ടി.എസ്. അനന്തരാമൻ കാത്തലിക് സിറിയൻ ബാങ്ക് ചെയർമാൻ
ടി.എസ്. അനന്തരാമൻ കാത്തലിക് സിറിയൻ ബാങ്ക് ചെയർമാൻ
Wednesday, November 30, 2016 1:25 PM IST
കൊച്ചി: തൃശൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കാത്തലിക് സിറിയൻ ബാങ്കിന്റെ ചെയർമാനായി ടി.എസ്.അനന്തരാമനെ തെരഞ്ഞെടുത്തു. നിലവിലെ ചെയർമാൻ എസ്. സന്താനകൃഷ്ണൻ ഡയറക്ടറായി തുടരും. ഇന്നലെ തൃശൂരിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

കാനഡയിലെ വ്യവസായ പ്രമുഖനായ ശതകോടീശ്വരൻ പ്രേം വത്സയുടെ ഉടമസ്‌ഥതയിലുള്ള ഫെയർഫാക്സ് ഫിനാൻഷൽ ഹോൾഡിംഗ്സിൽനിന്ന് 1000 കോടി രൂപ സ്വീകരിക്കാൻ തങ്ങൾ സന്നദ്ധമാണെന്ന് എസ്.സന്താനകൃഷ്ണനും ടി.എസ്.അനന്തരാമനും പത്രസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ, ഇത് ബാങ്കിന്റെ പ്രവർത്തനത്തിൽ ഘടനാപരമായ ഒരു വ്യത്യാസവും ഉണ്ടാക്കില്ല. തൃശൂരിൽനിന്ന് ബാങ്കിന്റെ ആസ്‌ഥാനം മാറില്ലെന്നും പേരിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടാകില്ലെന്നും അവർ വ്യക്‌തമാക്കി. ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗം ഫെയർ ഫാക്സുമായി ബന്ധപ്പെട്ട ഒരു കാര്യവും ചർച്ച ചെയ്തില്ല. ഇതിനായി റിസർവ് ബാങ്കിന്റെ അറിയിപ്പ് ലഭിച്ചതിനു ശേഷം പ്രത്യേകം ബോർഡ് യോഗം ചേരും. ഇന്നലത്തേത് സാധാരണ ഡയറക്ടർ ബോർഡ് യോഗമായിരുന്നുവെന്നും അവർ പറഞ്ഞു.

രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണറായിരിക്കെ ബാങ്കുകൾക്കു മൂലധന സ്വീകരണത്തിൽ കൂടുതൽ ഇളവ് വരുത്തിക്കൊണ്ട് പുതിയ നയം രൂപീകരിച്ചതിനുശേഷം ഫെയർ ഫാക്സ് ഫിനാൻഷൽ ഹോൾഡിംഗ്സ് ഇന്ത്യൻ ബാങ്കുകളിൽ മൂലധനം മുടക്കുന്നതിനുള്ള സന്നദ്ധതയുമായി റിസർവ് ബാങ്കിനെ സമീപിക്കുകയായിരുന്നുവെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ഇതേതുടർന്ന് നാലോളം ബാങ്കുകളുടെ പട്ടിക റിസർവ് ബാങ്ക് ഫെയർ ഫാക്സിന് കൈമാറി. അതിൽ കാത്തലിക് സിറിയൻ ബാങ്കും ഉൾപ്പെട്ടിരുന്നു. നാലു ബാങ്കുകളുടെയും ചരിത്രവും പശ്ചാത്തലവും പരിശോധിച്ച ഫെയർ ഫാക്സ് ഇതിൽ നിന്ന് കാത്തലിക് സിറിയൻ ബാങ്കിൽ മൂലധനം മുടക്കാനുള്ള താത്പര്യം റിസർവ് ബാങ്കിനെ അറിയിച്ചു.

തുടർന്ന് ഇക്കഴിഞ്ഞ ജൂൺ രണ്ടിന് റിസർവ് ബാങ്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കാത്തലിക് സിറിയൻ ബാങ്കിന് കത്തയച്ചു. അടിയന്തരമായി ജൂൺ നാലിന് ബംഗളൂരുവിൽ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ചേർന്ന് ഇതു ചർച്ച ചെയ്യുകയും മൂലധനം സ്വീകരിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. പിന്നീട് പലതവണ റിസർവ് ബാങ്കുമായും ഫെയർഫാക്സുമായും മുംബൈയിൽ വച്ച് ചർച്ച ചെയ്തു. ചെറിയ തുക മുതൽ മുടക്കുന്നതിന് താത്പര്യമില്ലെന്ന നിലപാടാണ് ഫെയർ ഫാക്സിന്റെ ഭാഗത്തുനിന്നുണ്ടായത്.

ബാങ്കിന്റെ ആധുനികവത്കരണത്തിനും മൂലധന വിപുലീകരണത്തിനും 1000 കോടി രൂപയെങ്കിലും വേണ്ടിവരുന്ന സാഹചര്യത്തിൽ ഇത്രയും തുക സ്വീകരിക്കുന്നത് ഉചിതമാകുമെന്ന ചിന്ത മാനേജ്മെന്റിന് ഉണ്ടായി. ഇത്തരം ചർച്ചകൾ നടക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം ഫെയർ ഫാക്സ് 51 ശതമാനം ഓഹരി പങ്കാളിത്തം ബാങ്കിൽ സമ്പാദിക്കുമെന്നും മറ്റുമുള്ള വാർത്തകൾ വന്നത്.

എന്നാൽ, ഇതുസംബന്ധിച്ച ഒരു അറിയിപ്പും റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് ചൊവ്വാഴ്ച എന്തെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ എന്നറിയുന്നതിനായി റിസർവ് ബാങ്കിന് കത്തയച്ചിട്ടുണ്ട്. അതിന്റെ മറുപടി ലഭിക്കുന്ന മുറയ്ക്ക് മറ്റു നടപടികളിലേക്കു കടക്കും.


ഫെയർഫാക്സിൽനിന്ന് 1000 കോടി സ്വീകരിക്കുമെങ്കിലും അതിൽ എത്ര ഓഹരിയായിട്ടും എത്ര ബോണ്ടായിട്ടും വേണമെന്നതടക്കമുള്ള വിശദാംശങ്ങളിലേക്കൊന്നും കടന്നിട്ടില്ല.

എത്ര ശതമാനം മൂലധനം മുടക്കിയാലും പ്രമോട്ടർക്ക് 15 ശതമാനം വോട്ടവകാശമേ ഉണ്ടായിരിക്കുകയുള്ളൂ. ഫെയർഫാക്സ് മുതൽ മുടക്കുന്ന 1000 കോടി രൂപയിൽ 300 കോടി രൂപ ബാങ്കിന്റെ ആധുനികവത്കരണത്തിനും ശേഷിക്കുന്ന പണം മൂലധനമായും പ്രയോജനപ്പെടുത്തും. മാർച്ചോടെ ഈ പണം ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ കഴിയുമെന്നാണു കരുതുന്നത്.

തുടർന്ന് ബാങ്കിന്റെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. 2017 അവസാനത്തോടെയോ 2018 തുടക്കത്തോടെയോ ഇതു സാധിക്കുമെന്നാണ് കരുതുന്നത്. പത്രസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ സി.വി.ആർ.രാജേന്ദ്രനും പങ്കെടുത്തു.

പ്രാഗത്ഭ്യം തെളിയിച്ചസാമ്പത്തിക വിദഗ്ധൻ

സാമ്പത്തിക വിദഗ്ധനായ ടി.എസ്. അനന്തരാമൻ 2009 മുതൽ കാത്തലിക് സിറിയൻ ബാങ്കിന്റെ ഡയറക്ടറാണ്. തൃശൂർ ചേംബർ ഓഫ് കോമേഴ്സ്, പെനിൻസുലാർ കാപ്പിറ്റൽ മാർക്കറ്റ് ലിമിറ്റഡ്, കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ട്രിച്ചൂർ മാനേജ്മെന്റ് അസോസിയേഷന്റെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. 2006–2008 വരെ തൃശൂർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റായി പ്രവർത്തിച്ചു. 1996 മുതൽ 2005 വരെ പെനിൻസുലാർ കാപ്പിറ്റൽ മാർക്കറ്റ് ലിമിറ്റഡ് ചെയർമാനായിരുന്നു. 1993 മുതൽ 1995 വരെ കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

സാമ്പത്തിക അവലോകനങ്ങൾ, വിശകലനങ്ങൾ, സ്റ്റോക്ക് മാർക്കറ്റ് വിശകലനങ്ങൾ എന്നിവയിൽ പ്രഗത്ഭനാണ്. 1985 മുതൽ ലിയോ ഫാർമ ഗ്രൂപ്പിന്റെ വൈസ് ചെയർമാനായിരുന്നു. ഉന്നതവിജയം നേടിയശേഷം യുണൈറ്റഡ് നേഷൻസുമായി സഹകരിക്കുകയും ജനീവയിലെ ഇന്റർനാഷണൽ ലേബർ ഓഫീസിൽ ഏഴുവർഷക്കാലം സേവനമനുഷ്ഠിക്കുകയും ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് ബോട്സ്വാനയിലെ ഡിപ്പാർട്ടുമെന്റ് ഓഫ് കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിലും ടാൻസാനിയയിലും പ്രവർത്തിച്ചു.

അക്കൗണ്ടൻസി ട്രെയിനിംഗിൽ ഇന്ത്യയിൽതന്നെ മികച്ച നേതൃപാടവമുള്ള അനന്തരാമൻ തൃശൂർ സെന്റ് തോമസ് കോളജിൽനിന്നാണ് ബികോം ബിരുദം നേടിയത്. തുടർന്ന് ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ നിന്ന് എഫ്സിഎ നേടി. കാലിക്കട്ട് യൂണിവേഴ്സിറ്റിയിലും ചില സാമ്പത്തിക മാനേജ്മെന്റ് സ്‌ഥാപനങ്ങളിലും വിസിറ്റിംഗ് ഫാക്കൽട്ടിയായിരുന്നു.

സ്റ്റോക്ക് ബിസിനസിൽ പങ്കാളിയായ ഗിരിജയാണ് ഭാര്യ. രണ്ടു പെൺമക്കൾ. ഇരുവരും അമേരിക്കയിലാണ്. ധനലക്ഷ്മി ബാങ്കിന്റെ എംഡി ആയിരുന്ന ടി.എസ്.പട്ടാഭിരാമൻ സഹോദരനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.