ദീപാവലിയിൽ പ്രതീക്ഷയർപ്പിച്ച് ഓഹരിവിപണി
ദീപാവലിയിൽ പ്രതീക്ഷയർപ്പിച്ച് ഓഹരിവിപണി
Sunday, October 23, 2016 11:08 AM IST
ഓഹരി അവലോകനം/ സോണിയ ഭാനു

മുംബൈ: ദീപാവലി മുഹൂർത്ത വ്യാപാരത്തിനുള്ള ഒരുക്കത്തിലാണ് വിപണി. സംവത്ത് 2072 നിക്ഷേപകർക്ക് സമ്മാനിച്ച നേട്ടം പുതുവർഷത്തിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണവർ. നടപ്പ് സംവത്ത് വർഷത്തിൽ സെൻസെക്സ് എട്ടു ശതമാനം ഉയർന്നു. ഹിന്ദു കലണ്ടർ വർഷമായ വിക്രം സംവത്തിന്റെ ആദ്യദിനത്തിലാണ് ഓഹരിവിപണിയിൽ മുഹൂർത്തവ്യാപാരം അരങ്ങേറുക. ഞായറാഴ്ചയാണ് പുതുവർഷത്തിന്റെ ആദ്യവ്യാപാരം. കഴിഞ്ഞ വർഷം മാർച്ചിൽ രേഖപ്പെടുത്തിയ സർവകാല റിക്കാർഡായ 30,024 പോയിന്റിലെ പ്രതിരോധം ബോംബെ സെൻസെക്സ് സംവത്ത് 2073ൽ മറികടക്കുമെന്ന നിഗമനത്തിലാണ് ഓപ്പറേറ്റർമാർ.

ബോംബെ സെൻസെക്സ് 433 പോയിന്റും നിഫ്റ്റി 109 പോയിന്റും കഴിഞ്ഞ വാരം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് ഇൻഡക്സ് 182 പോയിന്റും സ്മോൾ ക്യാപ് ഇൻഡക്സ് 255 പോയിന്റും കയറി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും പ്രദേശിക നിക്ഷേപകരും വിപണിയോടു കാണിച്ച താത്പര്യം മുന്നേറ്റത്തിന്റെ വേഗത കൂട്ടി.

അതേസമയം, വിദേശഫണ്ടുകൾ വില്പനയ്ക്കു മുൻതുക്കം നൽകി. സെപ്റ്റംബറിൽ ചൈനയുടെ കയറ്റുമതിക്കു നേരിട്ട തളർച്ചയാണോ വിദേശഫണ്ടുകളെ എമർജിംഗ് വിപണികളിൽനിന്ന് നിക്ഷേപം തിരിച്ചുപിടിക്കാൻ പ്രേരിപ്പിച്ചത്? ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ചൈന അമേരിക്കയെ പിൻതള്ളി ഒന്നാം സ്‌ഥാനത്തേക്കു സെപ്റ്റംബറിൽ കയറിയ വിവരം വാരാന്ത്യമാണ് ബെയ്ജിംഗ് പുറത്തുവിട്ടത്. പ്രതിദിനം 8.08 മില്യൻ ബാരൽ എണ്ണയാണ് ചൈന ഇറക്കുമതി നടത്തുന്നത്. ഇതാവട്ടെ മുൻവർഷത്തെ അപേക്ഷിച്ച് 18 ശതമാനം കൂടുതലും. അതായത് ചൈനയുടെ കയറ്റുമതി കുറയുന്നതും ഇറക്കുമതി ഉയരുന്നതും അവരുടെ നാണയമായ യുവാന്റെ മൂല്യത്തിൽ സമ്മർദം വർധിപ്പിക്കും. ഏഴു വർഷത്തെ ഏറ്റവും താഴ്ന്ന റേഞ്ചിലാണ് യുവാൻ.

അതേസമയം, ആഗോളവിപണിയിൽ എണ്ണവില താഴ്ന്നതു നേട്ടമാക്കാനാണ് കഴിഞ്ഞ മാസം ഇറക്കുമതിത്തോത് വർധിപ്പിച്ചതെന്ന നിലപാടിലാണു ചൈന. അങ്ങനെയെങ്കിൽ യുവാന്റെ വിനിമയമൂല്യം ഇത്രയേറെ ദുർബലമായ അവസരത്തിൽ ബെയ്ജിംഗ് ഇത്തരം ഒരു സാഹസത്തിനു മുതിരുമോ? രണ്ടു വർഷത്തിനിടെ ക്രൂഡ് ഓയിൽ വില ബാരലിന് 30 ഡോളറിലും താഴ്ന്ന അവസരത്തിൽ ഇറക്കുമതിക്ക് അവർ എന്തുകൊണ്ട് ആവേശം കാണിച്ചില്ല. ന്യൂയോർക്കിൽ ക്രൂഡ് ഓയിൽ ബാരലിന് 50.85 ഡോളറിലാണ്.


ഫണ്ടുകൾ കഴിഞ്ഞ വാരം ഇന്ത്യയിൽ 2,273 കോടി രൂപയുടെ വില്പന നടത്തി. ഫെബ്രുവരിക്കു ശേഷം ഒറ്റ വാരത്തിൽ ഇത്രയേറെ വില്പന വിദേശ ഓപ്പറേറ്റർമാർ നടത്തുന്നത് ആദ്യം. അന്നത്തെ അവരുടെ വില്പന മൂല്യം പിന്നീട് നിഫ്റ്റി ആറര ശതമാനം തിരുത്തലിനെ അഭിമുഖീകരിച്ചിരുന്നു.

നിക്ഷേപം തിരിച്ചുപിടിക്കാൻ ഫണ്ടുകൾ നടത്തിയ നീക്കം ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപയെ കഴിഞ്ഞവാരം ദുർബലമാക്കി. 66.70ൽനിന്ന് രൂപയുടെ മൂല്യം 67.89ലേക്ക് ഇടിഞ്ഞു. വിനിമയ വിപണിയിലെ ചലനങ്ങൾ കണക്കിലെടുത്താൽ രൂപയുടെ മൂല്യം 68ലേക്കു നീങ്ങാം.

ബോംബെ സെൻസെക്സ് താഴ്ന്ന നിലവാരമായ 27,494ൽനിന്ന് 28,212 വരെ ഉയർന്നു. വ്യാപാരാന്ത്യം സൂചിക 28,077ലാണ്. ഈ വാരം സൂചികയ്ക്ക് 28,361ൽ ആദ്യതടസം നേരിടാം. ഇതു മറികടക്കാനായാൽ ലക്ഷ്യം 28,645–29,079ലേക്കാവും. വിപണിയുടെ മറ്റു സാങ്കേതിക വശങ്ങൾ നിരീക്ഷിച്ചാൽ പാരാബോളിക് എസ്എആർ, എംഎസിഡി, സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് എന്നിവ ബുള്ളിഷാണ്.

നിഫ്റ്റി 8,508ൽനിന്ന് 8,722 വരെ കയറി. ക്ലോസിംഗിൽ സൂചിക 8,693ലാണ്. ഈവാരം ഒക്ടോബർ സീരീസ് സെറ്റിൽമെന്റാണ്. മുൻവാരത്തിലെ വൻ ഷോട്ട് കവറിംഗ് കണക്കിലെടുത്താൽ വാരത്തിന്റെ ആദ്യപകുതിയിൽ കാര്യമായ ചാഞ്ചാട്ടങ്ങൾക്കിടയില്ല. എന്നാൽ, ദീപാവലിയുടെ ആവേശം വിപണിയിൽ അലയടിച്ചാൽ വൻ നിക്ഷേപങ്ങൾക്ക് ഓപ്പറേറ്റർമാർ നീക്കം നടത്താം. 100 ഡിഎംഏ ആയ 8,500 റേഞ്ചിൽ ശക്‌തമായ താങ്ങ് നിലനിർത്തുന്ന വിപണി ഈ വാരം 21 ഡേ, 50 ഡേ മൂവിംഗ് ആവറേജിനു മുകളിൽ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ക്ലോസിംഗിൽ 8700–8750നു മുകളിൽ ഇടം കണ്ടെത്തിയാൽ ദീപാവലി വേളയിൽ സൂചികയിൽ വെടിക്കെട്ടു തന്നെ പ്രതീക്ഷികാം. ഈ വാരം നിഫ്റ്റിയുടെ ആദ്യ പ്രതിരോധം 8,774 ലാണ്. ഇതു മറികടന്നാൽ 8,855–8,988 വരെ നിഫ്റ്റി കുതിക്കാം. സൂചികയുടെ താങ്ങ് 8,560–8,427 പോയിന്റിലാണ്.

അമേരിക്കയിൽ ഡൗ ജോൺസ് സൂചിക 18,145ലും എസ് ആൻഡ് പി ഇൻഡക്സ് 2,141ലും നാസ്ഡാക് 5,257ലും ക്ലോസിംഗ് നടന്നു. യുഎസ് ഡോളർ ഇൻഡക്സ് കുതിക്കുകയാണ്. ഡോളർ സൂചികയുടെ മുന്നേറ്റത്തിനിടെ പ്രമുഖ കറൻസികൾക്കു മുന്നിൽ യുറോ ഏഴാഴ്ചകളിലെ താഴ്ന്ന നിലവാരം ദർശിച്ചു. വാരാന്ത്യം ഡോളർ ഇൻഡക്സ് 98.62ലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.