ക്രിസ്മസിനെ വരവേൽക്കാൻ വണ്ടർലായിൽ പുതിയ റൈഡുകൾ
ക്രിസ്മസിനെ വരവേൽക്കാൻ വണ്ടർലായിൽ പുതിയ റൈഡുകൾ
Tuesday, December 6, 2016 1:30 PM IST
കൊച്ചി: ക്രിസ്മസ് അവധി ദിവസങ്ങൾ കൂടുതൽ ആഘോഷമാക്കാൻ വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിൽ പുതിയ രണ്ടു സാഹസിക റൈഡുകൾ ആരംഭിച്ചു. ഉദ്ഘാടനം ഇന്നലെ വണ്ടർലായിൽ നടന്ന ചടങ്ങിൽ നടി നവ്യ നായർ നിർവഹിച്ചു. സാധാരണക്കാർക്കുള്ള വിനോദമാർഗങ്ങളാണ് അമ്യൂസ്മെന്റ് പാർക്കുകളും സിനിമകളുമെന്നു നവ്യ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. പുതുവർഷത്തെയും ക്രിസ്മസിനെയും എതിരേൽക്കാൻ നാടെങ്ങും ഒരുങ്ങുന്ന സമയത്ത് ഈ റൈഡുകൾ സന്ദർശകർക്കായി ഒരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വണ്ടർലാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

ഇക്വിനോക്സ് 360, ഫ്ളാഷ് ടവർ എന്നിവയാണ് സന്ദർശകർക്കായുള്ള പുതിയ റൈഡുകൾ. 37 മീറ്റർ ഉയരത്തിലേക്ക് 12 പേരെ വഹിച്ച് വളരെ വേഗത്തിൽ ഉയർന്നുതാഴുന്നുന്ന രീതിയിലാണ് ഫ്ളാഷ് ടവറിന്റെ പ്രവർത്തനം. 24 പേരടങ്ങുന്ന ഗ്രൂപ്പിനെ 20 മീറ്റർ ഉയരത്തിൽ ഒരു മിനിട്ടിൽ പത്തു തവണ ചുഴറ്റുന്ന രീതിയിലാണ് ഇക്വിനോക്സ് 360 സജീകരിച്ചിരിക്കുന്നത്.


വണ്ടർലായിൽ 10 ദിവസം നീളുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ 24 മുതൽ ആരംഭിക്കും. വണ്ടർ ലാ വൈസ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, കൊച്ചി വണ്ടർലാ ചെയർമാൻ ജോർജ് ജോസഫ്, സിഇഒ ദിപീന്ദർ സിംഗ് സച്ച്ദേവാ, പാർക്ക് ഹെഡ് എം.എ. രവികുമാർ, വി സ്റ്റാർ മാനേജിംഗ് ഡയറക്ടർ ഷീലാ കൊച്ചൗസേപ്പ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.