ടാറ്റായെ ആരു നയിക്കും?
ടാറ്റായെ ആരു നയിക്കും?
Friday, October 28, 2016 12:07 PM IST
ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ മാതൃകമ്പനിയായ ടാറ്റാ സൺസിന് ആരാകും അടുത്ത സാരഥി? തിങ്കളാഴ്ച സൈറസ് മിസ്ത്രിയെ പുറത്താക്കിയപ്പോൾ മുതൽ കേൾക്കുന്ന ചോദ്യം. ആർക്കും ഉത്തരമില്ല.

അഞ്ചുവർഷം മുമ്പ് മിസ്ത്രിയെ പിൻഗാമിയായി കണ്ടെത്തിയപ്പോൾ പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങൾ നടന്നത്. ഇനി ആ തെറ്റുകൾ വരരുതെന്നു ടാറ്റാ സൺസ് ആഗ്രഹിക്കും. ഗ്രൂപ്പിന്റെ ചൈതന്യവും ശൈലിയും മിസ്ത്രി ഉൾക്കൊള്ളാത്തതാണു പ്രശ്നമായതെന്നു ചിലർ കരുതുന്നു. ടാറ്റാ കമ്പനികളിൽ വേണ്ടത്ര പരിചയമില്ലാത്തതാണു പ്രശ്നമെന്നു മറ്റുചിലർ. ബിസിനസ് കാഴ്ചപ്പാടിലെ വൈരുധ്യമെന്നു വേറെ ചിലർ. 78 വയസുള്ള രത്തൻ ടാറ്റയുടെ പിൻസീറ്റ് ഡ്രൈവിംഗ് 48 വയസുള്ള മിസ്ത്രിക്ക് ഇഷ്‌ടപ്പെടാതെ വന്നതാണു പ്രശ്നമെന്നും വിലയിരുത്തലുണ്ട്.

ഏതായിരുന്നാലും നാലു മാസത്തിനകം പിൻഗാമിയെ കണ്ടെത്താനാണു ശ്രമം. അതിനു രത്തൻ ടാറ്റ അടക്കം അഞ്ചു പേരുള്ള കമ്മിറ്റിയെ നിയോഗിച്ചു.

പിൻഗാമിയാകാൻ സാധ്യത ഉള്ളവരായി നിരവധി പേരുകൾ പരാമർശിക്കപ്പെടുന്നു. അവരിൽ മുന്നിൽ ഉയരുന്ന മൂന്നു പേരുകൾ ടിസിഎസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ എൻ. ചന്ദ്രശേഖരൻ, ടാറ്റാ മോട്ടോഴ്സിന്റെ ഭാഗമായ ജഗ്വാർ ലാൻഡ് റോവറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റാൾഫ് സ്പെത്, ടാറ്റാ ഇന്റർനാഷണലിന്റെയും ട്രെന്റ് ലിമിറ്റഡിന്റെയും മേധാവി നോയൽ ടാറ്റ എന്നിവരുടേതാണ്.

എൻ. ചന്ദ്രശേഖരൻ



തമിഴ്നാട്ടിലെ നാമക്കലിൽ ജനനം. 53 വയസ്. തിരുച്ചിറപ്പള്ളി എൻഐടിയിൽനിന്ന് എംസിഎ. 1987–ൽ ടിസിഎസിൽ ചേർന്നു. 2009 മുതൽ സിഇഒ. കഴിഞ്ഞ ദിവസം ടാറ്റാ സൺസ് ഡയറക്ടറായി. 1.1 ലക്ഷം കോടിയിലേറെ രൂപ വരുമാനവും മൂന്നു ലക്ഷം ജീവനക്കാരും ഉള്ള ടിസിഎസ് ടാറ്റാ ഗ്രൂപ്പിന്റെ ആദായത്തിൽ മുഖ്യപങ്കുവഹിക്കുന്നു. നഷ്‌ട സാധ്യതയെ ഭയക്കാത്ത ഇദ്ദേഹത്തെപ്പറ്റി രത്തൻ ടാറ്റയ്ക്കു വലിയ മതിപ്പാണ്.




റാൾഫ് സ്പെത്



ജർമൻകാരൻ. വാഹനവ്യവസായത്തിൽ ദീർഘകാല പാരമ്പര്യം. 61 വയസ്. ബിഎംഡബ്ല്യു, ലിൻഡെ, ഫോർഡ് എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. 2008–ൽ ജഗ്വാർ ലാൻഡ് റോവർ ടാറ്റായുടേതായപ്പോൾ സിഇഒ ആയി. ഇന്ത്യക്കാരനല്ലാത്തതും വാഹനവ്യവസായത്തിൽ മാത്രമാണു പരിചയമെന്നതും അയോഗ്യതയാകാം. ബ്രിട്ടീഷ് രാജ്‌ഞി കഴിഞ്ഞവർഷം ഇദ്ദേഹത്തിനു നൈറ്റ് പദവി നൽകിയിരുന്നു.



നോയൽ ടാറ്റ



രത്തൻ ടാറ്റയുടെ അർധസഹോദരൻ. കഴിഞ്ഞതവണയും നോയൽ പരിഗണിക്കപ്പെട്ടതാണ്. സൈറസ് മിസ്ത്രിയുടെ സഹോദരി അലൂ ആണ് ഈ അമ്പത്തൊമ്പതുകാരന്റെ ഭാര്യ. നേവൽ ടാറ്റയുടെയും സിമോണിന്റെയും മകനാണ്. റീട്ടെയിൽ കമ്പനി ട്രെന്റും ടാറ്റാ ഇന്റർനാഷണലും ഇദ്ദേഹമാണു നയിക്കുന്നത്. വെസ്റ്റ് സൈഡ് എന്ന റീട്ടെയിൽ ശൃംഖല വിജയിപ്പിച്ചതു നോയലാണ്. 2003 മുതൽ ടാറ്റാ ഇൻഡസ്ട്രീസ് ഡയറക്ടർ. ടാറ്റാ കുടുംബാംഗം എന്നതു ഫ്രാൻസിൽ പഠിച്ച നോയലിന് ഉയർന്ന പദവിയിലേക്കു സഹായക ഘടകമാകാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.