22 കോടിയുടെ ഇടപാടിൽ അഴിമതിയെന്ന്
22 കോടിയുടെ ഇടപാടിൽ  അഴിമതിയെന്ന്
Wednesday, October 26, 2016 11:55 AM IST
മുംബൈ: രത്തൻ ടാറ്റയ്ക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ച് ടാറ്റാസൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി. എയർ ഏഷ്യയുമായുള്ള സംയുക്‌ത വിമാനകമ്പനിയുടെ കാര്യത്തിൽ 22 കോടിയുടെ ഇടപാടിൽ വഞ്ചന ഉണ്ടെന്നാണ് ആരോപണം. ഇല്ലാത്ത ആൾക്കാരുടെയോ സ്‌ഥാപനങ്ങളുടെയോ പേരിൽ പണ കൈമാറ്റം നടന്നത്രെ.

ടാറ്റാ സൺസ് ഡയറക്ടർമാർക്ക് അയച്ച കത്തിലാണിത്.

രണ്ടുവിമാനക്കമ്പനികൾ ഒരേ സമയം എന്നത് അബദ്ധ ആശയമായെന്ന് മിസ്ത്രി പറയുന്നു. രത്തൻ ടാറ്റയുടെ വ്യോമയാന കൗതുകം മാത്രമാണ് അമിത മൂലധനമുടക്കിൽ രണ്ടു കമ്പനികൾ തുടങ്ങാനിടയാക്കിയത്.


നാനോ ചെറുകാർ തുടക്കത്തിലേ അബദ്ധമായിരുന്നു. ഒരുലക്ഷം രൂപയ്ക്ക് കാർ ഇറക്കാൻ സാധ്യമായിരുന്നില്ല. നഷ്‌ടത്തിലായിട്ടും അതു നിർത്താൻ സമ്മതിച്ചില്ല. ആയിരം കോടി രൂപ വരെ നഷ്‌ടം അതുമൂലം വന്ന വർഷങ്ങൾ ഉണ്ട്.

ഇൻഡോനേഷ്യൻ കൽക്കരി ഉപയോഗിക്കാമെന്നു കരുതി തുടങ്ങിയ മുന്ദ്ര പവർ പ്ലാന്റും ഗ്രൂപ്പിനു വലിയ ബാധ്യതയായി. 18,000 കോടി രൂപ അതിനു മുടക്കി. ഭാവിയിൽ അതു വലിയ നഷ്‌ടം ഉണ്ടാക്കും– മിസ്ത്രി കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.