അഴകും കരുത്തും സംയോജിപ്പിച്ച് സിയാസ്
അഴകും കരുത്തും സംയോജിപ്പിച്ച് സിയാസ്
Saturday, December 3, 2016 2:49 PM IST
ഒരു വാഹനം വാങ്ങുന്നതിനു മുമ്പുതന്നെ വിൽക്കുന്ന കാര്യത്തെക്കുറിച്ച് വേവലാതിപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. റീസെയിൽ വാല്യു, മൈലേജ് എന്നിവയാണ് ഒരു വാഹനം തെരഞ്ഞെടുക്കുമ്പോൾ പ്രധാനമായും ഉറപ്പുവരുത്തുന്ന ഘടകങ്ങൾ. യാത്രാസുഖം, പെർഫോമൻസ് തുടങ്ങിയവയ്ക്കു പലപ്പോഴും കുറഞ്ഞ പരിഗണനയാണ് നല്കിവരുന്നത്.

ഇത്തരക്കാരുടെ ചിന്തകൾ അവസാനിക്കുന്നത് പലപ്പോഴും മാരുതിയിലാണ്. നാളിതുവരെ ഈ വിശ്വാസത്തിന് വീഴ്ച വരുത്താതിരിക്കാൻ മാരുതിക്കായിട്ടുണ്ട്. ഈ വിശ്വാസത്തിനു കൂടുതൽ കരുത്തു പകർന്ന് മാരുതിയിൽനിന്നു പുറത്തിറങ്ങിയിട്ടുള്ള സുപ്രധാന മോഡലാണ് സിയാസ്. ആളുകളെ സിയാസിലേക്ക് ആകർഷിക്കുന്നത് സ്റ്റൈലും പെർഫോമൻസുമാണ്. ഹ്യൂണ്ടായി വെർണ, ഹോണ്ട സിറ്റി, ഫോർഡ് ഫിയസ്റ്റ എന്നിവ അരങ്ങുവാഴുന്ന കാലത്താണ് ഇവരെ വെല്ലുവിളിക്കാൻ മാരുതിയിൽനിന്ന് ഒരു സെഡാൻ വരുന്നത്. എതിരാളികളേക്കാൾ ഒട്ടും കുറവു വരാതെയാണ് സിയസ് നിരത്തിലെത്തിയത്. അതുകൊണ്ടുതന്നെ ചുരുങ്ങിയ കാലയളവിൽ ഒരു ലക്ഷം കാർ എന്ന വലിയ നേട്ടം സിയാസ് സ്വന്തമാക്കി. ഈ വിജയത്തിനു പിന്നാലെയാണ് ഇന്ധനക്ഷമത പിന്നെയും കൂട്ടാനുതകുന്ന എസ്എച്ച്വിഎസ് (സ്മാർട്ട് ഹൈബ്രിഡ് വെഹിക്കിൾ) സാങ്കേതിക വിദ്യയുമായി സിയാസ് വീണ്ടും താരമാകുന്നത്. സിയാസിന്റെ വിശേഷങ്ങളിലൂടെ...

മാരുതിയുടെ സെഡാൻ മോഡലായിരുന്ന എസ്എക്സ്4 പിൻവലിച്ചതിനെത്തുടർന്ന് പുറത്തിറക്കിയ, അഴകും കരുത്തും സംയോജിപ്പിച്ച മോഡലാണ് സിയാസ്. പ്രതീക്ഷിക്കാത്ത തരത്തിലുള്ള രൂപകല്പനയുമായാണ് സിയാസ് എത്തിയത്. പ്രതീക്ഷകൾക്കപ്പുറം എന്ന വിശേഷണമാകും ഏറ്റവും യോജിക്കുക. ക്രോം ഫിനീഷിംഗ് ഉള്ള ഫോർ സ്ലാറ്റ് ഗ്രില്ലിൽ സുസുകിയുടെ ചിഹ്നം പതിച്ചിരിക്കുന്നതാണ് സിയാസിന്റെ മുഖ്യ ആകർഷണം. ഇതിനു പുറമേ പെട്ടെന്ന് ശ്രദ്ധയാകർഷിക്കുന്ന എൽഇഡി പ്രൊജക്ഷൻ ഹെഡ്ലാമ്പുകളും ബംപറിന്റെ താഴെ വശങ്ങളിലായി നല്കിയിരിക്കുന്ന ഫോഗ് ലാമ്പും ചെറിയ എയർ ഡാമുകളും ചേർന്ന് മുഖത്തിന്റെ ഭംഗികൂട്ടുന്നു.

വശങ്ങളിലെ ക്രോം പ്ലേറ്റഡ് ഡോർ ഹാൻഡിലും ക്രോം ഡോർ ലൈനുകളും ബ്ലാക് ഷേഡ് ബി പില്ലറുകളും വാഹനത്തിന്റെ മുഖ്യ ആകർഷണങ്ങളാണ്.

4490 എംഎം നീളവും 1730 എംഎം വീതിയും 1485 എംഎം ഉയരവുമുള്ള സിയാസിന്റെ ടോപ്പ് എൻഡ് മോഡലിന് 16 ഇഞ്ച് അലോയിയും മറ്റു മോഡലുകൾക്ക് 15 ഇഞ്ച് അലോയിയും നല്കിയിട്ടുണ്ട്.

പിൻഭാഗത്തിന് പുതിയ ഹോണ്ട സിറ്റിയുമായി നേരിയ സാമ്യമുണ്ട്. ഹാച്ച്ഡോറിലും ബോഡിയിലുമായി നല്കിയിരിക്കുന്ന ടെയിൽ ലാമ്പുകളും നമ്പർ പ്ലേറ്റിന്റെ മുകളിലുള്ള ക്രോം സ്ട്രിപ്പും പിൻഭാഗം മനോഹരമാക്കുന്നു. ഇതിനു പുറമെ റിയർ ബംപറിന്റെ താഴെ കറുത്ത പ്ലാസ്റ്റിക് സ്ലോട്ടുകളിൽ റിഫ്ളക്ടറുകൾ നല്കിയിരിക്കുന്നത് വാഹനത്തിന് സ്പോർട്ടി ലുക്ക് പകരുന്നുണ്ട്.


ഉൾവശം: ഡുവൽ ടോൺ കളറിൽ രൂപകല്പന ചെയ്ത ഇന്റീരിയറാണ് സിയാസിനുള്ളത്. ഡാഷ്ബോർഡിൽനിന്നു തുടങ്ങിയാൽ അപ്പർ പോർഷൻ ബ്ലാക്കും ലോവർ പോർഷൻ വൈറ്റും കളറിലുള്ള സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്കിലാണ് ഡാഷ്ബോർഡ് തീർത്തിരിക്കുന്നത്. ചതുരാകൃതിയിലുള്ള എസി വെന്റുകൾ ഡാഷിന്റെ മുകൾഭാഗത്താണ്. താഴ്ഭാഗത്താണ് സെന്റർ കൺസോൾ. ജിപിഎസ്, റിവേഴ്സ് കാമറ സ്ക്രീനും എസ്ഡി കാർഡ്, യുഎസ്ബി, ഓക്സിലറി, ഐ പോഡ് എന്നീ സൗകര്യങ്ങളുള്ള സ്മാർട്ട് പ്ലേ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് സെന്റർ കൺസോളിന്റെ മുഖ്യ ആകർഷണം.

സിസ്റ്റത്തിനു താഴെ ക്ലൈമറ്റ് കൺട്രോൾ യൂണിറ്റുണ്ടെങ്കിലും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ യൂണിറ്റിന്റെ അഭാവം ഇവിടെ നിഴലിക്കുന്നുണ്ട്. ഇതിനു താഴെ യുഎസ്ബി സ്ലോട്ടും ഗ്ലോ ബോക്സും ഒരുക്കിയിരിക്കുന്നു.

സ്പീഡ്, ആർപിഎം എന്നിവ കാണിക്കുന്ന വലിയ രണ്ട് അനലോഗ് മീറ്ററും ടെംപറേച്ചർ, ഫ്യൂവൽ എന്നിവ കാണിക്കുന്ന രണ്ട് ചെറിയ മീറ്ററും ഒരു ചെറിയ ഡിജിറ്റൽ ഇൻഫർമേഷൻ ഡിസ്പ്ലേയുമടങ്ങിയതാണ് മീറ്റർ കൺസോൾ.
സ്റ്റിയറിംഗിന്റെ ലെഫ്റ്റ് ഹാൻഡ് സ്പോർക്കിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നിയന്ത്രിക്കാനുള്ള സ്വിച്ചുകളും സ്റ്റിയറിംഗ് വീലിന്റെ താഴെ വോയിസ് കമാൻഡ് സ്വിച്ചുകളും നല്കിയിട്ടുണ്ട്. താരതമ്യേന ചെറിയ സ്റ്റിയറിംഗ് വീലാണു സിയാസിന്റേത്. അഞ്ച് ആളുകൾക്ക് വിശാലമായി യാത്ര ചെയ്യാവുന്ന വലിയ സീറ്റുകളാണ് ഇതിലുള്ളത്. കൂടാതെ, 510 ലിറ്റർ ബൂട്ട് സ്പേസും നല്കിയിട്ടുണ്ട്.

സുരക്ഷ: ടോപ്പ് എൻഡ് മോഡലിൽ ഡുവൽ എയർ ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിംഗ് സംവിധാനം, റിയർ ഡി ഫോഗർ ലൈൻസ്, റിവേഴ്സ് സെൻസർ എന്നിവ സജ്‌ജീകരിച്ചിട്ടുണ്ട്.

എൻജിൻ: 1.4 ലിറ്റർ പെട്രോൾ എൻജിൻ, 1.3 ലിറ്റർ ഡീസൽ എൻജിൻ. 1372 സിസി പെട്രോൾ എൻജിൽ 130 എൻഎം ടോർക്കിൽ 91 പിഎസ് പവറും, 1248 സിസി ഡീസൽ എൻജിൻ 200 എൻഎം ടോർക്കിൽ 89 പിഎസ് പവറും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാന്വൽ ഗിയർ ബോക്സിലും, നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സിലും സിയാസ് എത്തിയിട്ടുണ്ട്.

മൈലേജ്: പെട്രോൾ മാന്വൽ മോഡലിന് 20.73 കിലോമീറ്ററും ഓട്ടോമാറ്റികിന് 19.12 കിലോമീററും മൈലേജ് നല്കുമ്പോൾ എസ്എച്ച് വിസ് ടെക്നോളജിയുടെ പിൻബലത്തിൽ ഡീസലിൽ 28.09 കിലോമീറ്റർ മൈലേജാണ് സീയാസിന് ഉറപ്പു നല്കുന്നത്.

വില: സിയാസ് പെട്രോൾ മോഡലിന് 8.9 ലക്ഷം മുതൽ 12.54 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 9.80 ലക്ഷം മുതൽ 12.35 ലക്ഷം രൂപ വരെയുമാണ് കോട്ടയത്തെ ഓൺറോഡ് വില.

ടെസ്റ്റ് ഡ്രൈവ്: എവിജി മോട്ടോഴ്സ്, കോട്ടയം ഫോൺ: 9447035099

അജിത് ടോം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.