറത്തിറങ്ങിത്തുടങ്ങിയത്. 2011ൽ പ്രീമിയം ഹാച്ച്ബാക്കായി ഹോണ്ട ബ്രിയോ അവതരിപ്പിച്ചു. സാമാന്യം നല്ല രീതിയിലുള്ള പ്രതികരണം ലഭിച്ചെങ്കിലും പലപ്പോഴായി മറ്റു കമ്പനികൾ കൂടുതൽ സൗകര്യം നല്കിയപ്പോൾ ബ്രിയോ പിന്തള്ളപ്പെട്ടു. പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്തു. വർഷങ്ങൾക്കു ശേഷം ചെറുത്തുനിൽപ്പിനുള്ള കരുത്തുമായി ബ്രിയോ വീണ്ടുമെത്തി. പുതുതായി നിരത്തിലെത്തിയ ബ്രിയോയുടെ വിശേഷങ്ങളിലേക്ക്:

ഹ്യുണ്ടായി ഗ്രാൻഡ് എ10, മാരുതി സ്വിഫ്റ്റ്, ഫോർഡ് ഫിഗോ എന്നിവരായിരുന്നു ബ്രിയോയുടെ എതിരാളികൾ. ആദ്യം പുറത്തിറങ്ങിയ ബ്രിയോ സൗന്ദര്യത്തിൽ ഇവരോടൊപ്പം പിടിച്ചുനിൽക്കാൻ കെൽപ്പുള്ളതായിരുന്നില്ല. എന്നാൽ, എതിരാളികൾ പലപ്പോഴായി മുഖംമിനുക്കിയുണ്ടാക്കിയ സൗന്ദര്യം ഒറ്റത്തവണകൊണ്ട് സ്വന്തമാക്കിയാണ് ബ്രിയോയുടെ വരവ്. മുന്നിൽ വരുത്തിയിരിക്കുന്ന മാറ്റം മാത്രം മതിയാവും ഇതു സാധൂകരിക്കാൻ. ഹോണ്ടയുടെ തനതായ ഡിസൈനിംഗ് വെളിവാക്കുന്നതാണ് മുൻവശത്തെ ഗ്രില്ല്. വലിയ ബമ്പറിൽ പുറത്തേക്കു തള്ളി നിൽക്കുന്ന തിളക്കമാർന്ന സിംഗിൾ സ്ലാറ്റ് ഗ്രില്ലും അതിനു സമാന്തരമായി സിൽവർ ക്യാരക്ടർ ലൈനും താഴെയായി ഹണി കോമ്പ് ഷേപ്പിൽ തീർത്ത എയർ ടാമുകളുമാണ് പുതുമ. ഹെഡ്ലാമ്പിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെങ്കിലും അല്പംകൂടി മുന്നിലേക്ക് സ്‌ഥാനചലനം നല്കിയിട്ടുണ്ട്. ബമ്പറിൽ പ്രത്യേക പോർഷനിൽതന്നെ വളരെ സുരക്ഷിതമായാണ് ഫോഗ് ലാമ്പ് സ്‌ഥാനമുറപ്പിച്ചിരിക്കുന്നത്. ചുരുക്കത്തിൽ വാഹനപ്രേമികളെ ആകർഷിക്കാനുള്ള സൗന്ദര്യചാരുത വാഹനത്തിനു മുന്നിൽത്തന്നെയുണ്ട്.

പുതിയ രൂപത്തിനൊപ്പം ടേൺ ഇൻഡിക്കേറ്ററുകളും നല്കിയിരിക്കുന്ന റിയർവ്യു മിററാണ് വശങ്ങളിലെ പുതുമ. പിന്നിൽ കാര്യമായ മാറ്റം നല്കിയിട്ടില്ലെങ്കിലും ബ്രേക്ക്ലൈറ്റോടു കൂടിയ സ്പോയിലർ നല്കിയിരിക്കുന്നത് മാത്രമാണ് എടുത്തു പറയാനുള്ളത്.

പഴയ ബ്രിയോയിൽ പോരായ്മയായി കരുതിയിരുന്നത് പിന്നിലെ വലിയ ഗ്ലാസാണ്. കരുത്തേറിയ ഗ്ലാസ് നല്കിയിട്ടുണ്ടെങ്കിലും പുതിയ ബ്രിയോയിലും ആ ന്യൂനത എടുത്തുനിൽക്കുന്നുണ്ട്. ഇതുതന്നെയാണ് ബ്രിയോയുടെ സൗന്ദര്യമെന്നും വേണമെങ്കിൽ പറയാം.


ഇന്റീരിയർ: ഹോണ്ടയിൽനിന്ന് അടുത്തിടെ രൂപം മാറിയിറങ്ങിയ എല്ലാ കാറുകളുടെയും ഇന്റീരിയറിനു സമാനസ്വഭാവം നല്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. പഴയ ബ്രിയോയുടെ ഏറ്റവും വലിയ പോരായ്മയായി പറഞ്ഞിരുന്നത് ഇന്റീരിയറും ഡാഷ്ബോർഡുമാണ്. എന്നാൽ, പുതിയ ബ്രിയോയിൽ മാറ്റമുണ്ട്. വളരെ സോഫ്റ്റ് പ്ലാസ്റ്റിക്കിൽ നിർമിച്ച ബ്ലാക്ക് ഡാഷ് ബോർഡാണ് പുതിയ ബ്രിയോയ്ക്ക് നല്കിയിരിക്കുന്നത്. മുമ്പ് വൃത്താകൃതിയിൽ വന്നിരുന്ന എസി വെന്റുകൾക്കുമുണ്ടു മാറ്റം, ചതുരാകൃതിയിൽ വളരെ വലിയ വെന്റുകൾ. സെന്റർ കൺസോളിൽ കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. ഹാൻഡ്സ് ഫ്രീ ടെലിഫോൺ സൗകര്യത്തിനൊപ്പം യുഎസ്ബി, എഫ്എം, ബ്ലൂടൂത്ത്, ഓക്സിലറി എന്നിവ നല്കിയിരിക്കുന്ന അഡ്വാൻസ്ഡ് മ്യൂസിക് സിസ്റ്റവും നല്കിയിരിക്കുന്നു. അനലോഗ് രീതിയിൽനിന്നു മാറി ഡിജിറ്റൽ എസി കൺട്രോൾ പാനൽ നല്കിയിരിക്കുന്നത് സെന്റർ കൺസോളിന് കൂടുതൽ ഭംഗി നല്കുന്നു.

175 ലിറ്റർ ബൂട്ട് സ്പേസിനൊപ്പം വളരെ വിശാലമായ സീറ്റിംഗും ഒരുക്കിയിട്ടുള്ള ബ്രിയോയ്ക്ക് 3610 എംഎം നീളവും 1680എംഎം വീതിയും 1500 എംഎം ഉയരവുമാണുള്ളത്. 15 ഇഞ്ച് അലോയിക്കൊപ്പം 165 എംഎം ഗ്രൗണ്ട് ക്ലിയറൻസും ബ്രിയോ നല്കുന്നു.

സുരക്ഷ: അനിവാര്യമായ സുരക്ഷാസംവിധാനങ്ങളും ബ്രിയോ നല്കുന്നുണ്ട്. ടോപ് എൻഡ് മോഡലുകൾക്ക് ഡുവൽ എയർബാഗും, എബിഎസ് ഇബിഡി ബ്രേക്കിംഗ് സംവിധാനവും, റിയർ ഡി ഫോഗർ, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയവയും സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നു.

എൻജിൻ: 1.2 ഐ–വിടെക് എൻജിനിൽ അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്, മാന്വൽ ഗിയർ ബോക്സുകളിൽ ബ്രിയോ പുറത്തിറങ്ങുന്നുണ്ട്. 1198 സിസി നാല് സിലണ്ടർ എൻജിൻ 109 എൻഎം ടോർക്കിൽ 88 പിഎസ് പവർ ഉത്പാദിപ്പിക്കുന്നു.

ഇന്ധനക്ഷമത: മാന്വൽ ഗിയർ ബോക്സിൽ 18.5 കിലോമീറ്ററും ഓട്ടോമാറ്റിക് ഗിയറിൽ 16.5 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

വില: അഞ്ച് നിറങ്ങളിൽ അവതരിപ്പിക്കുന്ന ബ്രിയോയുടെ മാന്വൽ മോഡലുകൾക്ക് 5.50 ലക്ഷം മുതൽ 7.14 ലക്ഷം രൂപ വരെയും ഓട്ടോമാറ്റികിന് 8.06, 8.11 ലക്ഷം രൂപയുമാണ് കോട്ടയത്തെ ഓൺറോഡ് വില.

ടെസ്റ്റ്ഡ്രൈവ്: വിഷൻ ഹോണ്ട കോട്ടയം, 9847734444

അജിത് ടോം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.