കറൻസിയില്ലാ രാജ്യമാകാൻ ആധാറിനെ കൂട്ടുപിടിക്കും
കറൻസിയില്ലാ രാജ്യമാകാൻ ആധാറിനെ കൂട്ടുപിടിക്കും
Thursday, December 1, 2016 1:21 PM IST
ന്യൂഡൽഹി: രാജ്യത്ത് കറൻസിരഹിത പണമിടപാടുകൾ അവസാനിപ്പിച്ച് ഡിജിറ്റൽ ഉപയോഗം വർധിപ്പിക്കാൻ സർക്കാർ നീക്കം. ഇതിനായി 12 അക്ക ആധാർ നമ്പർ മാത്രം മതി. പണമിടപാടുകൾക്ക് ആധാർ മാത്രം മതിയെന്ന നിലപാടിലേക്കാണ് സർക്കാർ നീങ്ങുന്നത്. വൈകാതെ ഇതു പ്രാബല്യത്തിൽ വന്നേക്കും.

ആധാർ അധിഷ്ഠിതമായ ഇടപാടുകൾക്ക് കാർഡോ പിൻ നമ്പരോ ആവശ്യമില്ല. ആൻഡ്രോയിഡ് ഫോൺ ഉള്ളവർക്ക് ഡിജിറ്റൽ ഇടപാടു നടത്താം. ഇതിന് ആധാർ നമ്പറും വിരലടയാളവും മതിയെന്ന് യുഐഡിഎഐ ഡയറക്ടർ ജനറൽ ഏജയ് പാണ്ഡെ പറഞ്ഞു.

പദ്ധതി ആവിഷ്കരിക്കാനായി മൊബൈൽ നിർമാതാക്കൾ, കച്ചവടക്കാർ, ബാങ്ക് അധികൃതർ എന്നിവരുമായി സർക്കാർ ചർച്ച നടത്തുന്നുണ്ട്. കൂടാതെ പദ്ധതി നടത്തിപ്പിനായി വിവിധ മേഖലകളിൽനിന്ന് നിർദേശങ്ങളും സർക്കാർ ആരായുന്നുണ്ട്.


ആധാറുമായി ബന്ധിപ്പിച്ച പണമിടപാടുകൾക്ക് ഫോണുകളിൽ ഇൻബിൽറ്റായി കൃഷ്ണമണി/വിരലടയാളം സ്കാനിംഗ് സംവിധാനം ചേർക്കാനാണ് മൊബൈൽ നിർമാതാക്കളുമായി ചർച്ച നടത്തിയത്. ഇന്ത്യയിൽ നിർമിക്കുന്ന സ്മാർട്ട് ഫോണുകൾക്ക് ഇതു നിർബന്ധമാണെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.

നവംബർ എട്ടിലെ കറൻസി റദ്ദാക്കൽ പ്രഖ്യാപനത്തിനുശേഷം ഈ മാസം 30 വരെ ഡിജിറ്റൽ ഇടപാടുകൾക്ക് അധികചാർജ് ഈടാക്കരുതെന്ന് സർക്കാർ നിർദേശിച്ചിരുന്നു. എങ്കിലും കച്ചവടക്കാർ രണ്ടു ശതമാനം അധിക ചാർജ് ഈടാക്കുന്നുണ്ടെന്നാണു വിവരം. ഈ മാസം അവസാനത്തോടെ പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.