കറൻസി റദ്ദാക്കലിൽ തകർന്നടിഞ്ഞ് വിവിധ വാണിജ്യമേഖലകൾ
കറൻസി റദ്ദാക്കലിൽ തകർന്നടിഞ്ഞ് വിവിധ വാണിജ്യമേഖലകൾ
Tuesday, November 29, 2016 1:23 PM IST
രാജ്യത്ത് വലിയ തുകകളുടെ കറൻസികൾ റദ്ദാക്കിയിട്ട് 20 ദിവസം പിന്നിട്ടു. ജനങ്ങൾ ഇപ്പോഴും എടിഎമ്മുകളുടെ മുന്നിൽത്തന്നെ. രാജ്യത്ത് ഏറ്റവുമധികം പണമിടപാടു നടക്കുന്ന മേഖലകളിലെല്ലാംതന്നെ സമ്മിശ്ര പ്രതികരണം. എങ്കിലും പണമിടപാടുകളിൽ കാര്യമായ ഇടിവും നഷ്‌ടവും സംഭവിച്ചിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

വാഹനം

കറൻസികൾ പിൻവലിച്ചതോടെ വാഹനവിപണി കുത്തനെ ഇടിഞ്ഞു. ഇരുചക്രം, കൊമേഴ്സൽ വെഹിക്കിൾ, ആഡംബര വാഹനങ്ങൾ എന്നിവയുടെയെല്ലാം വില്പനയെ കറൻസി റദ്ദാക്കൽ സാരമായി ബാധിച്ചു. യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിൽ 40–50 ശതമാനം വില്പന ഇടിഞ്ഞപ്പോൾ കൊമേഴ്സൽ വിഭാഗത്തിൽ 50–60 ശതമാനമാണ് ഇടിവ്. ഇരുചക്ര വാഹനങ്ങളുടെ വില്പനയും സാരമായി ഇടിഞ്ഞു, 20–40 ശതമാനം. വില്പന സാരമായി ഇടിഞ്ഞെങ്കിലും പലിശയും നികുതിയും വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്നുള്ളതു നേട്ടമാണ്.

ഹോസ്പിറ്റാലിറ്റി/ട്രാവൽ

ഏറ്റവുമധികം നഷ്‌ടം നേരിടേണ്ടവന്ന വിഭാഗമാണ് ടൂറിസം. ഹോട്ടൽ ബുക്കിംഗുകളിൽ ഏറിയ പങ്കും കാൻസലായി. വിമാനയാത്രകളും കുറഞ്ഞു.

പണമിടപാടുകൾക്ക് ഇപ്പോൾ ഏറിയ പങ്കും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ തുടങ്ങി. ഡിജിറ്റൽ വാലറ്റ് ഉപയോഗം കൂടി.

അവശ്യവസ്തുക്കൾ

ജനങ്ങളുടെ വാങ്ങൽ താത്പര്യം കുറഞ്ഞു. ചോക്ലേറ്റ്, ഐസ്ക്രീം തുടങ്ങിയവയുടെ വില്പന കുത്തനെ താഴേക്കു പോയി. ഗ്രാമപ്രദേശങ്ങളിൽ അവശ്യസാധനങ്ങളുടെ വില്പന 20–30 ശതമാനം ഇടിഞ്ഞു. ജനങ്ങളുടെ പക്കൽ ക്രയവിക്രയത്തിനുള്ള പണമില്ലാത്തതുതന്നെ കാരണം. അതേസമയം സോപ്പ്, പേസ്റ്റ് തുടങ്ങിയവയുടെ വില്പനയെ ബാധിച്ചില്ല.


മൊത്തക്കച്ചവടക്കാർ കുടിശിക അടയ്ക്കാനുള്ള തുക റദ്ദാക്കിയ കറൻസി ഉപയോഗിച്ച് അടച്ചുതീർത്തു.

ബാങ്കിംഗ്

ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മേഖല. കറന്റ്, സേവിംഗ്സ് അക്കൗണ്ടുകളുടെ എണ്ണം കൂടി. വരവ് ഉയർന്ന് എട്ടു ലക്ഷം കോടിക്കു മുകളിലായി.

നോൺ ബാങ്കിംഗ് സ്‌ഥാപനങ്ങളുടെ തവണശേഖരണം മുടങ്ങിയത് ഈ മേഖലയിലെ നഷ്‌ടം.

ഇ–കൊമേഴ്സ്

ഇന്ത്യൻ ഇ–കൊമേഴ്സ് സ്‌ഥാപനങ്ങളുടെ വില്പന ഗണ്യമായി ഇടിഞ്ഞു. ഇതുവരെ 70 ശതമാനം ഇടിവാണു രേഖപ്പെടുത്തിയത്. കാഷ് ഓൺ ഡെലിവറി ഇടിഞ്ഞതിനൊപ്പം ഓർഡർ കാൻസലേഷനും വർധിച്ചു.

സ്വർണവിപണി

സ്വർണവില്പന കുത്തനെ താഴേക്കു പോയി. ജ്വല്ലറികൾ അടച്ചിടേണ്ടിവന്നു. വിവാഹസീസൺ ആയിരുന്നിട്ടുപോലും കാര്യമായ വില്പന നടന്നില്ല. വിലയും താഴേക്കു പോയി. ഡിസംബറിലും ഈ താഴ്ച പ്രതീക്ഷിക്കുന്നുണ്ട്.

വിനോദം

റിലീസ് ചെയ്ത സിനിമകൾക്ക് കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. സിനിമാപ്രേമികൾ തിയറ്റർ വിട്ടുനിന്നതിനാൽ മിക്ക സിനിമകളുടെയും റിലീസിംഗ് മാറ്റിവച്ചു. ഓൺലൈൻ ബുക്കിംഗുകൾ അല്പം കൂടിയിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റ് റിസർവേഷനിൽത്തന്നെ സിനിമാ മേഖല ഉറ്റുനോക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.